കോന്നി: അഡ്വ. കെ.യു ജനീഷ് കുമാറിനെ കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പ്രചരണത്തിനും തുടക്കം കുറിച്ച് സിപിഎം. പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനും എൽഡിഎഫ് തുടക്കം കുറിച്ചു. ചിറ്റാർ ടൗണിലായിരുന്നു അഡ്വ. കെ.യു ജനീഷ് കുമാറിന്റെ പ്രചാരണം ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചത്.

മലയോര മേഖലയിലാണ് തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത്. ഏരിയ സെക്രട്ടറി എസ്.ഹരിദാസ്,ഏരിയ കമ്മിറ്റിയംഗങ്ങളായ എംഎസ് രാജേന്ദ്രൻ, കെ.ജി മുരളീധരൻ, പ്രവീൺ പ്രസാദ്, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി റ്റി ഈശോ,ജില്ലാപഞ്ചായത്തംഗം ലേഖാ സുരേഷ്, മറ്റു ജനപ്രതിനിധികൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലത്തിലെ വിവിധ മേഖലകളിൽ ചുമർ എഴുത്തിനും പോസ്റ്റർ ഒട്ടിക്കലും ഇതിനോടകം തന്നെ ആരംഭിച്ചു. ഇതോടെ ഇത്തവണ കോന്നിയിൽ ആദ്യം പ്രചരണത്തിന് തുടക്കം കുറിക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽ.എൽ.ബിയും കരസ്ഥമാക്കിയ അഡ്വ. കെയു ജനീഷ് കുമാർ പത്തനംതിട്ട ബാറിലെ അഭിഭാഷകനും കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഭരണസമിതി അംഗമാണ്. സീതത്തോട് കെ ആർ പി എം എച്ച് എസ് എസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് പൊതു പ്രവർത്തനം ആരംഭിച്ചത്. റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ, യൂണിയൻ കൗൺസിലർ, മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റാന്നിയിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചതിന് ശേഷം, എസ്എഫ്ഐയുടെ പത്തനംതിട്ട ജില്ലാ അധ്യക്ഷനായും, സെക്രട്ടറിയായും പ്രവർത്തിച്ചു. പിന്നീട് യുവജനപ്രസ്ഥാനത്തിൽ സജീവമായതോടെ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. നിലവിൽ കെ.യു ജനീഷ് കുമാർ ഡിവൈഎഫ്ഐയുടെ സംസ്ഥാന ഉപാധ്യക്ഷനും കേന്ദ്രകമ്മിറ്റിയംഗവുമാണ്.

ചെറിയ പ്രായത്തിൽ തന്നെ സിപിഐഎം സീതത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ല കമ്മറ്റി അംഗമാണ്.പരേതനായ പി.എ ഉത്തമനാണ് പിതാവ്. അമ്മ വിജയമ്മ. ഭാര്യ അനുമോൾ. ന്യപൻ കെ ജിനീഷ് , ആസിഫ അനു ജിനീഷ് എന്നിവർ മക്കളാണ്.