മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി വന്ന വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭീകരവിരുദ്ധ സേന (എടിഎസ്) കൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കാൻ ശ്രമം എന്നീ കുറ്റങ്ങൾക്ക് അജ്ഞാതർക്കെതിരെ കേസെടുത്തു. കൊല്ലപ്പെട്ട ഹിരണിന്റെ ഭാര്യ നൽകിയ പരാതിയിലാണ് ഭീകര വിരുദ്ധ സേന കേസ് എടുത്തത്.

കഴിഞ്ഞ നാലിനു രാത്രി 8.30ന് താനെയിലെ സ്വന്തം ഓട്ടോമൊബീൽ ഷോറൂം അടച്ച് പുറത്തിറങ്ങിയ ഹിരണിന്റെ മൊബൈൽ ഫോൺ 10.30ന് ഓഫ് ആയെന്നാണു കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥനെന്ന പേരിൽ താവ്‌ഡെ എന്നൊരാൾ ഫോണിൽ വിളിച്ചതിനെത്തുടർന്ന് താനെയിലെ ഗോഡ്ബന്ദർ റോഡ് മേഖലയിലേക്കു പോയ ശേഷമാണ് അദ്ദേഹത്തെക്കുറിച്ചു വിവരമില്ലാതായതെന്നു കുടുംബം പറയുന്നു. അപകടമരണത്തിനാണ് നേരത്തെ കേസുണ്ടായിരുന്നത്.