- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കോർ ഷീറ്റിൽ ഉണ്ടായിരുന്നത് 65 മാർക്ക്; കൂട്ടി എഴുതിയത് 43 എന്ന്; പുനർ മൂല്യ നിർണയത്തിന് അപേക്ഷിച്ചപ്പോൾ ലഭിച്ചത് 72 മാർക്ക്; പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടിയുടെ വിജയത്തിളക്കത്തിന്റെ നിറം കെടുത്തിയത് മൂല്യ നിർണയം നടത്തിയ അദ്ധ്യാപകർ: വിദ്യാർത്ഥിനിക്ക് ഏറെ മനോവിഷമം ഉണ്ടാക്കിയ സംഭവത്തിൽ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടും മൂല്യ നിർണയം നടത്തിയ അദ്ധ്യാപകരുടെ പിഴവിൽ വിജയത്തിളക്കത്തിന്റെ നിറം മങ്ങിയ വിദ്യാർത്ഥിനിക്ക് അദ്ധ്യാപകർ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഇംഗ്ലീഷിന് കുട്ടിക്ക് എപ്ലസ് ഉണ്ടായിരുന്നെങ്കിലും മൂല്യ നിർണയത്തിലെ പിഴവു മൂലം റിസൾട്ട് വന്നപ്പോൾ ബി പ്ലസ് ആയി മാറിയതാണ് കുട്ടിയുടെ വിജയത്തിന്റെ നിറം കെട്ടുത്തിയതും മനോ വിഷമം ഉണ്ടാക്കിയതും.
ഇതോടെ മൂല്യനിർണയത്തിൽ പിഴവു വരുത്തിയ അദ്ധ്യാപികയും മേൽനോട്ടം വഹിച്ച ചീഫ് എക്‌സാമിനറും വിദ്യാർത്ഥിക്ക് 25,000 രൂപ വീതം നൽകാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ് ഇട്ടു. അദ്ധ്യാപകരുടെ ശമ്പളത്തിൽ നിന്നു തുക ഈടാക്കണം. മൂല്യനിർണയത്തിൽ പിഴവു വരുത്തുന്ന അദ്ധ്യാപകരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കുന്നതടക്കമുള്ള അച്ചടക്ക നടപടി ഉൾപ്പെടുത്തി പരീക്ഷാ മാന്വൽ ഭേദഗതി ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. അദ്ധ്യാപകർക്കെതിരെ വകുപ്പുതല നടപടിക്കു ഹയർ സെക്കൻഡറി വിഭാഗവും കുറ്റപത്രം നൽകി.
കരുനാഗപ്പള്ളി തൊടിയൂർ ചാലിൽ തെക്കതിൽ ആർ.പൊടിമോൻ നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്. പൊടിമോന്റെ മകൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്രതീക്ഷിച്ചിരന്നു. എന്നാൽ റിസൾട്ട് വന്നപ്പോൾ ഇംഗ്ലിഷിനു ബി പ്ലസ് ആണു ലഭിച്ചത്. ഇത് ഫുൾ എ പ്ലസ് പ്രതീക്ഷിച്ചിരുന്ന കുട്ടിയിൽ കടുത്ത മനോവിഷമം ഉണ്ടാക്കി. തുടർന്ന് ഇവർ പുനർ മൂല്യ നിർണയത്തിന് അപേക്ഷിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പു ലഭിച്ചപ്പോൾ 65 മാർക്ക് സ്‌കോർ ഷീറ്റിൽ ഉണ്ടായിരുന്നു. എന്നാൽ മൂല്യ നിർണയം നടത്തിയ അദ്ധ്യാപിക കൂട്ടി എഴുതിയത് 43 എന്നാണ്. പുനർമൂല്യനിർണയം നടത്തിയപ്പോൾ 72 മാർക്ക് ലഭിച്ചു.
തുടർന്ന് മൂല്യനിർണയം നടത്തിയ അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ പിഴവു മൂലം മകൾക്ക് ഏറെ വിഷമം ഉണ്ടായെന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കു കിട്ടിയ അംഗീകാരം ലഭിച്ചില്ലെന്നും പൊടിമോൻ ബാലാവകാശ കമ്മീഷനിൽ പരാതി നൽകുക ആയിരുന്നു.മൂല്യനിർണയം നടത്തിയ അദ്ധ്യാപിക കമ്മിഷനു മാപ്പപേക്ഷ നൽകി. മാതാവിനു ബൈപാസ് ശസ്ത്രക്രിയ വേണമെന്നു ഡോക്ടർ നിർദേശിച്ചതിന്റെയും പിതാവ് ബ്രെയിൻ ട്യൂമർ ബാധിച്ചു തളർന്നു കിടക്കുന്നതിന്റെയും വിഷമം മൂലം പിഴവു സംഭവിച്ചെന്നായിരുന്നു മാപ്പപേക്ഷ.
ചീഫ് എക്‌സാമിനർക്ക് ആറ് മാസം കാലയളവു നൽകിയെങ്കിലും നേരിട്ടു ഹാജരായില്ല. മൂല്യനിർണയം നടത്തിയ അദ്ധ്യാപികയും മേൽനോട്ടം വഹിച്ച ചീഫ് എക്‌സാമിനറും കുറ്റക്കാരാണെന്നും വകുപ്പുതല നടപടിക്കു കുറ്റപത്രം നൽകിയിട്ടുണ്ടെന്നും മൂന്നാം എതിർകക്ഷി കൂടിയായ പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ