ബ്രിട്ടനിൽ രോഗവ്യാപനം കുറയുകയാണെന്ന അഭിപ്രായത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് ശനിയാഴ്‌ച്ച കടന്നുപോയത്. 5,534 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 121 കോവിഡ് മരണങ്ങൾ മാത്രമാണ് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുകൾ വച്ചു നോക്കുമ്പോൾ രോഗവ്യാപനത്തിലും മരണനിരക്കിലും കാര്യമായ കുറവുതന്നെയാണ് ഇന്നലെയുണ്ടായത്. മരണനിരക്ക് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 45 ശതമാനമാണ് താഴ്ന്നത്.

രോഗവ്യാപനം കുറയുന്നതുപോലെ വാക്സിനേഷൻ പദ്ധതി പ്രതീക്ഷിച്ച വേഗതയിൽ പോകുന്നതും ബ്രിട്ടന് ആശ്വാസമേകുന്നുണ്ട്. ഇതുവരെ 23,68 മില്ല്യൺ ആളുകൾക്ക് വാക്സിൻ നൽകി. ഇതിൽ 1.45 മില്യൺ ആളുകൾക്ക് രണ്ടു ഡോസും നൽകിക്കഴിഞ്ഞു. അതുപോലെ ആർ നിരക്കും കുറഞ്ഞിട്ടുണ്ട്. ഒരാളിൽ നിന്നും എത്രപേരിലേക്ക് രോഗം പടരാം എന്നതു സൂചിപ്പിക്കുന്ന ആർ നിരക്ക് കുറയുന്നത് രോഗവ്യാപനം കുറയുന്നതിന്റെ ലക്ഷണമാണ്. നിലവിൽ ബ്രിട്ടനിൽ ആകമാനം 0.6 നും 0. 8നും ഇടയിലാണ് ആർ നിരക്ക് എന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശകസമിതി വെളിപ്പെടുത്തുന്നത്.

ആരോഗ്യവകുപ്പിന്റെ കണക്കുകൾക്കൊപ്പം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളും പ്രമുഖ സിംപ്ടം ട്രാക്കിങ് ആപിന്റെ കണക്കുകളും സൂചിപ്പിക്കുന്നത് രോഗ്യവ്യാപനം കുറയുന്നു എന്നുതന്നെയാണ്. ഓരോ ആഴ്‌ച്ചയിലും രോഗവ്യാപനതോതിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകുന്നു എന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുമ്പോൾ കിങ്സ് കോളേജ് ലണ്ടന്റെ സിംപ്ടം ട്രാക്കിങ് ആപ്പിന്റെ കണക്കിൽ പ്രതിവാരം 33 ശതമാനത്തിന്റെ കുറവാണ് രോഗവ്യാപനതോതിൽ ദൃശ്യമാകുന്നത്.

ഫ്ളോറിഡ പറയുന്നത് മൂന്നാം വരവ് ഉണ്ടാകില്ലെന്ന്

ബ്രിട്ടനിലെ കെന്റിൽ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച അതിവ്യാപന ശേഷിയുള്ള കൊറോണ അമേരിക്കയിൽ ഏറ്റവും അധികം വ്യാപിച്ചത് ഫ്ളോറിഡയിലാണ്.ഇവിടെ രേഖപ്പെടുത്തിയ കേസുകളിൽ പകുതിയലധികം പേരിലും കെന്റ് ഇനത്തിന്റെ സാന്നിദ്ധ്യമായിരുന്നു. എന്നാൽ, കഴിഞ്ഞ ജനുവരി മുതൽ മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ 75 ശതമാനം കുറവുണ്ടായതായി ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. കെന്റ് വകഭേദത്തിന് അതിന്റെ മുൻഗാമികളേക്കാൾ 70 ശതമാനം അധിക വ്യാപനശേഷിയുണ്ടെന്ന് കരുതുന്ന സാഹചര്യത്തിലാണ് ഈ വൻ കുറവ് ദൃശ്യമാകുന്നത്.

ജനിതകമാറ്റം സംഭവിച്ച ഈ ഇനം കൂടുതൽ അപകടകാരിയാണെന്നും വാക്സിനെ അതിജീവിക്കാനാകുമെന്നുമൊക്കെ ആശങ്കയുയരുന്ന ഈ ഘട്ടത്തിൽ ഫ്ളോറിഡയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് അവിടെ ഒരു നാലാം വരവ്ഉണ്ടാകാതെ നോക്കാൻ സാധിക്കുമെന്ന് തന്നയാണ്. ഇത് ബ്രിട്ടനും ഏറെ ആശ്വാസം പകരുന്നു. ഈ പുതിയ ഇനത്തിന്റെസാന്നിദ്ധ്യം ബ്രിട്ടനിൽ കോവിഡിന്റെ മൂന്നാം വരവിന് കളമൊരുക്കുമെന്ന മുന്നറിയിപ്പുകൾ പല കോണുകളിൽ നിന്നും ഉയരുന്ന സാഹചര്യത്തിൽ, അത് ഉണ്ടാകാൻ ഇടയിലെന്നു തന്നെയാണ് ഈ കണക്കുകൾ ബ്രിട്ടനെ ബോദ്ധ്യപ്പെടുത്തുന്നത്.