ഒട്ടാവ: അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ ഇന്ത്യയിൽ നിന്നും എത്തിയപ്പോൾ നൽകിയതിന് നന്ദിയറിയിച്ച് കാനഡ. കൊവിഷീൽഡിന് കാനഡ അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ത്യ വാക്‌സിൻ കയറ്റി അയച്ചത്. തുടർന്നും ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി കനേഡിയൻ മന്ത്രി അനിത ആനന്ദ് ട്വീറ്റ് ചെയ്തു. ഇനി 1.5 ദശലക്ഷം ഡോസ് വാക്‌സിൻ കൂടി ഇന്ത്യയിൽ നിന്നും കാനഡയിൽ എത്താനുണ്ട്. ഈ ആഴ്ചയോടെ 944,600 ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്തെത്തുമെന്ന് അനിത നേരത്തെ പറഞ്ഞിരുന്നു. 444,600 ഡോസ് ഫൈസർ വാക്‌സിനും 500,000 അസ്ട്രാസെനക വാക്‌സിനുമാണ് ഇത്.

റോഡിൽ ഇന്ത്യൻ പതാകയേന്തി റാലി നടത്തിയാണ് രാജ്യത്തെ ജനങ്ങൾ ഇന്ത്യയോടുള്ള നന്ദി രേഖപ്പെടുത്തിയത്. 70 വർഷത്തിനിടെ ഇതാദ്യമായാണ് മറ്റേതെങ്കിലും രാജ്യങ്ങളിലെ ജനങ്ങൾ ഇന്ത്യയോട് ഇത്രയും സവിശേഷമായ രീതിയിൽ നന്ദി പ്രകടിപ്പിക്കുന്നത്. നേരത്തെ കാനഡയ്ക്ക് കോവിഡ് 19 വാക്സിൻ നൽകിയ ഇന്ത്യയുടെ ഉദാരതയെ സ്തുതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയിരുന്നു.

കാനഡയുടെ കോവിഡ് പോരാട്ടത്തിന് ഇന്ത്യ നൽകുന്ന പിന്തുണയെയും പങ്കാളിത്തത്തെയും ആണ് ട്രൂഡോ പുകഴ്‌ത്തിയത്. അസ്ട്രാസെനക ഓക്സ്ഫോർഡ് കോവിഡ് 19 വാക്സിനും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാസ് കോവിഷീൽഡ് വാക്സിനും ഹെൽത്ത് കാനഡ അംഗീകാരം നൽകിയെന്നും മീഡിയ ബ്രീഫിംഗിൽ ട്രൂഡോ വെളിപ്പെടുത്തി. കൂടാതെ രണ്ട് മില്യൺ കോവിഡ് വാക്സിൻ ഡോസുകൾക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നും ട്രൂഡോ സ്ഥിരീകരിച്ചു.

അതേസമയം സർക്കാറിന്റെ 'വാക്‌സിൻ മൈത്രി' പദ്ധതിയുടെ ഭാഗമായി മറ്റ് പല രാജ്യങ്ങൾക്കും ഇന്ത്യയിൽ നിന്ന് വാക്‌സിനുകൾ ലഭിച്ചു. സമ്പന്ന രാജ്യങ്ങളുടെ 'വാക്‌സിൻ ദേശീയത'യെ ആവർത്തിച്ച് വിമർശിച്ച ലോകാരോഗ്യ സംഘടന ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പുതിയ 'വാക്‌സിൻ നയതന്ത്ര'ത്തിനാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് സംവിധാനത്തിന് വാക്‌സിനുകൾ വിതരണം ചെയ്യുമെന്നും വിവിധ രാജ്യങ്ങളിലേക്ക് ഘട്ടംഘട്ടമായി കരാർ വിതരണം നടത്തുമെന്നും ഇന്ത്യ അടുത്തിടെ യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു.