ബാഗ്ദാദ്: ഇറാക്കി ഷിയാ മുസ്ലിംകളുടെ ആത്മീയാചാര്യൻ ആയത്തൊള്ള അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. വിശുദ്ധ നഗരമായ നജാഫിൽ സിസ്താനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇറാക്കിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ സുരക്ഷ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. 55 മിനുട്ട് നേരം ഫ്രാൻസിസ് മാർപാപ്പ സിസ്താനിയുടെ വസതിയിൽ ചെലവഴിച്ചു.

ആദ്യമായാണ് മുതിർന്ന ഷിയ നേതാവുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നത്. ഇറാക്കിലെ മാർപാപ്പയുടെ ആദ്യ സന്ദർശനവുമാണിത്.

ഇറാഖിലും മറ്റു രാജ്യങ്ങളിലെയും ഏറ്റവും പ്രമുഖ ഷിയ പ്രതിനിധിയാണ് സിസ്താനി. വളരെ അപൂർവമായി മാത്രമേ സിസ്താനി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാറുള്ളൂ. നിലവിലെ ഇറാഖ് പ്രധാനമന്ത്രിയുമായി സിസ്താനി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഇറാഖ് സർക്കാർ പ്രതിനിധികൾ മാർപാപ്പയോടൊപ്പം ഉണ്ടാവില്ലെന്ന നിബന്ധനയിലാണ് മാർപാപ്പയെ കാണാൻ സിസ്താനി സമ്മതം മൂളിയത്. നജാഫിലെ ഇദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. പത്തുവർഷത്തോളമായി ഇദ്ദേഹം ഇവിടെയാണ് കഴിയുന്നത്.

സിസ്താനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പൂർവപിതാവ് ഏബ്രഹാമിന്റെ ജന്മസ്ഥലമായി കരുതുന്ന ഊർ നഗരത്തിലെ മതാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു. കോവിഡ് മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശപര്യടനമാണിത്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പരിമിതമായ പൊതുപരിപാടികളിലെ മാർപാപ്പ പങ്കെടുക്കുന്നുള്ളൂ. ഉർ നഗരത്തിലെ സന്ദർശനത്തിനു ശേഷം ഞായറാഴ്ച മാർപാപ്പ മൊസൂളിലെത്തും.

മൊസൂളിലെ ഐഎസ് ആക്രമണത്തിൽ മരിച്ചവർക്കായി പ്രാർത്ഥനയും നടത്തുന്നുണ്ട്. ശേഷം ഇർബിലിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ മാർപാപ്പ ഇറാഖി ജനതയെ അഭിസംബോധന ചെയ്യും. 10000 ത്തോളം പേർ ഈ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മാർപ്പാപ്പയുടെ യാത്രയിലെ സുരക്ഷയ്ക്കായി 10000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.