- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണങ്ങൾ ഇല്ലാത്ത കോവിഡ്കാലം; ഇസ്രയേലിന്റെ വിജയം ലോകത്തിനു പ്രതീക്ഷ ആകുന്നു; എല്ലാ വാക്സിനുകളും എത്തിച്ചു ആദ്യം വിതരണം ചെയ്ത രാജ്യം ഇപ്പോൾ സാധാരണ നിലയിലേക്ക്
ബാറുകളിലെ അരണ്ട വെളിച്ചത്തിൽ ഗ്ലാസ്സുകളിൽ മദ്യം നുരഞ്ഞുപൊന്തി. റെസ്റ്റോറന്റുകളിലെ അന്തരീക്ഷത്തിൽ സ്വാദിഷ്ടഭക്ഷണങ്ങളുടെ മനംമയക്കുന്ന ഗന്ധം നിറഞ്ഞു. നാളുകളോളം അടച്ചുപൂട്ടപ്പെട്ടതിന്റെ വിഷമമെല്ലാം മറക്കാൻ ഇസ്രയേലി ജനത ഒത്തുകൂടി. 2020 അവസാനം മുതൽ, ഇസ്രയേലിൽ ഉണ്ടായിരുന്ന കടുത്ത നിയന്ത്രണങ്ങൾ ഓരോന്നായി നീങ്ങിത്തുടങ്ങി. ഞായറാഴ്‌ച്ച മുതൽ സാമൂഹിക ഒത്തുചേരലുകൾക്കും അനുമതി ലഭിച്ചതോടെ ഇസ്രയേൽ ഉത്സവത്തിമിർപ്പിലേക്കുണർന്നു.
ബാറുകൾ, റെസ്റ്റോറന്റുകൾ, ഈവന്റ് ഹാളുകൾ, ഹോട്ടലുകൾ, പ്രൈമറി-സെക്കണ്ടറിസ്‌കൂളുകൾ തുടങ്ങിയവയെല്ലാം ഞായറാഴ്‌ച്ച മുതൽ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. ആൾക്കൂട്ടത്തിന്റെ എണ്ണത്തിന്റെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്. അതുപോലെ ചിലയിടങ്ങളിൽ വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനമുള്ളത്.തിങ്കളാഴ്‌ച്ചയോടെ ഇസ്രയേലിൽ 50 ലക്ഷം പേർ വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തുകഴിഞ്ഞു. 38 ലക്ഷം പേർ രണ്ടു ഡോസും എടുത്തുകഴിഞ്ഞു.
90 ലക്ഷം ജനസംഖ്യയുള്ള ഇസ്രയേലിൽ ഇതോടെ ഏകദേശം 40 ശതമാനത്തോളം പേർ പൂർണ്ണമായും കോവിഡിനെതിരെ പ്രതിരോധ ശേഷി നേടിക്കഴിഞ്ഞിരിക്കുന്നു. ലോകത്തെ പ്രധാന വാക്സിനുകളെല്ലാം പരമാവധി ശേഖരിച്ചാണ് ഇസ്രയേൽ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ ഒന്നായ ഇസ്രയേലിന്റെ ആരോഗ്യ മേഖല, ഈ പ്രവർത്തനത്തിന് കൂടുതൽ ഊർജ്ജം പകര്ന്നു.
ഇതിനുപുറമേ, വാക്സിന്റെ രണ്ട് ഡോസുകൾ എടുക്കുകയോ, കോവിഡ് ബാധിച്ച് പൂർണ്ണമായും രോഗമുക്തി നേടുകയോ ചെയ്തവർക്ക് ഗ്രീൻ പാസ്സ്പോർട്ട് നൽകാനും ആരംഭിച്ചു. ഈ പാസ്സ്പോർട്ട് ഉള്ളവർക്ക് ബാറുകളിലും റെസ്റ്റോറന്റുകളിലും ഇൻഡോർ ഏരിയകളിൽ പ്രവേശനം ഉണ്ട്. പൂർണ്ണമായും ഉൾക്കൊള്ളാവുന്ന ആളുകളുടെ 75 ശതമാനം മാത്രമാണ് ഇപ്പോഴും ബാറുകളിലും റെസ്റ്റോറന്റുകളിലും അനുവദിച്ചിട്ടുള്ളത്. ആരോഗ്യ മന്ത്രാലയം വിതരണം ചെയ്യുന്ന പാസ്സ്പോർട്ട് ആപ്പ് വഴിയോ ഇല്ലെങ്കിൽ ഡൗൺ ലോഡ് ചെയ്ത് പ്രിന്റ് എടുത്തോ സൂക്ഷിക്കാം.
ഇത്തരത്തിൽ പാസ്സ്പോർട്ട് ഉള്ളവർക്ക് മാത്രമാണ് ബാറുകളും റെസ്റ്റോറന്റുകളും ഉൾപ്പടെ പല ഇൻഡോർ സൈറ്റുകളിലും പ്രവേശനം ലഭിക്കുക. ജെറുസലേമിൽ നിന്നുള്ള ഒരു ദൃശ്യം ഇന്നലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മാസ്‌ക് ധരിക്കാതെ ഒരു കൂട്ടം ആളുകൾ റെസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണവും പാനീയങ്ങളും ആസ്വദിക്കുന്ന ചിത്രം ഈ കൊറോണക്കാലത്ത് ലോകത്തിനു തന്നെ പ്രത്യാശനൽകുന്ന ഒന്നാണ്. മാത്രമല്ല, ഈ ദുരിതത്തെ വിജയകരമായി നേരിടാനാകും എന്ന ആത്മവിശ്വാസവും പകരുന്നു.
ഈ ദിവസം എത്തിച്ചേർന്നതിൽ വളരെയധികം സന്തോഷിക്കുന്നു എന്നാണ് ജറുസലേമിലെ ഒരു കോഫീഷോപ്പ് ഉടമയായ അസ്സാഫ് ഒബ്സെഫെൽഡ് പറഞ്ഞത്. ഈ ഒരു ദിവസത്തിനു വേണ്ടി ഇസ്രയേൽ മുഴുവൻ കാത്തിരിക്കുകയായിരുന്നു എന്നും അയാൾ പറയുന്നു. വാക്സിൻ എടുത്തതിന്റെ തെളിവ് നോക്കി മാത്രമാണ് കോഫി ഷോപ്പിൽ ആളുകളെ പ്രവേശിപ്പിക്കുന്നത്. പാർലമെന്റ് ഇലക്ഷന് ഏതാനും ആഴ്‌ച്ചകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ശനിയാഴ്‌ച്ച രാത്രിയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു ലോക്ക്ഡൗൺ പിൻവലിക്കുന്ന കാര്യം പ്രഖ്യാപിക്കുന്നത്. പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളും തുറന്നു. എന്നാൽ പരിമിതമായ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. അങ്ങനെ കോവിഡിനെ തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ലോകത്തിലെ ആദ്യ രാജ്യം എന്ന ബഹുമതിക്ക് ഇസ്രയേൽ അർഹമായി.
മറുനാടന് മലയാളി ബ്യൂറോ