- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടെസ്റ്റിലെ ഗംഭീര വിജയം ആവർത്തിക്കാൻ പടകൂട്ടി ടീം ഇന്ത്യ; റെക്കോർഡുകൾ തിരുത്തി കുറിക്കാനുറച്ച് കോലിയും രോഹിത്തും: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റ്20ക്കായി കാത്ത് ആരാധകർ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റ്20ക്കായി ആവേശ കൊടിമുടി കയറുകയാണ് ആരാധകർ. ടെസ്റ്റ് പരമ്പര വിജയത്തിനു ശേഷം ഇംഗ്ലണ്ടിനെതിരാ മത്സരത്തിലും ഇന്ത്യ ഗംഭീര വിജയം കാഴ്ചവയ്ക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ടെസ്റ്റ് മത്സരത്തിന്റെ ഹാങ് ഓവറിൽ കളിക്കാൻ ഇറങ്ങുന്ന ടീം ഇന്ത്യ തകർക്കുമെന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. മാർച്ച് 12നാണ് ആവേശം പൊടിപാറുന്ന മത്സരത്തിന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കമാകുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഈ വർഷം ഇന്ത്യയിൽ ട്വന്റി20 ലോകകപ്പ് നടക്കാനുള്ളതിനാൽ ഇരു ടീമുകൾക്കും കരുത്തു പരീക്ഷിക്കാൻ കൂടിയുള്ള വേദിയാണു ട്വന്റി20 പരമ്പര.
മത്സര ദിനം അടുത്തടുത്ത് വരവെ വിജയ തന്ത്രം മെനയുകയാണ് ഇന്ത്യൻ താരങ്ങൾ. അഞ്ച് മത്സരങ്ങൾ ഉള്ളതുകൊണ്ടുതന്നെ ആവശ്യമുള്ളത്രയും മാറ്റങ്ങൾ ടീമുകളിൽ കൊണ്ടുവരാനും മാനേജ്‌മെന്റുകൾക്കു സാധിക്കും. ഇതുവരെ നേർക്കുനേർവന്ന 14 ട്വന്റി20 പോരാട്ടങ്ങളിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏഴു വീതം മത്സരങ്ങളിലാണു ജയിച്ചത്. ഇന്ത്യൻ മണ്ണിൽ ഇന്ത്യയും ഇംഗ്ലണ്ടും ആറ് മത്സരങ്ങൾ കളിച്ചപ്പോൾ ഇരു ഭാഗത്തും ജയം 33 എന്ന നിലയിൽ. അതേസമയം ഇത് വെറും ജയത്തിന് വേണ്ടി മാത്രമുള്ള പോരാട്ടമല്ല. ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ റെക്കോർഡുകൾ വാരിക്കൂട്ടാൻ കൂടിയുള്ളതാണ് ഈ മത്സരം.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ, സൂര്യകുമാർ എന്നീ താരങ്ങൾക്ക് ഈ മത്സരം നിർണായകമാണ്. ഇവർ പുതിയ റെക്കോർഡ് ഉയരം കുറിക്കുമോ എന്നാണ് ഇന്ത്യ ഉറ്റു നോക്കുന്ന മറ്റൊരു കാര്യം. 85 ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിക്ക് 2928 റൺസുണ്ട്. ട്വന്റി20യിൽ 3000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാൻ കോലിക്ക് ഇനി 72 റൺസ് കൂടി മതി. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും 3000ന് മുകളിൽ റൺസ് തികച്ച താരമെന്ന റെക്കോർഡും ഇതോടെ കോലിക്കു സ്വന്തമാകും.
കോലി ഫോമിലേക്ക് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ടെസ്റ്റ് പര്യടനത്തിൽ അത്ര മികച്ച പ്രകടനവും താരം പുറത്തെടുത്തിട്ടില്ല. ആദ്യ ട്വന്റി20യിൽ 17 റൺസ് കൂടി നേടിയാൽ ക്യാപ്റ്റനെന്ന നിലയിൽ ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമാകും കോലി. റിക്കി പോണ്ടിങ്ങും (15440), ഗ്രേയം സ്മിത്തും (14878) ആണു നേരത്തേ ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയ്ക്കു വെട്ടിപ്പിടിക്കാനും ചില റെക്കോർഡുകൾ കയ്യെത്തും ദൂരത്തുണ്ട്. ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽ രോഹിത് ശർമ ഇതുവരെ 127 സിക്‌സുകൾ നേടിയിട്ടുണ്ട്. സിക്‌സുകളുടെ കാര്യത്തിൽ ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്ടിലിന് (139) പുറകിലാണ് രോഹിത്. ഇംഗ്ലണ്ടിനെതിരെ 13 സിക്‌സുകൾ കൂടി നേടിയാൽ രോഹിത് ശർമയ്ക്കു ഗപ്ടിലിനെ മറികടക്കാം.
ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിനും പേസർ ജസ്പ്രീത് ബുമ്രയ്ക്കും ട്വന്റി20യിൽ 59 വിക്കറ്റുകളാണുള്ളത്. വിക്കറ്റ് നേട്ടത്തിൽ മറ്റേതൊരു ഇന്ത്യൻ ബോളറെക്കാളും മുന്നിലാണ് ഇരുവരും. ബുമ്ര പരമ്പരയ്ക്ക് ഇല്ലാത്തതിനാൽ ചെഹലിന് ബുമ്രയെ മറികടക്കാനുള്ള അവസരം കൂടിയാണ് ഇത്. ഇന്ത്യൻ ടീമിൽ തുടക്കക്കാരനെങ്കിലും ഐപിഎല്ലിൽ സീനിയറാണ് സൂര്യകുമാർ യാദവ്. ഐപിഎല്ലിൽ 100 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ അരങ്ങേറാൻ സാധിച്ചാൽ 100 ഐപിഎൽ മത്സരങ്ങൾക്ക് ശേഷം ടീം ഇന്ത്യയിൽ ആദ്യമായി കളിക്കുന്ന താരമാകും സൂര്യകുമാർ.
ട്വന്റി20യിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഡേവിഡ് മലാൻ. ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ബാറ്റിങ്ങിൽ ഒന്നാമനാണ് മലാൻ. 19 ഇന്നിങ്‌സുകളിൽനിന്ന് 855 റൺസ് ഇതിനകം താരം സ്വന്തമാക്കി. ട്വന്റി20യിൽ 1000 റൺസ് തികയ്ക്കാൻ മലാന് ഇനി 145 റൺസ് കൂടി മതി. ആറ് ഇന്നിങ്‌സുകളിൽനിന്ന് മലാൻ ഈ നേട്ടം സ്വന്തമാക്കിയാൽ അതിവേഗത്തിൽ 1000 തികയ്ക്കുന്ന താരമാകാം. നിലവിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ പേരിലാണ് ഈ റെക്കോർഡുള്ളത്. 2016ൽ 26 ഇന്നിങ്‌സുകളിൽനിന്നാണ് ബാബർ അസം നേട്ടം കൈവരിച്ചത്.