- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായുടെ ചരിത്രം വളച്ചൊടിച്ച ജോസ് കെ മാണി മാപ്പ് പറയണമെന്ന് യുഡിഎഫ്
പാലാ: പാലായുടെ ചരിത്രം ജോസ് കെ മാണി പഠിക്കണമെന്ന് യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു. പന്നിക്കാടായിരുന്ന പാലായെ പട്ടണമാക്കി മാറ്റിയത് കെ എം മാണിയാണെന്ന എൽ ഡി എഫ് കൺവൻഷനിലെ ജോസ് കെ മാണിയുടെ പ്രഖ്യാപനം ചരിത്രത്തെ നിഷേധിക്കലാണ്. ആധുനിക പാലായുടെ ശില്പി പാലായുടെ പ്രഥമ ബിഷപ്പ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വയലിൽ ആണെന്ന കാര്യം ജോസ് കെ മാണി ബോധപൂർവ്വം വിസ്മരിച്ചു. പാലായുടെ പുരോഗതിയുടെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ള മീനച്ചിൽ കർത്താക്കന്മാർ, ചെട്ടിയാർ കുടുംബം എന്നിവരോടുള്ള വഞ്ചനയാണ് ഇത്. പാലായെ പന്നിക്കാടെന്നു വിളിച്ചാക്ഷേപിച്ചത് പ്രതിഷേധാർഹമാണ്.
ചരിത്രത്തെ തിരുത്താനുള്ള ജോസ് കെ മാണിയുടെ ശ്രമം പാലാക്കാരോടുള്ള വെല്ലുവിളിയും പാലാ രൂപതയുടെ സേവനങ്ങളോടും മീനച്ചിൽ കർത്താക്കന്മാരോടുമുള്ള അവഹേളനവുമാണ്. ചെറുപ്പകാലം മുതൽ ഏർക്കാട്ടെ സ്‌കൂളിൽ പഠിച്ചതിനാൽ പാലായുമായി ബന്ധമില്ലാത്തതും താനും പിതാവും മാത്രമേ പാലായിൽ വികസനം കൊണ്ടുവന്നിട്ടുള്ളൂവെന്ന് തെറ്റിദ്ധാരണ പരത്തി ചരിത്ര സത്യങ്ങളെ നിഷേധിക്കുകയാണ് അദ്ദേഹം.
സാക്ഷാൽ കെ എം മാണി അരനൂറ്റാണ്ട് കാലം പാലായിൽ കൊണ്ടു വികസനവും പാലാ രൂപത കൊണ്ടുവന്ന വികസനവും താരതമ്യം ചെയ്താൽ പാലാ രൂപതയുടെ മഹത്വം കാണാനാകും. കോളജുകളും സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളുമടക്കം ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ പാലാ രൂപതയുടേതാണ്. പതിനായിരക്കണക്കിന് പാലാക്കാർക്ക് വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും നൽകി തൊഴിലും സ്വദേശ- വിദേശ തൊഴിൽ സാധ്യതയും പകർന്ന് നൽകിയത് പാലാ രൂപതയാണ്. അതിന് തുടക്കം കുറിച്ചത് ബിഷപ്പ് വയലിൽ ആണ്. തുടർന്നു വന്ന പിതാക്കന്മാരും അവരവരുടേതായ പങ്ക് പാലായുടെ വളർച്ചയ്ക്ക് നൽകിയിട്ടുണ്ടെന്ന് യു ഡി എഫ് ചെയർമാൻ പറഞ്ഞു.
50 പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനം പോലും കൊണ്ടുവരാൻ കെ എം മാണിക്കു കഴിഞ്ഞിട്ടില്ല. തൊഴിൽ നൽകുമെന്ന് പറഞ്ഞ പാലാഴി ടയർ, മരങ്ങാട്ടുപ്പള്ളി സ്പിന്നിങ് മില്ല് തുടങ്ങിയവ പതിറ്റാണ്ടുകളായി വാഗ്ദാനം മാത്രമായി തുടരുന്നു. പാലായുടെ വികസനത്തിന് രാഷ്ട്രീയ നേതൃത്വം നൽകിയവരിൽ ആർ വി തോമസ്, ചെറിയാൻ ജെ കാപ്പൻ, കെ എം ചാണ്ടി, ജോർജ് തോമസ് കൊട്ടുകാപ്പള്ളി, ടി എ തൊമ്മൻ, പാലാ സെൻട്രൽ ബാങ്ക് ആരംഭിച്ച ജോസഫ് ആഗസ്തി കയ്യാലയ്ക്കകം, വ്യവസായ പ്രമുഖനായിരുന്ന ജോസഫ് മൈക്കിൾ മണർകാട് തുടങ്ങി നിരവധിയാളുകളുണ്ട്. അക്കൂട്ടത്തിൽ ഒരാൾ മാത്രമാണ് കെ എം മാണി.
പാലായുടെ മഹത്തായ ചരിത്രത്തെ വളച്ചൊടിച്ച് തന്റേതാക്കാനുള്ള ജോസ് കെ മാണിയുടെ ശ്രമം അപലപനീയമാണ്. തെറ്റിദ്ധാരണ പരത്തി പാലായുടെ ചരിത്രത്തെയും പാലാ രൂപതയുടെ സേവനങ്ങളെയും ഇകഴ്‌ത്തിയ സംഭവത്തിൽ ജോസ് കെ മാണി പാലായിലെ പൊതു സമൂഹത്തോട് മാപ്പ് പറയണം. ജോസ് കെ മാണിയുടെ പ്രസ്താവനയോടുള്ള നയം ഇടതുമുന്നണി വ്യക്തമാക്കണം.
പാലായുടെ ചരിത്രത്തെ തള്ളിപ്പറഞ്ഞ ജോസ് കെ മാണിക്കു പാലായിൽ മത്സരിക്കാൻ പോലും യോഗ്യതയില്ല. എം പി സ്ഥാനങ്ങൾ കളിപ്പാട്ടം കണക്കെ രാജിവച്ച് പാലാക്കാർക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയതും ജനാധിപത്യത്തെ കൊഞ്ഞനംകുത്തിയും എൽ ഡി എഫ് സ്ഥാനാർത്ഥിയാണെന്നും പ്രൊഫ സതീഷ് ചൊള്ളാനി പറഞ്ഞു.