ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതിച്ഛായ തകർക്കുന്ന വെളിപ്പെടുത്തലുകളാണ് മേഗനും ഹാരിയും നടത്തിയത്. വംശീയ വിവേചനം മുതൽ മാനുഷിക പരിഗണനയില്ലായ്മ വരെയുള്ള ആരോപണങ്ങൾ അവർ ഉയർത്തിക്കഴിഞ്ഞു.

എന്നാൽ, ഇതിലൊക്കെ എത്രമാത്രം വാസ്തവമുണ്ട് എന്നത് പരിശോധിക്കേണ്ടകാര്യമാണ്. കൊട്ടാരത്തിനകത്ത് നടന്ന സംഭവങ്ങളും സംഭാഷണങ്ങളുംഎന്തൊക്കെയായിരുന്നു എന്ന് അറിയാൻ കഴിയില്ലെങ്കിലും , മേഗൻ പറഞ്ഞ മറ്റു പലകാര്യങ്ങളും പരിശോധിച്ച് അത് സത്യമാണോ എന്നറിയാവുന്നതേയുള്ളു.

രാജകുടുംബത്തെ കുറിച്ച് അന്വേഷിച്ചിരുന്നില്ല.

അഭിമുഖത്തിൽ മേഗൻ പറഞ്ഞത് തന്റെ ഭാവി ഭർത്താവിനെ കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ താൻ അന്വേഷണങ്ങൾ നടത്തുകയോ, ഗൂഗിളിൽ സേർച്ച് ചെയ്യുകയോ ചെയ്തില്ല എന്നാണ്. എന്നാൽ, ഇവരുമായി ഏറെ അടുപ്പം പുലർത്തുന്ന ഓമിഡ് സ്‌കൊബി, കരോലിൻ ഡുറാൻഡ് എന്നീ എഴുത്തുകാർ എഴുതിയ ഹാരിയുടെയും മേഗന്റെയും കഥയായ ഫൈൻഡിങ് ഫ്രീഡം എന്ന പുസ്തകത്തിൽ വ്യക്തമായി പറയുന്നത് ഇരുവരും അവരുടെ ആദ്യ ഡേറ്റിംഗിന് മുൻപായി ഗൂഗിൾ സെർച്ച് ചെയ്ത് പരമാവധി വിവരങ്ങൾ ശേഖരിച്ചിരുന്നു എന്നാണ്. മാത്രമല്ല, രാജകുടുംബാംഗവുമായി ഡേറ്റിങ് നടത്തുക വഴി മേഗന് കൂടുതൽ ശ്രദ്ധ നേടാനാകും എന്ന് ഒരു സുഹൃത്ത് പറഞ്ഞതായും പരാമർശമുണ്ട്.

യഥാർത്ഥ വിവാഹത്തിനു മൂന്നു ദിവസം മുൻപേ വിവാഹം കഴിച്ചിരുന്നു

ആഘോഷങ്ങൾക്കും ആൾക്കൂട്ടത്തിനും ഇടയിലല്ലാതെ തങ്ങൾ ഒന്നിക്കുന്ന മുഹൂർത്തം തികച്ചും സ്വകാര്യമായിരിക്കണം എന്നാഗ്രഹമുണ്ടായിരുന്നതിനാൽ മൂന്നു ദിവസം മുൻപ് കാന്റർബറി ആർച്ച് ബിഷപ്പിന്റെ കാർമ്മികത്വത്തിൽ തങ്ങൾ രഹസ്യമായി വിവാഹം കഴിച്ചിരുന്നു എന്ന് മേഗൻ പറയുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏതൊരു വിവാഹത്തിനും കുറഞ്ഞത് രണ്ടു സാക്ഷികളെങ്കിലും ആവശ്യമാണ്. മാത്രമല്ല, വിവാഹം നടക്കുന്ന സമയത്ത് പൊതുജനങ്ങൾക്ക് പള്ളിയിൽ പ്രവേശിക്കുകയും ചെയ്യാം. വിവാഹത്തെ കുറിച്ച് എതിർപ്പോ മറ്റൊ ഉണ്ടെങ്കിൽ അത് ഉന്നയിക്കുവാൻ അവസരമൊരുക്കുന്നതിനാണ് ഈ സൗകര്യം അനുവദിച്ചിട്ടുള്ളത്.

മാത്രമല്ല, പള്ളിയിൽ ഒരിക്കൽ വിവാഹം കഴിച്ചവർക്ക് വീണ്ടും വിവാഹം കഴിക്കാൻ കഴിയുകയില്ല. ഒരേ ദമ്പതികൾ രണ്ടു തവണ പള്ളിയിൽ വിവാഹം നടത്തി എന്നത് തീർത്തും അസാദ്ധ്യമായ കാര്യമാണെന്നാണ് സെയിന്റ് മേരീസ് പള്ളിയിലെ വികാരി റവ. ഡേവിഡ് ഗ്രീൻ പറയുന്നത്. ഏതായാലും ഇക്കാര്യം ആർച്ച് ബിഷപ്പാണ് സ്ഥിരീകരിക്കേണ്ടത്. അവിടെ എന്തു സംഭവിച്ചു, എന്തു സംഭവിച്ചില്ല എന്ന് അദ്ദേഹത്തിനു മാത്രമെ വെളിപ്പെടുത്താനാവു.

ആർച്ചിക്ക് രാജകുമാരൻ എന്ന പദവി നൽകാൻ കൂട്ടാക്കിയില്ല

കറുത്തവർഗ്ഗ പാരമ്പര്യം ഉള്ളതിനാലാണ് ആർച്ചിക്ക് രാജകുമാരൻ എന്ന പദവി നൽകാതിരുന്നതെന്ന് മേഗൻ ആരോപിച്ചു. എന്നാൽ, ആ പദവിക്ക് ജന്മനാ അർഹത ആർച്ചിക്കില്ല എന്നതാണ് സത്യം. പക്ഷെ മുത്തച്ഛൻ ചാൾസ് രാജകുമാരൻ രാജാവായാൽ അത് ലഭിക്കുവാനുള്ള സാധ്യതയുണ്ട്. 1917-ൽ ജോർജ്ജ് അഞ്ചാമൻ രാജാവ് എഴുതിവച്ച നിയമപ്രകാരമാണ് രാജകുടുംബത്തിലെ പദവികളും അധികാരവും നിശ്ചയിക്കപ്പെടുന്നത്. ഇതനുസരിച്ച് ഏതൊരു രാജാവിന്റെയും പിൻഗാമി മൂത്ത പുത്രനായിരിക്കും. അവർക്ക് മാത്രമേ രാജകുമാരൻ എന്ന പദവി ലഭിക്കുകയുള്ളു.

ഇവിടെ വില്യമിന്റെ മൂത്തമകന് മാത്രമാണ് അത് ലഭിക്കാനുള്ള അർഹത. എന്നാൽ, ഭാവിയിലെ രാജാവിന്റെ മക്കൾ എന്ന പരിഗണനയിൽ വില്യമിന്റെ എല്ലാ മക്കൾക്കും രാജ്ഞിയുടെ പ്രത്യേക ഉത്തരവിലൂടെ ഈ പദവി ലഭിച്ചു. നേരത്തേ ഹാരിക്കും ഇത്തരത്തിലായിരുന്നു രാജകുമാരൻ എന്ന പദവി ലഭിച്ചത്. അതുപോലെ ആർച്ചിക്ക് സുരക്ഷ ലഭിക്കുകയില്ലെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചതായി മേഗൻ പറയുന്നു. എന്നാൽ, എല്ലാ രാജകുടുംബാംഗങ്ങൾക്കും സർക്കാർ ചെലവിലല്ല സുരക്ഷയൊരുക്കുന്നത് എന്നതാണ് വാസ്തവം.

ഇതൊക്കെ പൊതുവായി എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ് അവിടെയാണ് മേഗൻ പറഞ്ഞതിനെ വിലയിരുത്തേണ്ടത്. ഇതിൽ പല കാര്യങ്ങളും ഒരുപക്ഷെ മേഗന്റെ അറിവില്ലായ്മ മൂലമുണ്ടായ തെറ്റിദ്ധാരണമൂലംപറഞ്ഞുപോയതാകാം. അല്ലെങ്കിൽ മനഃപൂർവ്വം രാജകുടുംബത്തിന്റെ പ്രതിച്ഛായ തകർക്കുവാൻ പറഞ്ഞതായിരിക്കാം. എതായാലുമിത്രയും കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, മറ്റ് ആരോപണങ്ങളെ കൂടി കാണുമ്പോഴാണ് അവയിൽ എത്രമാത്രം സത്യമുണ്ടെന്ന സംശയമുണരുന്നത്.