ജിദ്ദ: സൗദിക്ക് നേരെയുള്ള കേവലമൊരു ആക്രമണം എന്നതും വിട്ട് ആഗോള ഇന്ധന വിതരണത്തിന് തന്നെ ഭീഷണിയായി തീരുകയാണ് യമനിലെ ഹൂഥി കലാപകാരികളുടെ ആക്രമണ നീക്കങ്ങൾ. ഞായറാഴ്ച സൗദിയുടെ കിഴക്കൻ മേഖലയിൽ ഹൂഥികൾ നടത്തിയ ആക്രമണം അത്തരത്തിലൊന്നായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച പന്ത്രണ്ട് ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഹൂഥികളുടെ അഴിഞ്ഞാട്ടം. ആക്രമണത്തിൽ കിഴക്കൻ മേഖലയിലെ സുപ്രധാന എണ്ണ വിതരണ കേന്ദ്രമായ റാസത്തന്നൂറ ആക്രമിക്കപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. കിഴക്കൻ മേഖലയിൽ തന്നെയുള്ള ദഹ്‌റാൻ ആരാംകോ പാർപ്പിട സമുച്ചയത്തിലും ബാലിസ്റ്റിക് മിസൈൽ ഭാഗനാൽ പതിച്ചതായും പ്രസ്താവന വിശദീകരിച്ചു.

ആക്രമണങ്ങളിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ സംബന്ധിച്ചുള്ള റിപ്പോർട്ട് ഇല്ലെങ്കിലും ഹൂഥികളുടെ ആക്രമണം ആഗോള എണ്ണ വിതരണത്തിലുള്ള സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതായി സൗദി ഊർജ മന്ത്രാലയം ചൂണ്ടിക്കാട്ടി. റാസത്തന്നൂറ തുറമുഖം ആക്രമണത്തിന് ഇരയായി. തുറമുഖത്തെ യാർഡിൽ പെട്രോളിയം ടാങ്ക് ആണ് ആക്രമിക്കപ്പെട്ടത്. ഇതിനായി ഹൂഥികൾ കടലിൽ നിന്നാണ് ആക്രമണം നടത്തിയതെന്നും സൗദി വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ, ഡ്രോണുകൾ ലക്ഷ്യം നേടുന്നതിന് മുമ്പായി വീഴ്‌ത്തപ്പെടുകയുണ്ടായെന്നും മന്ത്രാലയത്തെ ഉദ്ദരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ഓയിൽ ഷിപ്പിങ് തുറമുഖങ്ങളിൽ ഒന്നാണ് റാസത്തന്നൂറിലേത്. ദഹ്‌റാനിലെ ആരാംകോ പാർപ്പിട സമുച്ചയത്തിൽ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.