യാങ്കൂൺ: പട്ടാളം അട്ടിമറിയിലൂടെ ഭരണം പിടിച്ച മ്യാന്മറിൽ സൈന്യം തെരുവുകളിൽ അഴിഞ്ഞാടുന്നു. മുന്നറിയിപ്പു പോലുമില്ലാതെ തൊട്ടടുത്തു നിന്ന് ജനാധിപത്യ പ്രക്ഷോഭകരെ വെടിവയ്ക്കുന്ന രീതിയാണ് പൊലീസും പട്ടാളവും പ്രയോഗിക്കുന്നത്. ജനാധിപത്യ അനുകൂല പ്രക്ഷോഭകനെ സൈന്യം നടത്തിയ രക്തരൂക്ഷിതമായ ആക്രമണത്തിനിടയിൽ പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 'ഞാൻ കാണുന്നവരെ വെടിവെച്ചുകൊല്ലും' എന്ന് ആക്രോശിച്ചാണ് സൈനികർ വെടിയുതിർക്കുന്നത്.

ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിക്ക് ശേഷം അമ്പതിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിഷേധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് അഞ്ച് കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 500 പേരെ ഏകപക്ഷീയമായി തടങ്കലിൽ വയ്ക്കുകയും ചെയ്തു.

പ്രതിഷേധക്കാരെ അക്രമത്തിന് ഇരയാക്കിയ 800 ലധികം സൈനിക അനുകൂല വീഡിയോകൾ കണ്ടെത്തിയതായി മ്യാന്മർ ഐസിടി ഫോർ ഡവലപ്മെന്റ് വ്യക്തമാക്കുന്നു. 'ഞാൻ നിങ്ങളുടെ മുഖത്ത് വെടിവയ്ക്കും ... ഞാൻ യഥാർത്ഥ ബുള്ളറ്റുകൾ ഉപയോഗിക്കുന്നു.' 'ഞാൻ ഇന്ന് രാത്രി മുഴുവൻ നഗരത്തിലും പട്രോളിങ് നടത്തുകയാണ്, ഞാൻ കാണുന്നവരെ വെടിവയ്ക്കും ... നിങ്ങൾക്ക് രക്തസാക്ഷിയാകണമെങ്കിൽ ഞാൻ നിങ്ങളുടെ ആഗ്രഹം നിറവേറ്റും', സൈനികൻ പറയുന്നു.

ജനാധിപത്യ പ്രക്ഷോഭകർക്കു നേരെ ബുധനാഴ്ച പൊലീസും പട്ടാളവും നടത്തിയ വെടിവയ്പിൽ 38 പേർ കൊല്ലപ്പെട്ട. ഒരു മാസം പിന്നിട്ട ജനാധിപത്യ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിത ദിനം. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് 54 ആയി. 2003 ൽ സൂ ചിയുടെ അനുയായികളായ 70 പേർ വധിക്കപ്പെട്ട ശേഷം ഇത്രയധികം പേർ കൊല്ലപ്പെടുന്നത് ആദ്യമാണ്. പട്ടാള ഭരണകൂടത്തിനെതിരെ ഉപരോധവും മറ്റു നടപടികളും കടുപ്പിക്കാൻ യുഎസും പാശ്ചാത്യരാജ്യങ്ങളും ഒരുങ്ങുകയാണ്. ചർച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു.

ഇതേസമയം, മേലധികാരികളുടെ ജനാധിപത്യവിരുദ്ധ ഉത്തരവുകൾ അനുസരിക്കാൻ മടിച്ച് 19 പൊലീസുകാർ ഇന്ത്യയുടെ അതിർത്തി കടന്ന് മിസോറമിൽ അഭയം തേടി. കൂടുതൽ പേർ എത്തിയേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസം ഒന്നിന് തടങ്കലിലായശേഷം ആദ്യമായി ജനാധിപത്യ നേതാവ് ഓങ് സാൻ സൂ ചിയുടെ മുഖം ഇന്നലെ ടിവി സ്ക്രീനിൽ കണ്ടു. കോടതിയിൽ വിഡിയോ വഴി ഹാജരായപ്പോഴായിരുന്നു അത്.