കാസർകോട്: ഫാസ്ടാഗ് സംവിധാനം സ്വീകരിക്കാത്തതിനാൽ കെഎസ്ആർടിസി പിഴയിനത്തിൽ നൽകുന്നത് ലക്ഷങ്ങൾ. കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകൾക്കു ഫാസ്ടാഗ് സംവിധാനം സ്വീകരിക്കാത്തതിനാലാണ് ലക്ഷങ്ങൾ പിഴയിനത്തിൽ നൽകേണ്ടി വരുന്നത്. കേരളകർണാടക അതിർത്തിയിലെ തലപ്പാടി ടോൾ പ്ലാസ വഴി കാസർകോട് ഡിപ്പോയിൽ നിന്നുള്ള 23 ബസുകളാണു സർവീസ് നടത്തുന്നത്. കഴിഞ്ഞ 17 ദിവസത്തിനകം ടോൾ പ്ലാസയിൽ 618800 രൂപയാണ് കാസർകോട് ഡിപ്പോയിലെ ബസുകളിൽ നിന്നു മുഖേന നിന്നു മാത്രം നാഷനൽ ഹൈവേ അഥോറിറ്റിക്കു ലഭിച്ചത്.

ഇതു വഴി കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ 1, പയ്യന്നൂർ 2, തലശ്ശേരി 5, കണ്ണൂർ 2 ഉൾപ്പെടെ 33 ബസുകൾ 98 ട്രിപ്പ് സർവീസ് ഉണ്ട്. 15 മുതലാണ് ഫാസ്ടാഗ് ഇല്ലാതെ തലപ്പാടി ടോൾ പ്ലാസ വഴി കേരള ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകൾ സർവീസ് നടത്താൻ തുടങ്ങിയത്. നിത്യ ചെലവുകൾ പോലും വഹിക്കാൻ സാമ്പത്തിക ഞെരുക്കം തുടരുമ്പോഴാണ് ഇരട്ടിയിലേറെ തുക പിഴ നൽകി പണം പാഴാക്കുന്നത്. ഫാസ്ടാഗ് ഉണ്ടായിരുന്നെങ്കിൽ 261800 രൂപ മതി. 357000 രൂപയാണ് അധികം പിഴയായി അടച്ചത്. ഈ അന്തർ സംസ്ഥാന ബസുകൾക്കു മാത്രം പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി ചെയ്തു പുതിയ ഫാസ്ടാഗ് എടുത്തിരുന്നെങ്കിൽ 23 ബസുകൾക്കു 4600 രൂപയ്ക്ക് ഫാസ്ടാഗ് സ്റ്റിക്കർ ലഭിക്കുമായിരുന്നു. അന്നു 2 ദിവസത്തിനകം ഈ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കുറയ്ക്കാമായിരുന്നു.

കേരളത്തിൽ കെഎസ്ആർടിസിക്കു ടോൾ പിരിവ് ഇല്ല. കർണാടകയിൽ നിന്നു കേരളത്തിലെത്തുന്ന ബസുകൾ ഫാസ്ടാഗ് സംവിധാനത്തിലൂടെയാണ് തലപ്പാടി ടോൾ പ്ലാസ വഴി കടന്നു പോകുന്നത്. കേരള ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകൾക്കു ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ സാമ്പത്തിക നഷ്ടം പിന്നെയും കൂടും. കോർപറേഷൻ മേലധികാരികളുടെ ഭാഗത്തുണ്ടായ അനാസ്ഥയാണ് ഇതിനു കാരണമെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.3 ട്രിപ്പ് സർവീസ് നടത്തുന്ന 1 ബസിനു 780 രൂപയാണ് ഫാസ്റ്റ് ടാഗ് സംവിധാനത്തിൽ ടോൾ നൽകേണ്ടത്. എന്നാൽ ഫാസ്റ്റ് ടാഗ് ലിങ്ക് ചെയ്യാത്തതിനാൽ 3 റൗണ്ട് ട്രിപ്പിനു ഒരു ബസിന് 1560 രൂപ വീതം ടോൾ നൽകണം.