ന്നലെ രോഗവ്യാപന നിരക്കിൽ ഏതാണ് 10 ശതമാനത്തിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ, അതിൽ പരിഭ്രമിക്കാനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. സ്‌കൂളുകളിൽ വ്യാപകാമയി പരിശോധനകൾ നടത്തുന്നതിനാൽ രാജ്യത്ത് നടക്കുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. അതിന്റെ പരിണിതഫലം മാത്രമാണ് ഇപ്പോൾ രോഗവ്യാപന തോതിൽ രേഖപ്പെടുത്തുന്ന ഈ വർദ്ധനവ്. രോഗവ്യാപനത്തെ സ്വാധീനിക്കുന്ന ആർ നിരക്ക് അതിന്റെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞരും പറയുന്നത്.

ഇന്നലെ 6,609 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 175 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മരണനിരക്കിൽ കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 26 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. വൈറസിന്റെ പ്രത്യ്ദ്പാന നിരക്കായ, ആർ നിരക്ക് നിലവിൽ 0.6 നും 0.8 നും ഇടയിൽ എത്തിയെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി വെളിപ്പെടുത്തിയത്. രോഗവ്യാപനം കുറയുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ആരോഗ്യ വകുപ്പിന്റെ കണക്കുകൾ കൂടാതെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കും, സിംപ്ടം ട്രാക്കിങ് ആപ്പിന്റെ കണക്കും സൂചിപ്പിക്കുന്നത് രോഗവ്യാപനം കുറയുന്നു എന്നുതന്നെയാണ്. ഇരുണ്ടദിനങ്ങൾക്ക് അറുതി വന്നിരിക്കുന്നു എന്നാണ് ഇതിനെ കുറിച്ച് കിങ്സ് കോളേജ് ലണ്ടനിലെ പ്രൊഫസർ ടിം സ്പെക്ടർ പ്രതികരിച്ചത്. എന്നിരുന്നാലും രോഗവ്യാപന തോത് കുറയുന്നതിന്റെ വേഗത അല്പം കുറഞ്ഞിട്ടുണ്ട് എന്ന് വിദഗ്ദരും സമ്മതിക്കുന്നു.

അതേസമയം, ബ്രിട്ടനിലെ കോവിഡ് എപിസെന്ററായിരുന്ന ലണ്ടൻ നഗരവും കോവിഡിനെ അതിജീവിച്ച് ഉയർത്തെഴുന്നെൽക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞയാഴ്‌ച്ച ലണ്ടനിലെ ബറോകളിൽ ഒന്നിൽ മാത്രമായിരുന്നു രോഗവ്യാപനതോത് വർദ്ധിച്ചത്. ഇവിടെയും കൊറോണയുടെ ശക്തി കുറഞ്ഞു വരുന്നു എന്നുതന്നെയാണ് സർക്കാർ കണക്കുകൾ അടിവരയിട്ടു പറയുന്നത്.

ഹാമ്മർസ്മിത്തിലും ഫുള്ളാമിലും ഒരാഴ്‌ച്ചകൊണ്ട് രോഗവ്യാപന നിരക്ക് പകുതിയായപ്പോൾ ഹാരിംഗേ, ബ്രെന്റ്, ബ്രോമ്ലി, ബെക്സ്ലി തുടങ്ങിയ ഇടങ്ങളിലും രോഗവ്യാപനതോതിൽ 40 ശതമാനത്തിലേറെ കുറവ് ദൃശ്യമായിട്ടുണ്ട്. കിങ്സ്റ്റൺ-അപ്പോൺ-തെയ്ംസ് മാത്രമാണ് ഇപ്പോൾ രോഗവ്യാപനം വർദ്ധിക്കുന്ന ഒരേയൊരു ലണ്ടൻ ബറോ. കഴിഞ്ഞയാഴ്‌ച്ച ഇവിടെ രോഗവ്യാപനത്തിൽ 28 ശതമാനത്തിന്റെ വർദ്ധനവാണ് ദൃശ്യമായത്.

രോഗവ്യാപനത്തിന്റെ ശക്തി കുറഞ്ഞതോടെ ഇന്നലെ സ്‌കോട്ടലാൻഡിൽ ഇന്നലെ മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് ഇപ്പോൾ വ്യത്യസ്തമായ രണ്ടു കുടുംബങ്ങളിലുള്ള നാലുപേർക്ക് വരെ ഇപ്പോൾ വാതിൽപ്പുറയിടങ്ങളിൽ ഒത്തുചേരാനാകും. അതേസമയം കണക്കുകൾ സൂചിപ്പിക്കുന്നത് സ്‌കോട്ട്ലാൻഡിൽ രോഗവ്യാപനം വർദ്ധിക്കുന്നില്ലെങ്കിലും, കുറയുന്നുമില്ലെന്നാണ്. രോഗവ്യാപന തോത് മാറ്റമില്ലാതെ നിൽക്കുന്ന സാഹചര്യത്തിലാണ് നിക്കോള സ്റ്റർജൻ ഇളവുകൾ പ്രഖ്യാപിക്കുന്നത്.

ഇത് ബോറിസ് ജോൺസന്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം കുറയുകയാണെന്ന് ബോദ്ധ്യമായിട്ടുകൂടി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന പ്രക്രിയ ത്വരിതഗതിയിൽ ആക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ സ്വന്തം പാർട്ടിയിൽ നിന്നുവരെ അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. നാളെ മുതൽ വെയിൽസിലും കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും. വീടുകളിൽ ഇരിക്കണം എന്ന നിബന്ധന മാറ്റും. എന്നാൽ, സ്വന്തം പ്രദേശം വിട്ട് പുറത്ത് പോകാനുള്ള അനുമതി ഉണ്ടാകില്ല.