ബ്രിട്ടന്റെ നിർഭയയായി മാറുകയാണ് സാറാ എവെറാർഡ് എന്ന 33 വയസ്സുകാരിയായ മാർക്കറ്റിങ് എക്സിക്യുട്ടീവ്. സുഹൃത്തിന്റെ വീട് സന്ദർശിച്ച് മടങ്ങുന്നവഴി ഒർ പൊലീസ് ഉദ്യോഗസ്ഥൻ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്നുതള്ളിയ ഈ യുവതി ഇന്ന് ഓരോ ബ്രിട്ടീഷുകാരന്റെയും മനസ്സിലെ മായാത്ത നൊമ്പരമായി മാറിയിരിക്കുന്നു. ജീവിതത്തിലെ ഏതെങ്കിലുമൊക്കെ ഒരു അവസരത്തിൽ നഗരങ്ങളിലെ തിരക്കിൽ ഒറ്റപ്പെട്ടുപോവുന്ന സ്ത്രീകളുടെ നിലവിളിയായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് ആരും ആഹ്വാനം നൽകാതെ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വകവയ്ക്കാതെ നൂറുകണക്കിന് പേർ ഇന്നലെ അവൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ ഒത്തുചേർന്നത്.

തെക്കൻലണ്ടനിലെ ക്ലാഫാമിൽ ഇന്നലെ ഒത്തുകൂടിയ സ്ത്രീകൾ ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകളെ അതിക്രൂരമായിട്ടായിരുന്നു പൊലീസ് നേരിട്ടത്. ''നിങ്ങളെയോർത്ത് ലജ്ജിക്കുന്നു'', ''നിങ്ങളിലൊരാൾ അറസ്റ്റിലായി'' എന്നിങ്ങനെ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി ജനക്കൂട്ടം ആർത്തുവിളിച്ചപ്പോൾ അവർക്കിടയിൽ പ്രസംഗിക്കാൻ ശ്രമിച്ചവരെ തടയുവാൻ പൊലീസ് മുന്നിട്ടറിങ്ങി. സ്ത്രീകളായ പ്രതിഷേധക്കാരെ നിരത്തിൽ കമഴ്‌ത്തികിടത്തി കൈകളിൽ വിലങ്ങ് അണിയിക്കാൻ പൊലീസ് ശ്രമിച്ചതോടെ ജനക്കൂട്ടം അക്രമാസക്തരായി.

സ്ത്രീകളെ നിരത്തിൽ കിടത്തി കൈയാമം വയ്ക്കാൻ ശ്രമിച്ച നടപടിയെ ലണ്ടൻ മേയർ സാദിഖ് ഖാൻ ശക്തമായി അപലപിച്ചു. ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഒരു നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹോം സെക്രട്ടറി പ്രീതി പട്ടേലും രംഗത്തെത്തി. അതേസമയം, പൊലീസ് കമ്മീഷണർ ക്രെസ്സിഡ ഡിക്ക് രാജിവയ്ക്കണമെന്ന ആവശ്യവുമായി ലിബറൽ ഡെമോക്രാറ്റിക് നേറ്റാച് സർ എഡ് ഡേവിയും രംഗത്തെത്തി.

നേരത്തേ ഉച്ചയ്ക്ക്, സാറായുടേ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നവർക്കൊപ്പം ചേരാൻ കെയ്റ്റ് രാജകുമാരിയും എത്തിയിരുന്നു. തീർത്തും അപ്രതീക്ഷിതമായി, മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഈ ഹ്രസ്വ സന്ദർശനം. സാറയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം രാജകുമാരി മടങ്ങി. സാറയെ അവസാനമായി ജീവനോടെ കണ്ട ക്ലാഫാം കോമണിലെ ബാൻഡ് സ്റ്റാൻഡിലായിരുന്നു ആദരാഞ്ജലികൾ അർപ്പിക്കാൻ ജനക്കൂട്ടം തടിച്ചുകൂടിയത്. 1500 ൽ അധികം പേർ അവിടെ എത്തിയതായാൺ! ദൃക്സാക്ഷികൾ പറയുന്നത്.

സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ, അവിടെ കൂടിയിരുന്നവരുടെ മനോനില മനസ്സിലാക്കാതെയായിരുന്നു പൊലീസ് പെരുമാറിയത് എന്നാണ് പരക്കെ ഉയരുന്ന ആരോപണം. കായികശക്തികൊണ്ട് ജനക്കൂട്ടത്തെ പിരിച്ചുവിടാനായിരുന്നു പൊലീസ് ആദ്യം മുതൽക്കെ ശ്രമിച്ചിരുന്നത്. ഏതായാലും മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പൊലീസിന്റെ ഈ ഹീനമായ നടപടിക്കെതിരെ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയതോടെ കമ്മീഷണർ ഡിക്കിന്റെ ഭാവി തുലാസിലായിട്ടുണ്ട്. എന്നാൽ പൊലീസ് ഫെഡറേഷൻ ചെയർമാൻ കെൻ മാർഷ്, രാഷ്ട്രീയപാർട്ടികൾക്കെതിരെ രംഗത്തെത്തി. എന്തെങ്കിലും പ്രസ്താവനകൾ ഇറക്കുന്നതിനു മുൻപ് പാർട്ടികൾ അവിടെ എന്താണ് സംഭവിച്ചതെന്ന് പൂർണ്ണമായി മനസ്സിലാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആയിരങ്ങൾ മെഴുകുതിരികൾ തെളിയിച്ച് സാറായ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ''നിരത്തുകൾ തിരിച്ചുപിടിക്കുക'' എന്ന മുദ്രാവാക്യവുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നൂറുകണക്കിന് സ്ത്രീകൾ സംഘടിച്ചെത്തി സാറായ്ക്ക് അന്താഞ്ജലി അർപ്പിച്ചു. ഈ ആധുനികയുഗത്തിലും സ്ത്രീക്ക് വേണ്ട സുരക്ഷനൽകാൻ കഴിയുന്നില്ല എന്നതിന്റെതെളിവാണ് ഈസംഭവം എന്ന് ഇത്തരം പ്രതിഷേധ കൂട്ടായ്മകളെ അഭിസംബോധന ചെയ്ത വിവിധ വനിതാ നേതാക്കൾ പറഞ്ഞു, സ്ത്രീകളോടുള്ള പുരുഷന്മാരുടെ അക്രമങ്ങൾ അവർ തന്നെ നിർത്തണം എന്നു ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ കാമുകി സിമണ്ട്സിനൊപ്പം വീടിനു മുന്നിൽ മെഴുകുതിരി തെളിച്ച് സാറയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ ഉൾപ്പടെ പല പ്രമുഖരും മെഴുകുതിരി തെളിയിച്ച് സാറാക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സാറയ്ക്കും മറ്റനേകം വനിതകൾക്കുമായി, നിരത്തുകൾ വീണ്ടെടുക്കാം എന്നായിരുന്നു ചിത്രത്തോടൊപ്പം നിക്കോള സ്റ്റർജൻ ട്വീറ്റ് ചെയ്തത്.

ബ്രിസ്റ്റോൾ, ലീഡ്സ്, കേംബ്രിഡ്ജ്, കാർഡിഫ്, ബേൺമൗത്ത്, ബിർമ്മിങ്ഹാം, നോട്ടിങ്ഹാം തുടങ്ങി നിരവധി സ്ഥലങ്ങളിലും സാറയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഞങ്ങളെല്ലാവരും സാറമാരാണ് എന്നെഴുതിയപ്ലക്കാർഡുകളും ഏന്തി എത്തിയ സ്ത്രീകൾ, ഓരോ സ്ത്രീക്കും ഒറ്റക്ക് തീർത്തും സുരക്ഷിതമായി യാത്രചെയ്യത്തക്കവണ്ണം രാജ്യത്തെ നിരത്തുകൾ മാറണമെന്ന് ആവശ്യപ്പെട്ടു. അതിനായി നിരത്തുകളെ നമുക്ക് തിരിച്ചുപിടിക്കാം എന്നും അവർ ആഹ്വാനം ചെയ്തു.

സാറ എന്ന യുവതിയെ ബലാത്സംഗംചെയ്തുകൊന്നത് ഒരു പൊലീസുകാരനാണ് എന്നതാണ് ജനരോഷം ഇത്രയധികം വർദ്ധിക്കാൻ ഇടയായത്. പൊലീസ് സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ പിന്നെ ആരാണ് നികുതി നൽകുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ളത് എന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ചോദ്യം. ഇതെഴുതിയ പ്ലക്കാർഡുകളുമായായിരുന്നു സ്‌കോട്ട്ലാൻഡിലെ എഡിൻബർഗിൽ പ്രതിഷേധക്കാർ അണിനിരന്നത്.