കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരുടെ ജനനസ്ഥലം (രാജ്യം), വീട്ടിൽ സംസാരിക്കുന്ന ഭാഷ എന്നീ വിവരങ്ങളും സർക്കാർ ശേഖരിക്കും. വാക്‌സിൻ സ്വീകരണത്തോടുള്ള വ്യത്യസ്ത സമൂഹങ്ങളുടെ പ്രതികരണം അറിയുന്നതിനാണ് ഓസ്‌ട്രേലിയൻ ആരോഗ്യവകുപ്പിന്റെ ഈ തീരുമാനം.

നിലവിൽ കോവിഡ് പോസിറ്റീവാകുന്നവരിൽ നിന്ന് ശേഖരിക്കുന്നതിന് സമാനമായ വിവരങ്ങൾ, വാക്‌സിൻ സ്വീകരിക്കുന്നവരിൽ നിന്നും ശേഖരിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതു പ്രകാരം വാക്‌സിൻ സ്വീകരിക്കാനെത്തുന്നവർ, ജനിച്ച രാജ്യം, വീട്ടിൽ സംസാരിക്കുന്ന ഭാഷ എന്നിവ ബന്ധപ്പെട്ടവർക്ക് കൈമാറണം.

വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ നിന്നും ആരോഗ്യ വിദഗ്ദ്ധരിൽ നിന്നുമുള്ള അഭ്യർത്ഥന പ്രകാരമാണ്, ഡാറ്റ ശേഖരിക്കാനുള്ള തീരുമാനം എടുത്തതെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.

വ്യത്യസ്ത സമൂഹങ്ങളിലുള്ളവർക്ക് വാക്‌സിൻ വിതരണത്തോടുള്ള പ്രതികരണം, പുതിയ വിവര ശേഖരണത്തിലൂടെ മനസ്സിലാക്കാമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്.വാക്‌സിൻ വിതരണം സംബന്ധിച്ച വിവരങ്ങൾ, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വ്യത്യസ്ത സമൂഹങ്ങളിലെത്തിക്കാൻ ഈ ഡാറ്റാ ശേഖരണം സഹായിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.