- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
6000 ൽ താഴെ രോഗികളും 236 മരണങ്ങളൂമായി ഒരു വെള്ളിയാഴ്ച്ച കൂടി കടന്നു പോയി; വാക്സിനേഷൻ ഡ്രൈവ് ബ്രിട്ടനെ കൊറോണയിൽ നിന്നും കാക്കുമെന്നുറപ്പായി; നിയന്ത്രണങ്ങൾ നേരത്തേ പിൻവലിച്ചേക്കും
ബ്രിട്ടന് ആശ്വാസം പകരുന്ന ഒരു വെള്ളിയാഴ്‌ച്ചയാണ്ഇന്നലെ കടന്നുപോയത്. ഇന്നലെ ഇവിടെ കേവലം 5,947 പേർക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോൽ 30 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മാത്രമല്ല, രോഗവ്യാപന നിരക്ക് 6000 ൽ താഴെയും എത്തിയിരിക്കുന്നു. അതേസമയം കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 33 ശതമാനം കുറഞ്ഞ് ഇന്നലത്തെ പ്രതിദിന മരണസംഖ്യ്യ 236 ൽ എത്തി.
രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും കുറയുന്നതിന്റെ വേഗതയും കുറയുന്നു എന്ന ഒരു ആശങ്ക നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ ഈ ആശങ്ക അസ്ഥാനത്താണെന്ന് തെളിയിച്ചു. സാമാന്യം ഭേദപ്പെട്ട വേഗതയിൽ തന്നെ രോഗവ്യാപനം കുറയുന്നു എന്നത് കൂടുതൽ ആശ്വാസം പകരുന്നു. മഹാവ്യാധിയുടെ ഇരുണ്ടനാളുകൾ അവസാനിച്ചു എന്നൊരു തോന്നൽ ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്.
കൊറോണയിൽ നിന്നും ബ്രിട്ടനെ രക്ഷിക്കാൻ വാക്സിന് കഴിയുമെന്ന വിശ്വാസം വന്നിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിൽ മാത്രമല്ല, രോഗബാധിതരുടെ രോഗാവസ്ഥ ഗുരുതരമാക്കി മരണത്തിലെത്തിക്കാതെ തടയുവാനും വാക്സിൻ പ്രാപ്തമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നതോടെ എൻ എച്ച് എസിനു മേലുള്ള സമ്മർദ്ദവും ഒഴിഞ്ഞിട്ടുണ്ട്. ഇതും, രോഗികൾക്ക് ആവശ്യമായ ശ്രദ്ധയും ശുശ്രൂഷയും ഉറപ്പാക്കാൻ സഹായിക്കുന്നു.
സ്ഥിതിഗതികൾ മെച്ചപ്പെടാൻ തുടങ്ങിയതോടെ പ്രഖ്യാപിച്ചതിലും നേരത്തേ നിയന്ത്രണങ്ങൾ നീക്കാൻ ഇടയുണ്ടെന്ന് പ്രമുഖ പകർച്ചവ്യാധി വിദഗ്ദൻ പ്രൊഫസർ ടിം സ്പെക്ടർ പറയുന്നു. സാധാരണ നിലയിൽ വളരെ കരുതലോടെ മാത്രംനിയന്ത്രണങ്ങൾ നീക്കുന്നതിന്റെ കുറിച്ച് സംസാരിക്കാറുള്ള, ശാസ്ത്രോപദേശക സമിതി അംഗം പ്രൊഫസർ ആൻഡ്രൂ ഹേവാർഡും പറയുന്നത് നമ്മൾ ഏറ്റവും മോശപ്പെട്ട കാലഘട്ടം തരണം ചെയ്തിരിക്കുന്നു എന്നാണ്. അതേസമയം ആർ നിരക്ക് ജനുവരിക്ക് ശേഷം ഇതാദ്യമായി വർദ്ധിച്ചു എന്നൊരു മുന്നറിയിപ്പ് സർക്കാരിന്റെ ഉപദേശക സമിതി നൽകുന്നു.
കഴിഞ്ഞയാഴ്‌ച്ച ആർ നിരക്ക് 0.6 വരെ എത്തിയിരുന്നു. എന്നാൽ ഇത് വർദ്ധിച്ച് 0.7 നും 0.9 നും ഇടയിൽ എത്തി എന്നാണ് ഇപ്പോൾ പറയുന്നത്. എന്നിരുന്നാലും ഇത് 1 എന്ന അക്കത്തിനു താഴെയായതിനാൽ രോഗവ്യാപനം കുറയുന്നു എന്നുതന്നെ ഉറപ്പാക്കാം. രോഗബാധയ്ക്ക് സാധ്യത കൂടുതലുള്ള വിഭാഗത്തിൽ പെട്ട 21.4 മില്ല്യൺ ബ്രിട്ടീഷുകാർക്ക് ഇതുവരെ വാക്സിന്റെ ആദ്യ ഡോസെങ്കിലും നൽകിക്കഴിഞ്ഞു. വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതുപോലെത്തന്നെ മുന്നോട്ടുപോകുന്നതും പ്രത്യാശ നൽകുന്നു.
അതിനിടെ, ബ്രസീലിയൻ വകഭേദം കണ്ടെത്തിയവരിൽ തിരിച്ചറിയാൻ കഴിയാതെ പോയ വ്യക്തിയെ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ക്രോയ്ഡോൺ നിവാസിയാണ് ഇയാൾ എന്നാണ് അറിയാൻ കഴിയുന്നത്. സാമ്പിൾ പരിശോധനയ്ക്ക് നൽകിയപ്പോൾ, ഇയാളുമായി ബന്ധപ്പെടാനുള്ള സുപ്രധാന വിവരങ്ങൾ നൽകാതിരുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. എന്നാൽ, ഇയാളെ കണ്ടെത്തുന്നതിൽ ഉണ്ടായ കാലതാമസം കാരണം എത്രപേരിലേക്ക് ഈ രോഗം അധികമായി പടര്ന്നു എന്നതിന്റെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് നൽകിയില്ല.
കോവിഡ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു എന്നത് ആശ്വാസകരമായ മറ്റൊരു കാര്യമാണ്. കോവിഡ് പരിശോധനക്ക് വിധേയരാക്കുന്നവരിൽ എത്രപേർക്ക് പോസിറ്റീവ് ആകുന്നു എന്നതാണ് ഈ പോസിറ്റിവിറ്റി നിരക്ക്. ഇത് എല്ലാ പ്രായക്കാരിലും ഒരുപോലെ കുറഞ്ഞുവരുന്നുണ്ട്. കിങ്സ് കോളേജിൽ നിന്നുള്ള കണക്കുകളും രോഗവ്യാപനം കുറയുന്നു എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. എല്ലാ പ്രായക്കാരിലും, കഴിഞ്ഞ ഏഴാഴ്‌ച്ച തുടർച്ചയായി രോഗവ്യാപനം കുറയുന്നു എന്നുതന്നെയാണ് എല്ലാ കണക്കുകളും സൂചിപ്പിക്കുന്നത്.
ശുഭസൂചകങ്ങളായ വാർത്തകൾ പുറത്തുവരുമ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പെട്ടെന്നുതന്നെ നീക്കം ചെയ്യുവാനുള്ള ആവശ്യം കൂടുതൽ ശക്തമാവുകയാണ്. എന്നാൽ, പെട്ടെന്നുള്ള നിയന്ത്രണ ഇളവ് സ്ഥിതിഗതികളെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ഈ രംഗത്തെ ചില മുന്നറിയിപ്പ് നൽകുന്നു. ഇതുവരെ കൈവരിച്ച നേട്ടങ്ങൾ ഇല്ലാതെയാക്കാൻ ഒരുപക്ഷെ ധൃതിപിടിച്ചുള്ള നടപടികൾ കാരണമായേക്കും. അതുകൊണ്ടുതന്നെ ബോറിസ് ജോൺസൺ ഈ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ ഇടയില്ല.