ദോഹ: വെള്ളിയാഴ്ച മുതൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ദിശയിൽനിന്ന് തെക്ക് പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് വീശുന്നതിനാൽ അന്തരീക്ഷ താപനില കുറയാനിടയുണ്ട്. വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റിന് ദിശമാറ്റം സംഭവിക്കും. 14 മുതൽ 24 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കും. ചിലയിടങ്ങളിൽ 30 നോട്ടിക്കൽ മൈൽ വേഗം പ്രാപിക്കാനിടയുണ്ട്. ആറടി മുതൽ 10 അടി വരെ തിരമാലയടിക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ചിലയിടങ്ങളിൽ 13 അടി ഉയരത്തിൽ വരെ തിരമാലയടിക്കും.

പകൽ സമയങ്ങളിൽ കാറ്റ് മൂലം തുറസ്സായ സ്ഥലങ്ങളിലുൾപ്പെടെ ശക്തമായ പൊടിപടലമുയരും. വെള്ളിയാഴ്ച രാത്രി മുതൽ അന്തരീക്ഷ താപനിലയിൽ കുറവ് അനുഭവപ്പെടും. കുറഞ്ഞ താപനില 1-18 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടിയ താപനില 21 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രിക്കും ഇടയിലായിരിക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.