ലോകത്ത് പൊതുവേ കോവിഡ് വ്യാപനത്തിന് കുറവുണ്ടായിട്ടുണ്ടെന്നാണ് പല ഭാഗങ്ങളിൽ നിന്നും വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ശാപമോക്ഷം കിട്ടാതെ അലയുകയാണ് ബ്രസീൽ . രാജ്യത്തെ ആരോഗ്യ മേഖലയെ അടിമുടി തകർത്തെറിഞ്ഞുകൊണ്ടാണ് അവിടെ കൊറോണയുടെ താണ്ഡവം. ബ്രസീലിലെ 27 തലസ്ഥാന നഗരങ്ങളിൽ 25 ലും ഇന്റസീവ് കെയറുകൾ അതിന്റെ പരമാവധി കപ്പാസിറ്റിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഒന്നും തന്നെയില്ലാത്തവിധമാണ് രോഗവ്യാപനം വർദ്ധിക്കുന്നതും മരണനിരക്ക് ഉയരുന്നതും.

കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ രേഖപ്പെടുത്തിയത് 1,972 കോവിഡ് മരണങ്ങളാണ്. കോവിഡിന്റെ ഒന്നാം വരവിൽ തന്നെ കനത്ത നാശം അനുഭവിക്കെണ്ടിവന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ബ്രസീൽ. രണ്ടാം തരംഗവും സമാനമായ ദുരന്തങ്ങളാണ് ബ്രസീലിന് സമ്മാനിക്കുന്നത്. ആരോഗ്യരംഗം ഏതാണ് തകർന്നു എന്ന അവസ്ഥയിലാണിപ്പോൾ. ഫേസ്മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകഴുകുക തുടങ്ങിയ ശീലങ്ങൾ നിർബന്ധമാക്കിക്കൊണ്ട് രോഗവ്യാപനം തടയാൻ ഒരുങ്ങുകയാണ് ബ്രസീൽ ഇപ്പോൾ.

ജനിതകമാറ്റം സംഭവിച്ച പി 1 എന്ന പുതിയ ഇനം കൊറോണയാണ് ബ്രസീലിനു മേൽ ശാപത്തിന്റെ കരിനിഴൽ വിരിച്ചിരിക്കുന്നത്. ഇതിനു മുൻപുള്ള വകഭേദങ്ങളേക്കാൾ വ്യാപന ശേഷിയും പ്രഹര ശേഷിയും വളരെ കൂടുതലുള്ള ഒരു ഇനമാണിത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മാത്രമല്ല, ഒരിക്കൽ കോവിഡ് വന്ന് സുഖം പ്രാപിച്ചവരിലും ഇത് ബാധിക്കും. അതായത്, ശരീരത്തിലെ ചില പ്രതിരോധ സംവിധാനങ്ങളെ അതിജീവിക്കുവാൻ ഈ ഇനത്തിന് കഴിയും എന്നർത്ഥം. അതുകൊണ്ട് തന്നെ നിലവിലെ വാക്സിനുകൾ ഒന്നും തന്നെ, മറ്റ് ഇനങ്ങളെ തടയുന്നതുപോലെ ഈ ഇനത്തെ തടയുന്ന കാര്യത്തിൽ അത്ര കാര്യക്ഷമമാകില്ല.

ഇന്ന് ബ്രസീലിലെ രോഗികളിൽ വ്യാപകമായി കാണപ്പെടുന്നത് പി 1 എന്ന ഈ പുതിയ ഇനം വൈറസാണ്. 2020-ൽ ത്ന്നെ കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ബ്രസീൽ പരാജയപ്പെട്ടിരുന്നു, ഇപ്പോൾ 2021 ന്റെ ആദ്യ പകുതിയിൽ ഈ ദുരന്തത്തിൽ നിന്നു കരകയറാൻ ആകാതെ ബുദ്ധിമുട്ടുന്നു ബ്രസീൽ എന്നാണ് ബ്രസീലിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ദൻ ജെസെം ഒറെല്ലന പറയുന്നത്. കോവിഡ് മാനേജ്മെന്റിൽ കാര്യമായ മാറ്റം വരുത്തിയാൽ മാത്രമേ, അല്പമെങ്കിലും പിടിച്ചു നിൽക്കാനാകൂ എന്നും അദ്ദെഹം പറഞ്ഞു. വ്യാപകമായ വാക്സിനേഷൻ പദ്ധതി നടപ്പിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് ബ്രസീൽ മനുഷ്യ വംശത്തിനു തന്നെ ഒരു ഭീഷണിയാണ്. ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്ന ഭയം അധികാരി വർഗ്ഗത്തെ എന്തും ചെയ്യാൻ തയ്യാറുള്ളവരാക്കിയിരിക്കുന്നു. ഇതെല്ലാം കൊണ്ടാണ് വൈറസിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ ബ്രസീൽ കാര്യക്ഷമവും ധൃതഗതിയിലുമുള്ള നടപടികൾ കൈക്കൊള്ളണം എന്ന ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. ഇത് ബ്രസീലിന്റെ മാത്രം പ്രശ്നമല്ലെന്നും അയൽ രാജ്യങ്ങൾക്ക് കൂടി ഭീഷണിയാണെന്നും അവർ ചൂണ്ടിക്കാട്ടി.

ആരംഭം മുതൽക്ക് തന്നെ മാസ്‌ക് ധരിക്കാതെയും ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെയുമൊക്കെ തീർത്തും നിരുത്തരവാദപരമായായിരുന്നു പ്രസിഡണ്ട് ജെയർ ബോൽസൊനാരോ കോവിഡിനെ നേരിട്ടത്. ഇപ്പോൾ വാക്സിൻ എടുക്കുന്നതിനോടും അദ്ദേഹത്തിന് വിയോജിപ്പാണ്. പ്രസിഡണ്ട് തന്നെ താൻ വാക്സിൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച നാട്ടിൽ വാക്സിൻ പദ്ധതി ഒച്ചിഴയുന്ന വേഗതയിലാണ്മുന്നോട്ട് പോകുന്നത്. ഇതുവരെ മൊത്തം ജനസംഖ്യയിൽ 4 ശതമാനം പേർക്ക് മാത്രമാണ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്.

ഓക്സ്ഫോർഡ് വാക്സിൻ വാങ്ങിയിട്ടുണ്ടെങ്കിലും ബ്രസീൽ പ്രധാനമായും ആശ്രയിക്കുന്ന ചൈനയുടെ കൊറോണ വാക്സിനെയാണ്. ഇത് ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാൽ വാക്സിൻ പദ്ധതി ഇടയിൽ മുടങ്ങിയേക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുകയും ചെയ്തിരുന്നു. ബ്രസീൽ സർക്കാർ ഇപ്പോൾ ഫൈസറിനു മേൽ വാക്സിൻ പെട്ടെന്നു ലഭ്യമാക്കുവാനായി സമ്മർദ്ദം ചെലുത്തുകയാണ്.

ഇതുവരെ നടത്തിയ പഠനങ്ങൾ അനുസരിച്ച് അസ്ട്രാ സെനെകയുടെ വാക്സിനാണ് പി 1 ഇനത്തിനെതിരെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. ചൈനയുടെ വാക്സിനും ഈ ഇനത്തെ പ്രതിരോധിക്കും എന്ന് ബ്രസീലിൽ നടത്തിയ മറ്റൊരു പഠനത്തിൽ തെളിഞ്ഞിരുന്നു.