മനാമ: സ്ത്രീ സമൂഹം സ്വയം തിരിച്ചറിവ് നേടി ശക്തരാകണമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം ഉണർത്തി. വനിതാ ദിനത്തോടനുബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പിലാണ് സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നണമെന്ന് അവർ വ്യക്തമാക്കിയത്. അവസരങ്ങൾക്കായി കാത്തു നിൽക്കുന്നതിന് പകരം എല്ലാ മേഖലകളിലേക്കും കടന്നു ചെല്ലാൻ സ്ത്രീകൾ കരുത്ത് കാണിക്കേണ്ടതുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഉറക്കെ സംസാരിക്കുന്ന ലോക ഘടനയാണിന്ന്. എന്നാൽ പോലും അവർക്ക് നിർണയിക്കപ്പെട്ടതും അവകാശമുള്ളതുമായ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയുന്നുണ്ടോയെന്ന ചോദ്യവും പ്രസക്തമാണ്. വനിതാ ദിനം കേവലം അവരെ ഓർക്കാൻ വേണ്ടിയുള്ള ഒരു ദിനമായിട്ടല്ല ആചരിക്കേണ്ടത്. മറിച്ച്, മാറ്റങ്ങളുടെ ചാലക ശക്തികളായി സ്വയം ഉയരാനും വളരാനുമുള്ള പ്രതിജ്ഞയെടുക്കാൻ സാധിക്കണം. ലോകം പകച്ചുപോയ കോവിഡ് 19 മഹാമാരി കാലത്ത് നേതൃത്വ പാടവമുള്ളവരും കാര്യവീക്ഷണമുള്ള ഒട്ടനവധി വനിതാ നേതാക്കൾ നടത്തിയ കഠിന പരിശ്രമങ്ങൾ ലോക ശ്രദ്ധയാകാർഷിച്ചു. എന്നാൽ നമ്മുടെ രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുണർത്തുന്നതാണ്.

സംരക്ഷകരാവേണ്ടവർ തന്നെ പ്രതികളാവുകയും ശിക്ഷകളിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു. ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസവും, നിയമങ്ങളിലെ പഴുതുകളും ഇളവുകളും അക്രമങ്ങളുടെ നിരക്ക് ക്രമാതീതമായി വർധിപ്പിക്കുന്നു.ആത്മ പ്രതിരോധത്തിന്റെ കവചം തീർത്ത് ആത്മാഭി മാനത്തോടെ മുന്നോട്ട് പോകാൻ സ്ത്രീകൾക്ക് സാധിക്കണം. ശാരീരികവും മാനസികവുമായ ശാക്തീകരണം സാധ്യമാക്കാനും തൊഴിലിടങ്ങളിലെ അസമത്വം ഇല്ലാതാക്കാനും, വിവേചനങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാനും കൂട്ടായ പോരാട്ടം അനിവാര്യമാണ്.

വീട്ടിലായാലും, പൊതുസമൂഹത്തിലായാലും പെൺകുട്ടികളും, സ്ത്രീകളും ബഹുമാനവും ആദരവും അർഹിക്കുന്നവരുമാണ്. മേൽക്കോയ്മയല്ല, തുല്യതയും നീതിയും അവകാശമാണെന്നത് സ്ത്രീകൾ തന്നെ തിരിച്ചറിയേണ്ടതാണ്. സ്ത്രീ സംരക്ഷണ നിയമങ്ങൾ കേവലം വാഗ്ദാനങ്ങളായി ചുരുങ്ങാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെ എല്ലാവർക്കും വനിതാ ദിനാശംസകളും അവർ നേർന്നു.