- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നികളും പട്ടികളും ചിതറി ഓടി; ശബ്ദം കേട്ട് ടോർച്ചടിച്ച് നോക്കിയപ്പോൾ പുലി
കിളിമാനൂർ: കാട്ടുപന്നികളും പട്ടികളും ചിതറി ഓടുന്ന ശബ്ദം കേട്ട് ടോർച്ചടിച്ച് നോക്കിയ സ്ത്രീ കണ്ടത് പുലിയെ. പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിൽ രണ്ടാം വാർഡിലെ പറയ്‌ക്കോട് പട്ടികജാതി കോളനിക്ക് സമീപമാണ് പുലിയെ കണ്ടത്. ബുധൻ രാത്രി 7.30 മണിയോടെ പറയ്‌ക്കോട് വിഷ്ണുഭവനിൽ എസ്.ഗിരിജ, സഹോദരി എസ്.മഞ്ജു, അയൽവാസി ലീല എന്നിവരാണ് പുലിയെ കണ്ടത്. പുലി റബർ പുരയിടത്തിൽ കൂടി ഓടി പോകുന്നതാണ് കണ്ടതെന്ന് കോളനി നിവാസികളായ സ്ത്രീകൾ പറഞ്ഞഉ.
കാട്ടുപന്നി ശല്യം അതിരൂക്ഷമായ പ്രദേശമാണ് പറയ്‌ക്കോട്. പുലിയെ കണ്ടതിനെക്കുറിച്ച് ഗിരിജ പറയുന്നത്: രാത്രി ഏഴരയോടെ കാട്ടുപന്നികളും പട്ടികളും ചിതറി ഓടുന്ന ശബ്ദം കേട്ടു. പിന്നാലെ ഏതോ ജീവിയുടെ ശബ്ദവും. ഇതോടെ ഭയന്നു പോയി. അടുത്തു താമസിക്കുന്ന സഹോദരി മഞ്ജുവിനെയും, അയൽവാസി ലീലയേയും വിളിച്ചു. ലൈറ്റ് അടിച്ചു നോക്കിയപ്പോഴാണ് വീടിനു താഴെ പുലി നിൽക്കുന്നത് കണ്ടത്. ലൈറ്റ് കണ്ണിൽ പതിച്ചതിനാലാവണം പുലി അനങ്ങാതെ ഏതാനും സെക്കൻഡുകൾ നിന്നു. ലൈറ്റ് ഓഫ് ചെയ്ത് വീണ്ടും അടിച്ചപ്പോൾ പുലി റബർ പുരയിടത്തിൽ കൂടി ഓടി പോകുന്നതാണ് കണ്ടത്.
ഇതേ തുടർന്ന് വിവരം മഞ്ജുവിന്റെ ഭർത്താവ് ബാബു കിളിമാനൂർ പൊലീസിൽ അറിയിച്ചതിനെത്തുടർന്നു പൊലീസ് രാത്രി സ്ഥലത്ത് പരിശോധന നടത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വനംവകുപ്പ് പാലോട് റേഞ്ച് ഓഫിസർ ആർ.അജിത്കുമാറിന്റെ നേതൃത്വത്തി്ൽ സംഘം സ്ഥലത്ത് പരിശോധന നടത്തി. കോളനിക്ക് സമീപത്ത് കൂടി ഒഴുകുന്ന ചിറ്റാറിന്റെ കരയിൽ മണലിൽ അവ്യക്തമായി കാണപ്പെട്ട കാല്പാട് പുലിയുടേതാണെന്നു ഉറപ്പിക്കാൻ വനം വകുപ്പിന് സാധിച്ചില്ല.
അതേ സമയം മൂന്നു പേർ കണ്ടതായി ഉറപ്പിച്ച് പറയുന്നതിനാൽ പുലി ഇറങ്ങി എന്നത് തള്ളിക്കളയുന്നുമില്ല. പ്രദേശത്ത് നീരീക്ഷണ ക്യാമറകൾ ഇന്നു സ്ഥാപിക്കും. ജനങ്ങൾ കർശനമായ ജാഗ്രത പുലർത്തണമെന്നും രാത്രി റബർ ടാപ്പിങ് ഒഴിവാക്കണമെന്നും വനംവകുപ്പ് നിർദേശിച്ചു.