പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ഭവന സന്ദർശന പരിപാടികൾക്കു തുടക്കം കുറിച്ചു. പാലാ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലുമാണ് ഭവന സന്ദർശനം നടത്തുന്നത്. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിൽ എത്തി വോട്ടുകളും അഭ്യർത്ഥിക്കുന്നുണ്ട്.

പാലായുടെ വികസന നിർദ്ദേശം സ്വീകരിക്കുന്നതിനുള്ള ജനസമക്ഷം വികസന- സൗഹൃദ സദസ്സുകളും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്.

യു ഡി എഫ് ഘടകക്ഷികളുടെ പോഷക സംഘടനകളും പഞ്ചായത്ത് മുനിസിപ്പൽ തല കൺവൻഷനുകൾ പൂർത്തീകരിച്ചു കഴിഞ്ഞു. സ്‌ക്വാഡ് പ്രവർത്തനമടക്കമുള്ള പ്രചാരണ പരിപാടികൾക്കു രൂപം കൊടുത്തു. ഇതിന്റെ ഭാഗമായി മാണി സി കാപ്പന്റെ അഭ്യർത്ഥന വീടുകളിൽ എത്തിക്കാൻ തീരുമാനിച്ചു.

യു ഡി എഫ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലാ നിയോജക മണ്ഡലത്തിൽ സ്‌ക്വാഡ് പ്രവർത്തനം നടത്തും. വിവിധ കർഷക സംഘടനകളും യുവജന പ്രചാരണത്തിനായി രംഗത്തിറങ്ങും. പി എസ് സി റാങ്ക് ലിസ്റ്റിൽ വന്നിട്ടും തൊഴിൽ ലഭിക്കാതെ വന്ന യുവാക്കൾ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളിൽ അണിചേരും.