ബ്രിട്ടൻ വിദേശയാത്രാ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഇതു പ്രകാരം, തിങ്കളാഴ്ച മുതൽ നിലവിൽ വരുന്ന ഈ പുതിയ നിയമപ്രകാരം നിങ്ങൾ, യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ ഒരു ഫോം പൂരിപ്പിച്ചു നൽകണം. നിങ്ങളുടെ യാത്രോദ്ദേശം അതിൽ വ്യക്തമാക്കിയിരിക്കണം. പിന്നീട് അനുമതി ലഭിച്ചാൽ മാത്രമേ നിങ്ങൾക്ക് പോകാൻ കഴിയൂ.

അനുമതിയില്ലാതെ യാത്ര ചെയ്യുവാനായി വിമാനത്താവളത്തിൽ എത്തിയാൽ, തിരികെ വീട്ടിലേക്ക് മടങ്ങേണ്ടി വരും എന്നുമാത്രമല്ല, 200 പൗണ്ട് പിഴയും ഒടുക്കേണ്ടിവരും. യാത്രോദ്ദേശം വെളിപ്പെടുത്തുമ്പോൾ ഏതെങ്കിലും കള്ളം എഴുതി രക്ഷപ്പെടാം എന്ന് വിചാരിക്കരുത്. നിങ്ങൾ കള്ളമാണ് എഴുതിയതെന്ന് തെളിഞ്ഞാൽ ഉടൻ കൈകളിൽ വിലങ്ങ് വീഴും.

ബിസിനസ്സ്, വിദ്യാഭ്യാസം, അതുപോലെ മറ്റു മാനുഷിക പരിഗണന അർഹിക്കുന്ന ചില കാര്യങ്ങൾ തുടങ്ങി അത്യാവശ്യ കാര്യങ്ങൾക്കായി മാത്രമാണ് ഇപ്പോൾ അനുമതി നൽകുന്നത്. മെയ്‌ 17 വരെ ഈ നിയന്ത്രണങ്ങൾ നിലനിൽക്കും.

ഈ ഫോമിന്റെ പ്രിന്റ് ഔട്ടോ അല്ലെങ്കിൽ ഫോണിൽ ഇലക്ട്രോണിക് കോപ്പിയോ ഇല്ലാതെ വിമാനത്താവളത്തിൽ എത്തുന്നവരെ അകത്ത് പ്രവേശിപ്പിക്കുകയില്ല. യാത്രക്കാരെ പരിശോധിക്കുവാനും, ഫോം കാണിക്കുവാൻ ആവശ്യപ്പെടാനുമുള്ള അധികാരം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുമുണ്ട്.