കലവൂർ: മധുവിധുവിന്റെ മണം മാറും മുന്നേ ഈ ലോകത്തോട് വിടപറഞ്ഞ് അഖിൽ യാത്രയായി. സ്‌നേഹിച്ചു താലികെട്ടി സ്വന്തമാക്കിയ കാർത്തികയോട് അവസാനമായി ഒരു വാക്കു പോലും പറയാതെ അഖിൽ യാത്രയാവുമ്പോൾ പ്രിയതമന്റെ വിയോഗമറിയാതെ ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിടുകയാണ് കാർത്തിക. കഴിഞ്ഞ ഞായറാഴ്ച രാത്രി കൊല്ലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണഞ്ചേരി മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് കാർത്തികയിൽ അഖിൽ കെ.കുറുപ്പാണ്(28) മരിച്ചത്.

അഖിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യ കാർത്തിക ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്. വീട്ടുമുറ്റത്ത് അഖിലിന്റെ ചിത എരിഞ്ഞപ്പോഴും പ്രിയതമൻ തനിക്കൊപ്പമുണ്ടെന്ന പ്രതീക്ഷയിലാണ് കാർത്തിക. കൊല്ലത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖിൽ മണ്ണഞ്ചേരിയിലെ വീട്ടിൽ നിന്ന് ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം. കൊല്ലം ബൈപാസിന് സമീപം എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

മൂന്ന് മാസം മുൻപാണ് അഖിലും കാർത്തികയും വിവാഹിതരായത്. മധുവിധുവിന്റെ നല്ല നാളുകൾ അവസാനിക്കും മുന്നേ വിധി അഖിലിനെ തട്ടി എടുക്കുക ആയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കാർത്തികയുമായി പ്രണയത്തിലായ അഖിൽ പിന്നീട് ഇരുവീട്ടുകാരുടെയും സഹകരണത്തോടെയാണ് വിവാഹിതനായത്. കൊല്ലത്തെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ അഖിൽ ഭാര്യ കാർത്തികയോടൊപ്പം ബൈക്കിൽ പോകവേ ടിപ്പർ ലോറിയിടിച്ചാണ് അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച അവധിക്ക് മണ്ണഞ്ചേരിയിലെ വീട്ടിൽ എത്തിയശേഷം രാത്രി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. കൊല്ലം ബൈപാസിന് സമീപം രാത്രി 9.45നുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ അഖിൽ പിന്നീട് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ കാർത്തികയ്ക്ക് കാലിനും തലയ്ക്കുമാണ് പരുക്ക്.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കാർത്തിക അഖിലിന്റെ വിയോഗം അറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി അഖിലിന്റെ സംസ്‌കാരം വീട്ടിൽ നടക്കുമ്പോഴും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കാർത്തിക അഖിൽ അടുത്തുണ്ടെന്ന വിശ്വാസത്തിലാണ്.