ഇരിങ്ങാലക്കുട: സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ ഡിജിപി ഡോ.ജേക്കബ്ബ് തോമസ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിന് പദ്ധതികളേറെയുണ്ട്. പക്ഷെ സ്വയം പ്രതിരോധത്തിനായി സ്ത്രീകൾക്ക് ആയോധനകലകളെ ആശ്രയിക്കേണ്ടി വരുന്നു. പല പദ്ധതികളും ഫലപ്രദമല്ല എന്നുള്ളതിന് തെളിവാണിത് -അദേഹം അഭിപ്രായപ്പെട്ടു.

വാളയാർ, തലപ്പാടി, കളിയിക്കാവിള തുടങ്ങിയ ചെക്ക് പോസ്റ്റുകളിൽ കേരളത്തിലേക്കുള്ള പ്രവേശനകവാടത്തിനരികെ 'സ്ത്രീകൾ സൂക്ഷിക്കുക' എന്ന ബോർഡ് എഴുതി വെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വനിതാ മതിലും സ്ത്രീസുരക്ഷയുടെ മറ്റ് പല തലങ്ങളും കഴിഞ്ഞെങ്കിലും ഇന്നും സ്ത്രീ അരക്ഷിതയാണെന്ന സ്ഥിതി മാറണം - അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീ സുരക്ഷയ്ക്കായി ഒട്ടനവധി പദ്ധതികൾ സർക്കാർ തലത്തിലും അല്ലാതെയുമുണ്ടെങ്കിലും അവ ചുവപ്പുനാടയിൽ കുരുങ്ങുന്ന അവസ്ഥയാണ് പലപ്പോഴും. ഇതിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്ക് സ്വയം എങ്ങനെ പ്രതിരോധം സൃഷ്ടിക്കാം എന്നതിനെപ്പറ്റി യോഗം ചർച്ച ചെയ്തു. അമ്പിളി ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭയിലെ കൗൺസിലർമാരും മറ്റു പഞ്ചായത്തുകളിലെ വനിതകളും സജീവമായി പങ്കെടുത്തു. സിന്ധു സതീഷ് സ്വാഗതമാശംസിച്ചു.

പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാത്രമല്ല, വീടുകളലും സ്ത്രീകൾ സുരക്ഷിതരല്ല എന്ന വാർത്ത ഓരോ ദിവസവും കൂടിവരികയാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം സ്ത്രീക്ക് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാൽ അവളെ സംരക്ഷിക്കാൻ എഴുതിവെക്കപ്പെട്ട നിയമങ്ങളുണ്ടെന്നും ഡോ. ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. 'നമ്മുടെ കൊച്ചു കേരളത്തെ തന്നെ പ്രകമ്പനം കൊള്ളിച്ചതും സ്ത്രീസുരക്ഷ ഹനിക്കുന്നതുമായ ഒട്ടേറെ വാർത്തകൾക്കൊപ്പം, അതിഥിയായി കേരളത്തിലെത്തിയ ഒരു യൂറോപ്യൻ വനിതയുടെ മൃതദേഹം ഒന്നര മാസത്തിനു ശേഷം കണ്ടെത്തിയെന്നുള്ള സങ്കടകരമായ വാർത്തയും നാം അറിഞ്ഞതാണ്. വീടുകയറി ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം പോലെ തന്നെ ഭയപ്പെടുത്തുന്ന ഒന്നാണ് വർഷങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് യാതൊരു തുമ്പും കിട്ടാത്ത തിരോധാനങ്ങളുടെ കഥകൾ. ഇന്നും അവരൊക്കെ നമ്മോടൊപ്പമുണ്ടോ അതോ ഇല്ലയോ എന്നുപോലും തിരിച്ചറിയാനായിട്ടില്ല.'

വിവിധ സർക്കാർ സംഘടനകളോ കമ്മീഷനുകളോ വകുപ്പുകളോ ഇന്ന് അവശ്യഘട്ടത്തിൽ സുരക്ഷ നൽകുമെന്ന വിശ്വാസം പൊതുജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകളുടെയിടയിൽ നഷ്ടപ്പെട്ടുവെന്ന് വേണം കരുതാൻ. ഇവിടെയാണ് സ്വയം പ്രതിരോധത്തിന്റെ ആവശ്യകത. കളരി, തായ്കോണ്ടോ, കരാട്ടെ പോലുള്ള ആയോധനകലകൾ ഒരു പരിധി വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും തങ്ങളുടെ
സുരക്ഷയ്ക്ക് അറിഞ്ഞിരിക്കേണ്ടതാണ്. ശത്രുവിനെ കീഴ്പ്പെടുത്തുന്നതിലല്ല, ആത്മധൈര്യം സൃഷ്ടിച്ചെടുക്കുന്നതിന് ഇത്തരം കാര്യങ്ങൾ
സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടു വർഷമായി ഇരിങ്ങാലക്കുടയിലെ പൊതുശ്മശാനത്തിൽ ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്ന സബീന റഹ്മാൻ ചടങ്ങിൽ ആദരിക്കപ്പെട്ടു. കോവിഡ് കാലത്ത് എഴുപതോളം ശവസംസ്‌കാരം നടത്തിയെങ്കിലും ഇതുവരെ തന്റെ ശരീരത്തിലും മനസ്സിലും കോവിഡ് ബാധിച്ചില്ലെന്ന് സബീന സദസ്സിനോട് പറഞ്ഞപ്പോഴത് ഒഴുക്കിനെതിരെ നീന്തുന്ന പെൺകരുത്തായി മാറി.

സ്വയം പ്രതിരോധത്തിന് ആയോധന കല...

ചടങ്ങിനോടനുബന്ധിച്ച് തായ്കോണ്ടോ അസോസിയേഷൻ എറണാകുളം ജനറൽ സെക്രട്ടറിയും അന്താരാഷ്ട്ര തായ്കോണ്ടോ പ്ലെയറുമായ മാസ്റ്റർ എൽദോസ്. പി. അബിയുടെ നേതൃത്വത്തിൽ നടന്ന തായ്കോണ്ടോ സെഷനിൽ വിവിധ പ്രായത്തിലുള്ള അൻപതോളം സ്ത്രീകൾ പരിശീലനം നടത്തി. തേർഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവും അഞ്ച് വർഷം തുടർച്ചയായി തായ്കോണ്ടോ യൂണിവേഴ്സിറ്റി മെഡലിസ്റ്റ് സ്ഥാനം നിലനിർത്തിയ വ്യക്തിയുമാണ് എൽദോസ്. പി. അബി. അദ്ദേഹത്തോടൊപ്പം, പരിശീലനം നൽകുന്നതിനായി ദേശീയ തായ്കോണ്ടോ മെഡലിസ്റ്റുകളും ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാക്കളുമായ കീർത്തന എൻ. കെ, ആർഷ വി. എം എന്നിവരുമുണ്ടായിരുന്നു. കവിത ബിജു ആശംസയർപ്പിച്ച ചടങ്ങിൽ സുബിത ജയകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.