മലാബോ: ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ ഉണ്ടായ സഫോടനത്തിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ഉണ്ടായ സ്‌ഫോടനത്തിൽ അറുനൂറിലധികം ആളുകൾക്ക് പരിക്കേറ്റുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പരിക്കേറ്റവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലാക്കുന്നതടക്കമുള്ള രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

അതേസമയം എങ്ങനെയാണ് അപകടം ഉണ്ടായതെന്ന കാര്യം വ്യക്തമല്ല. അശ്രദ്ധമായി സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ടിയോഡോറോ ഒബിയാങ് ങൂമ പ്രസ്താവനയിൽ വ്യക്തമാക്കി. ബാറ്റാ സിറ്റിയിലാണ് അപകടം ഉണ്ടായത്. ഈ പ്രദേശം മുഴുവനും പൊടിപടലങ്ങളാൽ മുങ്ങിയിരിക്കുകയാണ്. സ്‌ഫോടനത്തിൽ വീടുകൾ അടക്കം പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ തകർന്നു.

ബരാക്കിലെ ആയുധ ശാലയിൽ സൂക്ഷിച്ചിരുന്ന ആയുധത്തിന് തീപിടിച്ചതാണ് കാരണമെന്ന് സൈനിക വ്യത്തങ്ങളും വ്യക്തമാക്കി. ബാട്ട മേഖലയിൽ പ്രാദേശിക സമയം വൈകിട്ട് നാലു മണിയോടെയാണ് സംഭവം. തുടർച്ചയായി നാല് സ്ഫോടനങ്ങളാണ് നടന്നത്. സ്ഫോടനത്തിൽ മേഖലയിലെ ഒട്ടുമിക്ക വീടുകളും കെട്ടിടങ്ങളും തകർന്നു. കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

എത്ര പേർ മരണപ്പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ദേശീയ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ 17 മരണം എന്നാണ് കൊടുത്തിരിക്കുന്നത്. അതേസമയം പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞത് 15 എന്നാണ്. 20 പേർ മരണപ്പെട്ടുവെന്ന് അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച രാത്രി 8.40 വരെ മൂന്ന് ആശുപത്രികളിലായി 420 പേർ ചികിത്സയിലുണ്ടെന്നാണഅ കണക്ക്. അർദ്ധരാത്രിയായതോടെ 600ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.