മേരിക്കയ്ക്ക് നേരെ ചൈനീസ് ഹാക്കർമാരുടെ സൈലന്റ് അറ്റാക്ക്. രാജ്യത്തെ സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾ ഉൾപ്പടെ കുറഞ്ഞത് 30,000 കേന്ദ്രങ്ങൾ ഡേറ്റ ചോർത്തൽ ഭീഷണിയിൽ. ചൈനീസ് ഹാക്കർമാർ മൈക്രോസോഫ്റ്റിന്റെ എക്സ്ചേഞ്ച് സെർവർ സോഫ്റ്റ്‌വെയറിന്റെ സുരക്ഷാവീഴ്ച മുതലെടുത്താണ് സ്ഥാപനങ്ങളെ ആക്രമിച്ചിരിക്കുന്നത്. ചാരവൃത്തിക്ക് പിന്നിലുള്ള ഗ്രൂപ്പുകൾ മൈക്രോസോഫ്റ്റ് എക്സ്‌ചേഞ്ച് സെർവർ ഇമെയിൽ സോഫ്റ്റ്‌വെയർ വഴിയാണ് കടന്നുകയറിയതെന്ന് ക്രെബ്സ്ഓൺസെക്യൂരിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

സോളാർവിൻഡ്സിനു ശേഷം അമേരിക്കയ്ക്കു നേരെ നടന്ന മറ്റൊരു വമ്പൻ സൈബർ ആക്രമണമാണിത്. ഈ സുരക്ഷാവീഴ്ച വഴി സുപ്രധാന ഇമെയിൽ അക്കൗണ്ടുകളിലേക്കു കടന്നു കയറാനായി. കൂടാതെ കംപ്യൂട്ടറുകളിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാനുമായി എന്നാണ് മൈക്രോസോഫ്റ്റും പറഞ്ഞിരിക്കുന്നത്. ഈ ആക്രമണം പതിനായിരക്കണക്കിന് സ്ഥാപനങ്ങളെ ബാധിച്ചിരിക്കാം. എന്നാൽ, തങ്ങളുടെ ആക്രമണത്തിന്റെ വ്യാപ്തി വെളിപ്പെടുത്താൻ പോലും ചൈനീസ് ഹാക്കർമാർ തയാറായില്ലെന്നും പറയുന്നു.

ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു മൈക്രോസോഫ്റ്റ് എക്ചേഞ്ച് സെർവറുകളെ ആക്രമിച്ചിരിക്കാമെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേശകർ ക്രെബ്സ്ഓൺ സെക്യൂരിറ്റിയോടു പറഞ്ഞത്. ഇത്തരം സെർവറുകൾ ബിസിനസ് സ്ഥാപനങ്ങളാണ് ഉപയോഗിക്കുന്നത്. ആക്രമണത്തിനു ശേഷം മൈക്രോസോഫ്റ്റ് നിരവധി സുരക്ഷാ പാച്ചുകൾ അയയ്ക്കുകയും വിവിധ കമ്പനികളോട് അവ അടിയന്തരമായി ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഇക്കഴിഞ്ഞ ആഴ്ച ആദ്യം തന്നെ മൈക്രോസോഫ്റ്റ് തങ്ങളുടെ ഉപഭോക്താക്കളോട് ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പു നൽകിയിരുന്നു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ, രാജ്യം കേന്ദ്രീകൃത ആക്രമണമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ചൈനയായിരിക്കും ഇതിന്റെ ഉത്ഭവകേന്ദ്രമെന്നും അവർ അറിയിച്ചിരുന്നു. ഹാഫ്നിയം (Hafnium) എന്നാണ് ആക്രമണകാരികൾ അറിയപ്പെടുന്നത്.