- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലെ പോലെ കോവിഡിനെ പ്രതിരോധിച്ച മറ്റൊരു രാജ്യമുണ്ടോ ? ബ്രിട്ടീഷ് മന്ത്രിയായ അഹമ്മദ് പ്രഭുവിന് ഇന്ത്യയെ സ്തുതിക്കാൻ വാക്കുകളില്ല; നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഡൽഹിയിലേക്ക്

ലോകം മുഴുവൻ കോവിഡിന്റെ ദുരന്തം പേറുമ്പോൾ, ആശ്വാസമായി എല്ലാവർക്കും മരുന്നെത്തിക്കാൻ ലോകത്തിന്റെ ഫാർമസിയായി മാറിയത് ഇന്ത്യയായിരുന്നു എന്നാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ലോർഡ് താരിഖ് അഹമ്മദ് പറയുന്നത്. ഇന്നുമുതൽ ആരംഭിക്കുന്ന അഞ്ചു ദിവസത്തെ ഇന്ത്യാസന്ദർശനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ബ്രിട്ടന്റെ വിദേശ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസിൽ ദക്ഷിണ ഏഷ്യയുടെ ചുമതലയുള്ള മന്തിര്യാണ് അദ്ദേഹം.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള കോവാക്സ് പദ്ധതിയിലൂടെ ലോകത്തെ എല്ലായിടങ്ങളിലും കോവിഡ് വാക്സിൻ എത്തിക്കാനുള്ള ശ്രമത്തിൽ ഇന്ത്യയും ബ്രിട്ടനും സഹകരിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ ഫാർമസി എന്ന നിലയിൽ ഇന്ത്യ നിർവഹിച്ച കർത്തവ്യം സ്തുത്യർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സന്ദർശനം ആരംഭിക്കുന്നതിനുമുള്ള ഒരു വെർച്വൽ അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കേവലം ഉഭയകക്ഷി ബന്ധത്തിൽ ഒതുങ്ങുന്നതല്ലെന്നും, ലോകത്തിന്റെ നല്ലൊരു ഭാവിക്കായി ഇരുരാജ്യങ്ങളും ചേർന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് ഈ കോവിഡ് കാല പ്രവർത്തനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് മുഴുവൻ ഈ മഹാമാരിക്കെതിരെ പോരാടാൻ ഇന്ത്യയും ബ്രിട്ടനും ഐക്യരാഷ്ട്ര സഭയുടെ കോവാക്സ് പദ്ധതി ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ സെക്യുരിറ്റി കൗൺസിൽ അംഗം എന്ന നിലയിലും ഇന്ത്യയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ബ്രിട്ടൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞൂ. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെല്ലാം ഇരു രാജ്യങ്ങൾക്കിടയിലുള്ള സഹകരണം വരുംകാലങ്ങളിൽ ഇനിയും ശക്തിപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചകളോടെയായിരിക്കും ലോർഡ് അഹമ്മദിന്റെ ഇന്ത്യാ സന്ദർശനം ആരംഭിക്കുക. പിന്നീട് അദ്ദേഹം ചണ്ഡീഗഡ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളും സന്ദർശിക്കും. മുംബൈയിൽ നടക്കുന്ന ഒരു നിക്ഷേപ സമ്മേളനത്തിൽ പങ്കെടുത്തശേഷം അദ്ദേഹം ബ്രിട്ടനിലേക്ക് മടങ്ങും. യുകെയും ഇന്ത്യയും തമ്മിലുള്ള വിപുലീകരിച്ച വ്യാപാരകരാർ ഒപ്പിടാൻ ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കമാണ് ഈ സന്ദർശനം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
വരുന്ന ജൂണിൽ യു കെയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലെത്തുന്നുണ്ട്. അതിനു മുൻപായിരിക്കുംബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയുടെ അവിശ്വസനീയവും എന്നാൽ അതിമനോഹരവുമായ വൈവിധ്യം, നാനാത്വം ഇതെല്ലാം എന്നും ലോകത്തിന് അദ്ഭുതമുണ്ടാക്കിയിട്ടുള്ളതാണെന്ന് പറഞ്ഞ മന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എന്നും ഊഷ്മളമായിരുന്നു എന്നും പറഞ്ഞു. ലോർഡ് അഹമ്മദിന്റെ പിതാവിന്റെ പിന്മുറക്കാർ പഞ്ചാബിൽ നിന്നുള്ളവരും മാതാവിന്റെ പിന്മുറക്കാർ രാജസ്ഥാനിൽ നിന്നുള്ളവരുമാണ്.

