- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീകൾക്ക് ഭയമില്ലാതെ രാത്രിയാത്ര സാധ്യമാകുന്ന തെരുവുകൾക്ക് വേണ്ടി തെരുവിലിറങ്ങി ബ്രിട്ടീഷ് ജനത; സാറയുടെ മരണം ഉയർത്തിയ കോലാഹലങ്ങൾ തുടരുന്നു; നേരിട്ടിടപെട്ട് ബോറിസ് ജോൺസൺ

ലണ്ടൻ തെരുവിലൂടെ ഏകയായി നടന്നതുകൊണ്ടുമാത്രം ഒരു കാമഭ്രാന്തന്റെ ക്രൂരതയ്ക്കിടയായി ജീവൻ വെടിഞ്ഞ സാറാ എവെറാർഡ് ഇന്ന് ഒരു ഓമ്മപ്പെടുത്തലായി മാറിക്കഴിഞ്ഞിരിക്കുന്നു. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും, മനുഷ്യർക്കുള്ളിൽ ആ പഴയ കാട്ടാളൻ ഒളിഞ്ഞിരിപ്പുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. ശാസ്ത്രവും സാങ്കേതികവിദ്യയും എത്രയൊക്കെ വളർന്നാലും, ആൾക്കൂട്ടത്തിനിടയിൽ സ്ത്രീ സുരക്ഷിതയല്ലെന്ന ഓർമ്മപ്പെടുത്തൽ. ആ ഓർമ്മപ്പെടുത്തലാണ് ബ്രിട്ടീഷ് ജനതയെ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും തെരുവുകളിലേക്ക് വലിച്ചിഴയ്ക്കുന്നത്.
ശനിയാഴ്‌ച്ച സാറയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒത്തുകൂടിയവരോട് പൊലീസ് കാണിച്ച അതിക്രമം പല കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയർത്തിയിരുന്നു. മൂന്ന് പ്രധാന രാഷ്ട്രീയപാർട്ടികളും സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ചു. കമ്മീഷണറുടെ രാജിക്കുള്ള ആവശ്യം വരെ ഉയര്ന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ പാർലമെന്റ് ചത്വരത്തിനു പുറത്ത് ന്യു സ്‌കോട്ട്ലാൻഡ് യാർഡിൽ ഇന്നലെ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയൈത്തരം ഒത്തുചേരലുകൾ നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പുകൾ അവഗണിച്ചായിരുന്നു ഏകദേശം 1500 ഓളം വരുന്ന ജനക്കൂട്ടം അവിടെ തടിച്ചുകൂടിയത്.
മെറ്റ് പൊലീസ് ആസ്ഥാനത്തിനു ചുറ്റും കനത്ത കാവൽ ഏർപ്പെടുത്തിയിരുന്നു. അതുപോലെ തൊട്ടടുത്തള്ള വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്കും. കഴിഞ്ഞവർഷത്തെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭണത്തിനിടയിൽ ഈ പ്രതിമ വികൃതമാക്കിയിരുന്നു. പൊലീസിനെതിരെ കടുത്ത ഭാഷയിൽ മുദ്രാവാകും മുഴക്കിയ ജനക്കൂട്ടം, പ്രതിമകളേയല്ല വനിതകളേയാണ് സംരക്ഷിക്കേണ്ടതെന്നും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
മുഴുവൻ ബ്രിട്ടീഷ് ജനതയുടെയും ആശങ്കകളുടെ പ്രതീകമായി സാറ മാറിയതോടെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യത്തിൽ നേരിട്ട് ഇടപെടുകയാണ്. ബ്രിട്ടീഷ് തെരുവുകളിൽ സ്ത്രീ സുരക്ഷ എങ്ങനെ ഉറപ്പുവരുത്താം എന്നതിനെ കുറിച്ച് ആലോചിക്കുവാനായി ഇന്ന് ക്രൈം ആൻഡ് ജസ്റ്റിസ് ടാസ്‌ക്ഫോഴ്സിന്റെ ഒരു യോഗം പ്രധാനമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്. സാറയുടെ മരണശേഷം നിരവധി സ്ത്രീകൾ അവർക്ക് തെരുവുകളിൽ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും അപമാനിക്കലുകളുമെല്ലാം തുറന്നുപറഞ്ഞ് എത്തിയിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തിൽ നേരിട്ട് ഇടപെടുന്നത്.
തികച്ചും വേദനാജനകമായ ഈ സംഭവം അക്രമങ്ങൾക്കെതിരെ ബ്രിട്ടീഷ് ജനതയെ ഒന്നിപ്പിക്കണം എന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ തടയാനുള്ള നിശ്ചയദാർഢ്യത്തോടെ നമ്മൾ മുന്നോട്ട് പോകണം എന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച്ച നടന്ന പൊലീസ് അതിക്രമവുമായി ബന്ധപെട്ട് കമ്മീഷണറുമായി സംസാരിച്ചു എന്നും അതിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഹോം സെക്രട്ടറിയും ഇക്കാര്യത്തിൽ ഇടപെടുന്നുണ്ട്.
അതേസമയം തന്റെ രാജിക്കായി ഉയരുന്ന മുറവിളികളെ അവഗണിക്കുകയാണ്മെറ്റ് പൊലീസ് കമ്മീഷണർ ക്രെസ്സിഡ ഡിക്ക്. പൊലീസ് നടപടികളെ ന്യായീകരിക്കുക തന്നെയാണവർ. കോവിഡ് കാലത്ത് ഇത്തരത്തിലുള്ള ഒത്തുചേരലുകൾ നിയമവിരുദ്ധമാണെന്നും അതുതടയാനുള്ള നടപടികൾ സ്വീകരിക്കുക മാത്രമെ ചെയ്തിട്ടുള്ളുമെന്നുമാണ് അവർ വാദിക്കുന്നത്. രാജിവയ്ക്കുമോ എന്ന ചോദ്യത്തിന്, നല്ല ഉറച്ച ശബ്ദത്തിൽ തന്നെയാണവർ ഇല്ല എന്ന മറുപടി നൽകിയത്.

