- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പിവടികൊണ്ടുള്ള മർദ്ദനത്തിനിടെ തലയ്ക്കേറ്റ അടി മരണ കാരണമായി; സംഘം ചേർന്നുള്ള മർദ്ദനത്തിൽ വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങൾക്കു തകരാർ: പൊലീസിന് മൊഴി നൽകിത് രാജനെ ആരക്കെയോ ചോർന്ന് തല്ലിച്ചതച്ചെന്നും: വീടിനുള്ളിൽ 56കാരൻ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
തീക്കോയി: 56കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. ഞണ്ടുകല്ലിൽ മുതുകാട്ടിൽ രാജനെ(56) വീട്ടിനുള്ളിൽ മർദ്ദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സഹോദരൻ ജോസ്(49), ബന്ധു ലിജോ ജോസഫ്(29), ജോസിന്റെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരാണ് അറസ്റ്റിലായത്. രാജനുമായി ഇരുന്ന് മദ്യപിച്ച പ്രതികൾ വാക്കു തർക്കത്തിനൊടുവിൽ രാജനെ സംഘം ചേർന്ന് കാപ്പി വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുക ആയിരുന്നു.
ഞായറാഴ്ച അർധരാത്രിയോടെയാണ് രാജനെ ഞണ്ടുകല്ലിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതികൾ രാജനെ മർദിച്ചും കാപ്പിവടി കൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എന്നാൽ കൊലനടന്നതിന് പിന്നാലെ പൊലീസിൽ അറിയിച്ച സംഘം രാജനെ ആരൊക്കെയോ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിൽ മൊഴി നൽകിയത്. എന്നാൽ മൂവർ സംഘത്തിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഒറ്റയ്‌ക്കൊറ്റക്കായി നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റ സമ്മതം നടത്തുക ആയിരുന്നു.
അടിക്കാൻ ഉപയോഗിച്ച വടിയും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. രാജനും ജോസും തമ്മിലുള്ള ഒരു പൊലീസ് കേസിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാവിലെ കോതമംഗലത്തെ വീട്ടിൽ നിന്നു ഞണ്ടുകല്ലിലെത്തിയ രാജൻ തന്റെ വീട്ടിൽ ജോസിനും ലിജോയ്ക്കുമൊപ്പം മദ്യപിച്ചു. 2011ൽ ജോസും ലിജോയും ചേർന്നു രാജനെയും ഭാര്യയും ആക്രമിച്ചെന്ന കേസ് നിലവിലുണ്ട്. ഇതു സംബന്ധിച്ചുള്ള നടപടികൾ തുടരുകയാണ്. ഈ കേസ് പിൻവലിക്കാൻ രാജൻ തയാറായിരുന്നില്ല. മദ്യപിക്കുന്നതിനിടെ ഇതെക്കുറിച്ച് രാജനും ജോസും തമ്മിൽ വാക്കേറ്റമുണ്ടാകുകയും രാജനെ മർദിക്കുകയും ചെയ്തു.
ഇതിനു ശേഷം ലിജോയും ജോസിന്റെ മകനും കൂടി വീണ്ടും മദ്യപിച്ചു. ഇതിനിടെ രാവിലെ മർദിച്ചതിനെച്ചൊല്ലി രാജനും പ്രതികളും തമ്മിൽ വീണ്ടും വഴക്കുണ്ടായി. രാജന്റെ വീട്ടിലെത്തിയ പ്രതികൾ രാജനെ മർദിച്ചു. കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് രാജന്റെ തലയ്ക്കു സാരമായി പരുക്കേറ്റു. വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങൾക്കു തകരാർ സംഭവിച്ചു.രാജനെ ആരോ മർദിച്ചെന്നു രാത്രി പത്തോടെ ഇവർ രാജന്റെ ഭാര്യയെ അറിയിച്ചു. ആശുപത്രിയിൽ എത്തിക്കണമെന്ന രാജന്റെ ഭാര്യയുടെ ആവശ്യം ഇവർ അനുസരിച്ചില്ല. അർധരാത്രിയോടെ രണ്ടാം പ്രതി ലിജോയാണ് രാജൻ മരിച്ചു കിടക്കുന്നതായി പൊലീസിൽ അറിയിച്ചത്.
ആരൊക്കെയോ ചേർന്നു രാജനെ മർദിച്ചെന്നാണ് ഇവർ ആദ്യം പൊലീസിൽ പറഞ്ഞത്. മൂന്നു പേരെയും പ്രത്യേകം ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്. പാലാ ഡിവൈഎസ്‌പി പ്രഫുല്ലചന്ദ്രൻ, ഈരാറ്റുപേട്ട എസ്എച്ച്ഒ എസ്.എം. പ്രദീപ് കുമാർ, എസ്‌ഐമാരായ വി.ബി. അനസ്, ഷാബുമോൻ, എഎസ്‌ഐ ജയരാജ്, നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. ജിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രാജന്റെ സംസ്‌കാരം നടത്തി. 1987ൽ വ്യത്യസ്തമായ സംഭവങ്ങളിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ 15 വർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണു രാജൻ.