ഡൽഹി: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി തപ്സി പന്നു തുടങ്ങിയവർക്കെതിരായ റെയ്ഡുകളിൽ കോടികളുടെ ക്രമക്കേട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ഇരുവരുടേയും വീട് ഓഫിസ് പ്രൊഡക്ഷൻ ഹൗസ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് കോടികളുടെ തിരിമറി കണ്ടെത്തിയത്. ഇതുവരെ നടത്തിയ റെയ്ഡുകളിൽ തപ്സി പന്നു 5 കോടി രൂപയടച്ചതിന്റെ രസീതും അനുരാഗ് കശ്യപിന്റെ മുൻ പ്രൊഡക്ഷൻ ഹൗസിൽ 300 കോടി രൂപയുടെ ക്രമക്കേട് നടന്നതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

തപ്‌സിയുടെ വീട്, ഓഫിസ്, അനുരാഗ് കശ്യപിന്റെ പ്രൊഡക്ഷൻ ഹൗസ് ഫാന്റം ഫിലിംസ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച റെയ്ഡ് ആരംഭിച്ചത്. ഫാന്റം ഫിലിംസിനെതിരായ നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലെയും പുണെയിലെയും 28 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. വിവിധ സ്ഥലങ്ങളിൽനിന്ന് വാട്‌സാപ് ചാറ്റ്, ഇമെയിൽ, രേഖകൾ, കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. പുണെയിൽ വച്ച് തപ്‌സിയേയും അനുരാഗ് കശ്യപിനെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇരുവരും ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

മുംബൈയിലും പൂണെയിലുമായി നടന്ന റെയ്ഡിൽ റിലയൻസ് എന്റർടൈന്മെന്റ് ഗ്രൂപ്പ് സിഇഒ ഷിഭാഷിഷ് സർക്കാർ, സെലിബ്രിറ്റി ടാലന്റ് മാനേജ്മെന്റ് കമ്പനികളായ ക്വാൺ, എക്സിഡ് എന്നിവയുടെ ചില എക്‌സിക്യൂട്ടീവുകൾ, ഫാന്റം ഫിലിംസിലെ ചില ജീവനക്കാർ, പ്രൊമോട്ടർമാർ സംവിധായകനും നിർമ്മാതാവുമായ വിക്രമാദിത്യ മോട്വാനെ, നിർമ്മാതാവ് വികാസ് ബഹൽ, നിർമ്മാതാവും വിതരണക്കാരനുമായ മധു മന്തേന എന്നിവരും ഉൾപ്പെടും.

തപ്‌സി പന്നു 5 കോടി രൂപ പണമടച്ചതിന്റെ രസീത് കണ്ടെടുത്തു. ബോക്‌സ് ഓഫിസ് കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കാൻ ഫാന്റം ഫിലിംസ് കമ്പനി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. 2018ൽ ഫാന്റം ഫിലിംസ് അടച്ചുപൂട്ടിയിരുന്നു.

അനുരാഗ് കശ്യപും തപ്സി പന്നുവും കേന്ദ്ര സർക്കാരിനെ പരസ്യമായി വിമർശിക്കുന്നവരാണ്. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ റെയ്ഡ് നടത്തിയതിനെ വിമർശിച്ച് രംഗത്തെത്തി.