- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീയതി മാറ്റിനൽകാമെന്ന വാക്കു പാലിച്ചില്ല; അവസരം നഷ്ടമായത് പിഎസ്‌സിയുടെ വാക്കു വിശ്വസിച്ച ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക്
കോഴിക്കോട്: പിഎസ്‌സിയുടെ പ്രിലിമിനറി പരീക്ഷ പ്രഖ്യാപിച്ച തീയതിയിൽ എഴുതാൻ കഴിയാതിരുന്നവർക്ക് മറ്റൊരുഅവസരം കൂടി നൽകുമെന്ന് പിഎസ്‌സി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഈ വാക്ക് വിശ്വസിച്ചവരെല്ലാം പ്രതിസന്ധിയിലായി. പരീക്ഷാ തീയതി മാറ്റി ലഭിക്കുന്നതിനായി അപേക്ഷിച്ച 13,000 പേരിൽ 11,000 പേർക്കും തീയതി മാറ്റിനൽകിയില്ല.ഇതോടെ ആദ്യ മൂന്ന് ഘട്ടത്തിൽ പരീക്ഷ എഴുതാതിരുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പ്രതിസന്ധിയിലായത്.
പത്താംക്ലാസ് യോഗ്യതയുള്ള എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് അടക്കമുള്ള വിവിധ തസ്തികകൾക്കെല്ലാം ചേർത്ത് ഇത്തവണ ഒറ്റ പ്രിലിമിനറി പരീക്ഷ ഏർപ്പെടുത്തുകയും അതു 4 ഘട്ടമായി നടത്തുകയുമായിരുന്നു. 17 ലക്ഷം ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള 4 തീയതികളിലായി ഹാൾ ടിക്കറ്റ് അനുവദിക്കുകയും ചെയ്തു. ആദ്യ 3 തീയതികളിൽ പരീക്ഷ എഴുതാൻ അസൗകര്യമുള്ളവർക്ക് അവസാന ഘട്ടത്തിലേക്കു മാറ്റി നൽകുമെന്നായിരുന്നു പിഎസ്‌സിയുടെ ഉറപ്പ്. എന്നാൽ അപേകഷിച്ചവരിൽ ഏറിയ പങ്കിനും പരീക്ഷാ തിയതി മാറ്റി നൽകിയിട്ടില്ല.
അപേക്ഷകരിൽ, പരീക്ഷാ ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവ തീയതി വരുന്ന/ പ്രസവം കഴിഞ്ഞ സ്ത്രീകൾ, കോവിഡ് പോസിറ്റീവ് ആയവർ, ഗുരുതരമായ അപകടം സംഭവിച്ചവർ, അംഗീകൃത യൂണിവേഴ്‌സിറ്റികളുടെ പരീക്ഷകളോ സർക്കാർ സർവീസിലേക്കു മറ്റു പരീക്ഷകളോ ഉള്ളവർ എന്നിവർ രേഖകൾ സഹിതം ആവശ്യപ്പെട്ടാൽ മാർച്ച് 13 ലേക്കു മാറ്റി അനുവദിക്കുമെന്നായിരുന്നു പിഎസ്‌സിയുടെ അറിയിപ്പ്.
ഇതേ തുടർന്ന് ആയിരക്കണക്കിന് ഉദ്യോഗാർഥികളാണു തീയതി മാറ്റത്തിന് അപേക്ഷിച്ചത്. അവർ മറ്റു തീയതികളിലൊന്നും പരീക്ഷ എഴുതാതെ മാർച്ച് 13 ലെ പരീക്ഷയ്ക്കു ഹാൾ ടിക്കറ്റ് പ്രതീക്ഷിച്ചിരിക്കുകയും ചെയ്തു. എന്നാൽ ഹാൾ ടിക്കറ്റ് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ല. വെറും 2000 പേർക്കു മാത്രമേ തീയതി മാറ്റി നൽകിയുള്ളൂ. പരീക്ഷ കഴിയുകയും ചെയ്തു. അതോടെ, പത്താം ക്ലാസ് യോഗ്യതയുള്ള അഞ്ചോളം തസ്തികകളിലേക്കുള്ള അവസരമാണ് അവർക്കു നഷ്ടമായത്. പ്രായപരിധി പിന്നിട്ട പലരുടെയും അവസാന അവസരവുമായിരുന്നു.