ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരെ തേടി വീണ്ടും കോടികളുടെ ഭാഗ്യം. ഇത്തവണ നൈജീരിയയിൽ താമസമാക്കിയ ഇന്ത്യക്കാരനാണ് നറുക്കെടുപ്പിൽ കോടികളുടെ ഭാഗ്യം ഉണ്ടായത്. നൈജീരിയയിൽ താമസിക്കുന്ന മുംബൈ സ്വദേശി രാഹുൽ ജുൽക്ക(53)യ്ക്കാണ് ഇന്നു നടന്ന നറുക്കെടുപ്പിൽ ഏഴ് കോടിയിലേറെ രൂപ (10ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്.

നൈജീരിയയിൽ താമസമാക്കിയ ഈ ഇന്ത്യക്കാരനെ ഭാഗ്യ ദേവത കടാക്ഷിക്കുക ആയിരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 177-ാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് രാഹുൽ ജുൽക്ക. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പിൽ മലയാളിയായ നൗഷാദ് തായക്കണ്ടോത്തി (37)ന് ബിഎംഡബ്ല്യു എഫ് 900 എക്‌സ് ആർ ആഡംബര മോട്ടോർ ബൈക്ക് സമ്മാനം ലഭിച്ചു.

പോർട് ഹാർകോർടിൽ താമസക്കാരനായ രാഹുൽ കഴിഞ്ഞ 14 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുത്തുവരുന്നു. 2009 ൽ നൈജീരിയയിലേക്ക് പോകുന്നതിന് മുൻപ് ദുബായിലായിരുന്നു താമസം. എന്നെങ്കിലുമൊരിക്കൽ ഭാഗ്യം തേടിയെത്തുമെന്ന പൂർണവിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബാധ്യതകളുള്ളത് തീർക്കണം. കുറച്ച് പണം റിട്ടയർമെന്റ് ജീവിതത്തിന് നീക്കിവയ്ക്കണം. പിന്നെ, രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും ചെലവഴിക്കണംരാഹുൽ വ്യക്തമാക്കി.