ബ്രിട്ടീഷ് രാജകുടുംബത്തെ അക്ഷരാർത്ഥത്തിൽ തന്നെ മുൾമുനയിൽ നിർത്തിയ വിവാദ അഭിമുഖം സമ്മിശ്ര പ്രതികരണങ്ങളാണ് ബ്രിട്ടനിൽ ഉണ്ടാക്കിയിരിക്കുന്നത്. രാജകുടുംബാംഗങ്ങളും പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഭാവിപരിപാടികൾക്കായി മുതിർന്ന കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും യോഗം ചേർന്നിരുന്നു. വീഡിയോ കോൺഫറൻസു വഴിയും നേരിട്ടുമായി നടന്ന യോഗത്തിലെ വിശദാംശങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ല.

ആരോപണങ്ങളിൽ പതറാതെ കെയ്റ്റും വില്യമും

കെയ്റ്റ് ഉൾപ്പെട്ട ഒരു സംഭവത്തിന്റെ കാര്യം മേഗൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കണ്ണുനീരിൽ കുതിർന്ന ആ ആരോപണം പക്ഷെ കെയ്റ്റ് രാജകുമാരിയെ തെല്ലും ബാധിച്ചതായി തോന്നുന്നില്ല. രാജകുടുംബാംഗം എന്നനിലയിലുള്ള തന്റെ കടമകൾ നിർവഹിച്ച് കെയ്റ്റ് തന്റെ തിരക്കുപിടിച്ച മറ്റൊരു ദിവസം കൂടി കഴിച്ചു. സമുദ്രത്തിനു കുറുകെ ഒറ്റക്ക് തുഴഞ്ഞുപോയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായ ജാസ്മിൻ ഹാരിസണുമായുള്ള കൂടിക്കാഴ്‌ച്ചയായിരുന്നു ഇന്നലെ കെയ്റ്റിന്റെ ആദ്യത്തെ പരിപാടി.

ജാസ്മിനുമായുള്ള സംഭാഷണത്തിൽ ചിരിച്ചും തമാശകൾ പറഞ്ഞും ജാസ്മിനെ അഭിനന്ദിച്ചും തികച്ചും നല്ല മാനസികാവസ്ഥയിലായിരുന്നു കെയ്റ്റ്. അപവാദങ്ങളോന്നും തീരെ ബാധിച്ചിട്ടെല്ലെന്നു തന്നെ തെളിയിക്കുന്നതായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള അവരുടെ പ്രതികരണവും. വനിതാദിനത്തെ സംബന്ധിച്ചും കോമൺവെൽത്ത് ദിനത്തെ സംബന്ധിച്ചും ഉള്ള പോസ്റ്റുകൾ അല്ലാതെ മറ്റൊന്നും അവരുടെ ഇൻസ്റ്റാഗ്രാമിൽ ഇന്നലെ പോസ്റ്റ് ചെയ്തിരുന്നില്ല. വില്യം രാജകുമാരനും തന്റെ ഔദ്യോഗിക ചുമതലകളുമായി തിരക്കിലായിരുന്നു.

കുടുംബത്തിൽ അശാന്തി പരത്തി, തങ്ങളുടെ സ്വർഗ്ഗത്തിലൊതുങ്ങി ഹാരിയും മേഗനും

വിവാദ അഭിമുഖം ചൂടുപിടിച്ച ചർച്ചകൾക്ക് വഴിതെളിക്കുമ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവമാണ് ഹാരിക്കും മേഗനും. തങ്ങളുടെ ആഡംബര വില്ലയിലെ പൂന്തോട്ടത്തിൽ കുഞ്ഞ് ഹാരിക്കൊപ്പമായിരുന്നു അവർ ദിവസം ചെലവഴിച്ചത്. ഇരുവരുടെയും സുഹൃത്ത് കൂടിയായ ഫോട്ടോഗ്രാഹർ ഹാരിമാൻ ഇവരുടെ ചിത്രം ഇന്നലെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഗർഭിണീയായ മേഗനെ അടക്കിപ്പിടിച്ചു നിൽക്കുന്ന ഹാരി, മേഗന്റെ മാറിലെ ചൂടുനുകർന്ന് കിടക്കുന്ന കുഞ്ഞ് ആർച്ചി. ഇതായിരുന്നു ആ ചിത്രം.

തങ്ങളുടെ നിലപാട് വ്യക്തമാക്കുക എന്നതുമാത്രമാണ് അഭിമുഖം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ഇനി അതിന്റെ പുറകെയില്ലെന്നും, മുന്നോട്ടുള്ള ജീവിതം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും കഴിഞ്ഞദിവസം ഹാരിയും മേഗനും വ്യക്തമാക്കിയിരുന്നു. അത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കും വിധമായിരുന്നു ഇന്നലത്തെ അവരുടെ പെരുമാറ്റം. തങ്ങളുടെതായ ലോകത്ത് അവർ ഭാവിസ്വപ്നങ്ങൾ നെയ്യുകയായിരുന്നു.

പക്ഷം പിടിക്കാതെ ബോറിസ് ജോൺസൺ

വിവാദ അഭിമുഖത്തിലെ വംശീയ വിവേചനം നടന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെടുമ്പോഴും പക്ഷം ചേരാതെ നിൽക്കുകയാണ് ബോറിസ് ജോൺസൺ. അദ്ദേഹം പ്രസ്തുത അഭിമുഖം കാണുക പോലും ചെയ്തില്ലെന്നാണ് ഡൗണിങ് സ്ട്രീറ്റ് വക്താക്കൾ അറിയിച്ചത്. ഈ അഭിമുഖവുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തിൽ ഉയര്ന്നു വന്ന ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകാൻ വിസമ്മതിക്കുകയും ചെയ്തു. രാജ്ഞിയോട് തനിക്ക് ബഹുമാനമുണ്ടെന്നും, കോമൺവെൽത്ത് ഏകീകരണത്തിൽ അവർ വഹിച്ച പങ്ക് സ്തുത്യർഹമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

കഴിഞ്ഞ കുറേ കാലങ്ങളായി താൻ രാജകുടുംബത്തിന്റെ കാര്യങ്ങളിൽ അഭിപ്രായം പറയാറുണ്ടായിരുന്നില്ല എന്നും., ഇപ്പോൾ അതിൽ നിന്നും ഒരു മാറ്റം ഉണ്ടാകേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാജകുടുംബത്തിന്റെ കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുക എന്നതാണ് ഒരു നല്ല പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ക്ലൈമറ്റ് മിനിസ്റ്റർ ലോരേഡ് ഗോൾഡ്സ്മിത്ത്, ഹാരി സ്വന്തം കുടുംബം തകർക്കുകയാണെന്ന് ട്വീറ്റ് ചെയ്തിരുന്നു.

രാജകുടുംബത്തിൽ നടക്കുന്ന കാര്യങ്ങളിൽ അതീവ ദുഃഖമുണ്ടെന്നറിയിച്ച ലേബർ നേതാവ് കീർ, പക്ഷെ മേഗൻ ഉന്നയിച്ച വംശീയ വിവേചനം, മാനസിക ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി. ഈ നൂറ്റാണ്ടിലും ബ്രിട്ടനിൽ നിരവധി പേർ വംശീയ വിവേചനം അനുഭവിക്കുന്നു എന്നാണ് ഈ ആരോപണം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അത് ഗൗരവമായി എടുക്കണം. ഇത് രാജകുടുംബത്തിലെ പ്രശ്നം മാത്രമായി എടുക്കരുതെന്നും ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദെഹം ആവശ്യപ്പെട്ടു.

അഭിമുഖം കണ്ടത് 17 ദശലക്ഷം പേർ

പരിണാമങ്ങളും അനന്തരഫലങ്ങളും എന്തൊക്കെയായാലും, ഓപ്ര വിൻഫ്രിയുടെ അഭിമുഖം ലോക ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇടം നേടി. ഇന്നലെ സംപ്രേഷണം ചെയ്ത ഈ അഭിമുഖം കണ്ടത് 17 മില്ല്യൺ ആളുകളാണ്. ഏകദേശം 7 മില്ല്യൺ ഡോളറിനും 9 മില്ല്യൺ ഡോളറിനും ഇടയിലൊരു തുക നൽകിയാണ് സി ബി എസ് ഇതിന്റെ അവകാശം വിൻഫ്രിയുടെ ഉടമസ്ഥതയിലുള്ള ഹാർപോ പ്രൊഡക്ഷൻസിൽ നിന്നും വാങ്ങിയത്. എന്നാൽ, ഈ അഭിമുഖത്തിനായി ഹാരിയും മേഗനും ഒരു സാമ്പത്തിക സഹായവും സ്വീകരിച്ചിട്ടില്ലെന്ന് ഓപ്ര വിൻഫ്രി വ്യക്തമാക്കിയിരുന്നു.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അമേരിക്കയിൽ 17.1 മില്യൺ ആളുകളാണ് ഈ പരിപാടി കണ്ടത്. കായിക മത്സരങ്ങൾ ഒഴിച്ചുള്ള പരിപാടികളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന രണ്ടാമത്തെ പരിപാടിയാണിത്. ക്യുൻ ലത്തീഫയുടെ പുതിയ നാടകത്തിന്റെ പ്രീമിയർ ഫെബ്രുവരിയിൽ സംപ്രേഷണം ചെയ്തപ്പോൾ 20.4 മില്ല്യൺ ആളുകളായിരുന്നു അത് കണ്ടത്.