- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഗന്റെ മോഹം ചില്ലറയല്ല; ഓപ്ര വിൻഫ്രിയുടെ അഭിമുഖത്തിന്റെ ചുവടു പിടിച്ച് അമേരിക്കൻ പ്രസിഡണ്ടാവാൻ നീക്കങ്ങൾ തുടങ്ങി; ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാവാൻ ലോബിയിങ് തുടങ്ങി
ഓപ്ര വിൻഫ്രിയുടെ അഭിമുഖം ലോകമാകെ കോളിളക്കമുണ്ടാക്കിയപ്പോൾ അതിലൂടെ ലഭിച്ച വംശീയ വെറിയുടെ ഇര എന്ന പ്രതിച്ഛായ തന്റെ രാഷ്ട്രീയ രംഗപ്രവേശനത്തിന് ഉപയോഗിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മേഗൻ മെർക്കൽ.
വെസ്റ്റ്മിനിസ്റ്ററിൽ ഇപ്പോൾ പരന്നിരിക്കുന്ന അഭ്യുഹങ്ങൾ ശരിയാണെങ്കിൽ, ഇരവാദമുയർത്തി വൈറ്റ്ഹൗസിൽ എത്തിപറ്റാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മേഗൻ. ഡെമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ട് പ്രചാരണത്തിനും ഫണ്ട് റൈസിംഗിനും ഉള്ള ശ്രമത്തിലാണ് മേഗനെന്ന് വാഷിങ്ടണുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു മുതിർന്ന ലേബർ പാർട്ടി നേതാവ് പറയുന്നു. ഇതുരണ്ടും പ്രസിഡണ്ട് സ്ഥാനാർത്ഥിയാകാൻ അത്യാവശ്യമാണ്.
മേഗന്റെ അടുത്ത വൃത്തങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചില്ലെങ്കിലും നിഷേധിച്ചിട്ടില്ല. മാത്രമല്ല, ഹാരിയും മെഗനും അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് സമയത്ത് ചില രാഷ്ട്രീയ പരാമർശങ്ങൾ നടത്തി വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. നേരിട്ടല്ലെങ്കിൽ കൂടി ഇരുവരും ഡൊണാൾഡ് ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു. മേഗന്റെ രാഷ്ട്രീയ മോഹം ഡെമോക്രാറ്റിക് വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബാംഗത്തിനെ വിവാഹം കഴിച്ചിട്ടും മേഗൻ തന്റെ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാത്തത് വാഷിങ്ടൺ രാഷ്ട്രീയത്തിൽ താത്പര്യമുള്ളതുകൊണ്ടാണെന്ന് കഴിഞ്ഞവർഷം മേഗന്റെ ഒരു അടുത്ത സുഹൃത്ത് പറയുകയുമുണ്ടായി.
എന്നാൽ, അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ മേഗന് തന്റെ രാജപദവി ഉപേക്ഷിക്കേണ്ടിവരുമെന്ന് നിയമജ്ഞർ പറയുന്നു. നേരത്തെ പ്രസിഡണ്ട് തെരെഞ്ഞെടുപ്പുകാലത്ത് ഇവർ നടത്തിയ രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് കൊട്ടാരം അകലം പാലിച്ചിരുന്നു. ഇവർ കൊട്ടാരത്തിലെ ചുമതലകൾ വഹിക്കുന്ന അംഗങ്ങളല്ലെന്ന പ്രസ്താവനയും ഇറക്കിയിരുന്നു. 2024 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകണം എന്നതാണ് മേഗൻ ലക്ഷ്യം വയ്ക്കുന്നത് എന്നൊരു അഭ്യുഹത്തിന് ശക്തി കൂടിവരികയാണ്.
മേഗന്റെ ഈ സ്വപനം പൂവണിയുകയാണെങ്കിൽ, അമേരിക്കൻ പ്രസിഡണ്ടാവുന്ന ആദ്യ വനിതയായി മാറും ഇവർ. മാത്രമല്ല, ഒബാമയ്ക്ക് ശേഷം പ്രസിഡണ്ടാവുന്ന രണ്ടാമത്തെ വെള്ളക്കാരനല്ലാത്ത വ്യക്തിയും ആകും ഇവർ. അതുപോലെ റോണാൾഡ് റീഗനു ശേഷം സിനിമാ മേഖലയിൽ നിന്നെത്തുന്ന പ്രസിഡണ്ട് എന്നൊരു വിശേഷണം കൂടി മേഗന് ലഭിക്കും. 2020 തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകൾ വോട്ടുചെയ്യുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാണിക്കാനായി സ്ഥാപിച്ച സംഘടനയുടെ യോഗത്തിൽ മേഗൻ സംസാരിച്ചിരുന്നു.
മിഷേൽ ഒബാമയാണ് ഇതിന്റെ സഹസ്ഥാപക. ഒബാമ കുടുംബവുമായി മേഗനുള്ള അടുത്തബന്ധവും രാഷ്ട്രീയത്തിൽ മേഗന് അനുകൂലമായി വരും എന്നു കരുതുന്നവർ ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ