തുടർച്ചയായി കോവിഡ് വ്യാപനവും മരണനിരക്കും കുറഞ്ഞുവരുന്ന കാഴ്‌ച്ചയാണ് ബ്രിട്ടനിൽ. ഇന്നലെ പുതിയതായി 5,926 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 190 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. രണ്ടാം വരവും ഒടുങ്ങുന്നതിന്റെ സൂചനകൾ പുറത്തുവരാൻ തുടങ്ങിയതോടെ ലോക്ക്ഡൗൺ എത്രയും പെട്ടെന്ന് നീക്കംചെയ്യുവാനുള്ള സമ്മർദ്ദം ബോറിസ് ജോൺസന്റെ പുറത്ത് ഏറുകയാണ്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 7 ശതമാനത്തിന്റെ കുറവാണ് രോഗവ്യാപനത്തിൽ ഉണ്ടായിട്ടുള്ളത്.

വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് മടങ്ങാൻ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടു ദിവസമായി ആയിരക്കണക്കിന് കോവിഡ് പരിശോധനകളാണ് അധികമായി നടത്തുന്നത്. എന്നിട്ടും രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് കോവിഡ് വ്യാപനം കുറയുന്നു എന്നതിനുള്ള ശക്തമായ തെളിവു തന്നെയാണ് അതുപോലെ മരണനിരക്കിലും കാര്യമായ ഇടിവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 40 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. രോഗം ബാധിച്ചാലും മരണത്തെ ചെറുക്കാൻ വാക്സിൻ സഹായിക്കുമെന്ന് നേരത്തേ ചില പഠനങ്ങളിൽ വ്യക്തമായിരുന്നു.

അതേസമയം, ബ്രിട്ടന്റെ വാക്സിൻ പദ്ധതി അതിവേഗം ബഹുദൂരം മുന്നോട്ട് പോവുകയാണ്. ഇന്നലെ 2.90.000 പേർക്കാണ് വാക്സിൻ നൽകിയത്. ഇതോടെ ബ്രിട്ടനിലെ 22.8 മില്ല്യൺ ആളുകൾക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. അതിനൊപ്പം വൃദ്ധരും രോഗം ബാധിക്കാൻ അധിക സാധ്യതയുള്ള വിഭാഗത്തിൽ പെടുന്നവരും ആയ 1/2 മില്ല്യൺ ആളുകൾക്ക് രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞു. സാഹചര്യങ്ങൾ അനുകൂലമാകാൻ തുടങ്ങിയതോടെ ലോക്ക്ഡൗൺ എത്രയും പെട്ടെന്ന് നീക്കണമെന്ന ആവശ്യത്തിനും ശക്തിയേറി.അതിനിടയിൽ സ്‌കോട്ട്ലാൻഡിൽ പറഞ്ഞതിലും നേരത്തേ ലോക്ക്ഡൗൺ നീക്കംചെയ്യാൻ ആലോചിക്കുന്നു എന്ന പ്രസ്താവനയും ബോറിസിന്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്.

എന്നാൽ, ധൃതിപിടിച്ച് ഒരു തീരുമാനവും എടുക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബോറിസ് ജോൺസൺ. വാക്സിനോടൊപ്പം കർശനമായ നിയന്ത്രണങ്ങളും കൂടിയാണ് രോഗവ്യാപനത്തെ പിടിച്ചുകെട്ടാൻ സഹായിച്ചത് എന്ന അഭിപ്രായമാണ് ആരോഗ്യ രംഗത്തെപ്രമുഖർക്കും ഉള്ളത്. ഇനിയും രോഗവ്യാപന തോത് ഏറെ താഴാനുണ്ടെന്നുംമാത്രമല്ല, നിയന്ത്രണങ്ങൾ ഓരോന്നായി പിൻവലിക്കുമ്പോഴുണ്ടാകുന്ന അനന്തരഫലങ്ങളും പഠിച്ചതിനു ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാവൂ എന്നുമാണ് അവരും പറയുന്നത്.

എത്രയൊക്കെ നിയന്ത്രണവിധേയമാക്കിയാലും കോവിഡ് ഇനിയുള്ള കാലം ഭൂമിയിൽ മനുഷ്യനൊപ്പം ഉണ്ടാകും എന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ ശാസ്ത്രോപദേശകസമൈതി അംഗം പ്രൊഫസർ ആൻഡ്രൂ ഹേവാർഡ് പറയുന്നത്. ഫ്ളൂവിനെ പോലെ ഇനിയുള്ള വർഷങ്ങളിൽ കൊറോണയും സ്ഥിരമായി മനുഷ്യനെ ആക്രമിക്കുമെന്നും ആയിരങ്ങളുടെ മരണത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

കുടത്തിൽ നിന്നും അഴിച്ചു വിട്ട ഭൂതത്തെ പോലെയാണ് കൊറോണ. ഇനി അതിനെ പൂർണ്ണമായി ഇല്ലാതെയാക്കുവാൻ അടുത്തകാലത്തൊന്നും സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.