കോട്ടയ്ക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപയുമായി രണ്ട് യുവാക്കൾ കോട്ടയ്ക്കലിൽ അറസ്റ്റിലായി. ഓമച്ചപ്പുഴ കരിങ്കപ്പാറ മേനാട്ടിൽ അഷ്‌റഫ് (38), കോട്ടയ്ക്കൽ ചങ്കുവെട്ടിക്കുണ്ട് നമ്പ്യാടത്ത് അബ്ദുൽ റഹ്മാൻ (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച മിനിലോറിയിൽ നിന്നും 1,53,50,000 രൂപയും പൊലീസ് കണ്ടെത്തി. ഇന്നലെ പുലർച്ചെ മൂന്നിന് പുത്തൂർ ബൈപാസ് ജംക്ഷനിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്.

കാലിയായ പഴക്കൂടകൾ നിറച്ച മിനിലോറിയിൽ ഡ്രൈവറുടെ സീറ്റിനടിയിലെ പ്രത്യേക അറയിൽ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്. കോയമ്പത്തൂർ ഉക്കടം ബസ് സ്റ്റാൻഡിലെത്തിയവരിൽനിന്ന് പഴയ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വ്യക്തി നൽകിയ നിർദേശപ്രകാരമാണ് പണം കൈപ്പറ്റിയതെന്ന് യുവാക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. എന്നാൽ, ഇതിനുള്ള രേഖകൾ ഇവരുടെ കൈവശമില്ല. മുൻപും ഇത്തരത്തിൽ പണം കൊണ്ടുവന്ന കാര്യം ഇവർ സമ്മതിച്ചു.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ കീഴിലുള്ള പ്രത്യേക സംഘാംഗങ്ങളും മലപ്പുറം ഡിവൈഎസ്‌പി കെ.സുദർശൻ, കോട്ടയ്ക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.സുജിത്, എസ്‌ഐ കെ.അജിത്, ഗ്രേഡ് എസ്‌ഐ സുധീഷ്, എഎസ്‌ഐ രജീന്ദ്രൻ, സിപിഒമാരായ സജി അലക്‌സാണ്ടർ, ശരൺ എന്നിവരും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി.