വിവാദ അഭിമുഖം സംപ്രേഷണം ചെയ്തതിനു ശേഷം ആദ്യമായി മൗനം ഭേദിച്ച് എലിസബത്ത് രാജ്ഞി പുറത്തുവന്നു. ഹാരിക്കും മേഗനും ഒരു കത്ത് അയച്ചുകൊണ്ടാണ് രാജ്ഞി പ്രതികരിച്ചത്. വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ട പരാമർശത്തെ കുറിച്ച് അന്വേഷിക്കാമെന്ന് പറയുന്നകത്തിൽ ഹാരിയും മേഗനും അവരുടെ മകനും ഇപ്പോഴും സ്നേഹമുള്ള കുടുംബാംഗങ്ങൾതന്നെയാണെന്നും പറയുന്നു. കത്തിൽ, ഹാരിയുടെയോ മേഗന്റെയോ പദവികൾ പരാമർശിക്കാതെ പേരുകൾ മാത്രമാണ് എഴുതിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

ബ്രിട്ടീഷുകാർ ആ അഭിമുഖം കാണട്ടെ എന്നുള്ള ചിന്തയിലാണ് പ്രതികരിക്കാൻ രാജ്ഞി ചൊവാഴ്‌ച്ച വരെ കാത്തിരുന്നത് എന്നാണ് ചില കൊട്ടാരംവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇനി ഇക്കാര്യത്തിൽ രാജ്ഞി പ്രതികരിക്കുകയില്ലെന്നും അവർ പറഞ്ഞു. തന്റെ പദവിക്ക് ചേർന്ന അന്തസ്സ് നിലനിർത്തി തന്നെയാണ് രാജ്ഞി പ്രതികരിച്ചതെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. മേഗന്റെ ആരോപണങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടിക്കുന്നത് നല്ലതായിരിക്കില്ല എന്ന് രാജ്ഞിക്ക് അറിയാം.

കോമൺവെൽത്ത് എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് എലിസബത്ത് രാജ്ഞി. അതുകൊണ്ടുതന്നെ ബഹുസ്വരതയും വൈവിധ്യവും എന്നും രാജ്ഞി ബഹുമാനിക്കുന്ന ഒന്നാണ്. അതാണ്, വംശീയ പരാമർശം എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാമെന്ന് രാജ്ഞി വ്യക്തമായി പറഞ്ഞതും. വംശീയവിദ്വേഷം ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം തന്നെയാണ് ഇത്തരമൊരു കത്തിലൂടെ പൊതുസമൂഹത്തിനു മുൻപിലും രാജ്ഞി അവതരിപ്പിച്ചത്.

രാജ്ഞി എന്നതിനപ്പുറം താൻ ഒരു മുത്തശ്ശികൂടിയാണെന്നും എലിസബത്ത് രാജ്ഞി തെളിയിച്ചു. ഹാരിയും മേഗനും അവരുടെ മകനും ഇപ്പോഴും പ്രിയപ്പെട്ട കുടുംബാംഗങ്ങൾ തന്നെയാണെന്ന് ഉറപ്പിച്ചു പറയുകയാണ് ഈ മുത്തശ്ശി. കൊച്ചുമകന്റെ തെറ്റുകളെയൊക്കെ വെറും കുസൃതികളായി കണ്ട് മറക്കാനും പൊറുക്കാനും തയ്യാറായ ഒരു മുത്തശ്ശിയുടെ മനസ്സാണതിൽ വായിക്കാൻ കഴിയുക. രാജ്ഞി പുറത്തിറക്കിയ ക്രിസ്ത്മസ്സ് സന്ദേശം തന്നെ രാജ്ഞി കുടുംബത്തിന് എത്രമാത്രം പ്രാധാന്യ്ം നൽകുന്നു എന്നതിന് തെളിവാണ്. ഇപ്പോൾ ഈ മുത്തശ്ശിയുടെ ഹൃദയം വീണ്ടും തുറന്നു കാട്ടപ്പെടുന്നു.

അതേസമയം വിവാദമായ അഭിമുഖം രാജകുടുംബാംഗങ്ങളെ കാര്യമായി സ്പർശിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കിരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും അവരുടേ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി നിരവധിവാക്സിൻ കേന്ദ്രങ്ങൾ സന്ദർശിച്ചു. വിവാദങ്ങളിലൊന്നും മനസ്സു തളരാതെ, അവിടെ വാക്സിൻ എടുക്കാൻ എത്തിയവരുമായും ആരോഗ്യ പ്രവർത്തകരുമായും വളരെ സൗഹർദ്ദപരമായി ആശയവിനിമയം നടത്തിക്കൊണ്ടായിരുന്നു ഓരോ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചത്.

രാജകുടുംബാംഗങ്ങളുടെ ഈ നയം ഹാരിക്കും മേഗനും എതിരെയുള്ള ജനരോഷം ശക്തമാക്കാൻ ഇടയാക്കിയിട്ടുണ്ട്. കറുത്തവർഗ്ഗക്കാരുടെ പള്ളികൾ സന്ദർശിക്കാറുള്ള ചാൾസ് വംശീയ വിദ്വേഷം പരത്തി എന്നുപറഞ്ഞാൽ വിശ്വസിക്കാനാകില്ലെന്നാണ് ഒരു വ്യക്തി പറഞ്ഞത്. എല്ലാ വീടുകളിലും പ്രശ്നങ്ങൾ ഉണ്ടാകും എന്നാൽ പരസ്യമായി വിഴുപ്പലക്കുന്നത് ശരിയല്ലെന്നാണ്, ചാൾസ് സന്ദർശിച്ച വാക്സിൻ കേന്ദ്രത്തിലുണ്ടായിരുന്ന ഗ്രേസ് എന്നൊരു സ്ത്രീ പ്രതികരിച്ചത്. അതേസമയം മറ്റു കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കർമ്മനിരതനായിരിക്കുന്ന ചാൾസ് രാജകുമാരനെ പുകഴ്‌ത്താനും അവർ മറന്നില്ല.