ഭാരത് ബയോടെക്കിന്റെ കോവാക്സിനൊപ്പം ഇന്ത്യയിൽ ഉപയോഗിക്കുന്ന ഓക്സ്ഫോർഡ്- അസ്ട്രസെനെകാ വാക്സ്ൻ യൂറോപ്പിൽ കൂടുതൽ രാജ്യങ്ങളിൽ നിരോധിക്കപ്പെടുകയാണ്. നെതർലൻഡ്സാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ ഈ വാക്സിന് നിരോധനം ഏർപ്പിടുത്തിയിരിക്കുന്നത്. ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്നു എന്ന് നോർവേയിൽ നിന്നും ഡെന്മാർക്കിൽ നിന്നും റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 29 വരെയാണ് ഈ വാക്സിൻ നൽകുന്നത് നിരോധിച്ചിരിക്കുന്നത്.

ഈ വാക്സിൻ സ്വീകരിച്ച മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രക്തസ്രാവം, രക്തം കട്ടപിടിക്കൽ, രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങളാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടതായി വന്നു. കഴിഞ്ഞ ശനിയാഴ്‌ച്ച ഈ വാർത്ത പുറത്തുവന്നതോടെ ചില യൂറോപ്യൻ രാജ്യങ്ങൾ ഈ വാക്സിന് നിരോധനം ഏർപ്പെടുത്തി രംഗത്തുവന്നു. ഇതുവരെ അഞ്ചു രാജ്യങ്ങളിലാണ് ഈ വാക്സിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഐയർലാൻഡ്, ഡെന്മാർക്ക്, ഐസ്ലാൻഡ്, നോർവേ, നെതർലാൻഡ്സ് എന്നിയയാണ് ആ രാജ്യങ്ങൾ.

അതേസമയം തങ്ങളുടെ വാക്സിൻ തികച്ചും സുരക്ഷിതമാണെന്നാണ് അസ്ട്രസെനെക്കാ അവകാശപ്പെടുന്നത്. ബ്രിട്ടനിലും വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുമായി ഇതുവരെ 17 മില്ല്യൺ ആളുകൾക്ക് തങ്ങളുടെ വാക്സിൻ നൽകിക്കഴിഞ്ഞെന്നും ഒരിടത്തും ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. നൂറിൽ താഴെ കേസുകളിൽ മാത്രമാണ് രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടായിട്ടുള്ളതെന്നും അവർ പറയുന്നു.

നേരത്തേ ഐറിഷ് റിപ്പബ്ലിക്കിലേക്കുള്ള വാക്സിൻ വിതരണം അതിവേഗത്തിലാക്കണം എന്നുപറഞ്ഞ് അസ്ട്രസെനെക്കയുടെ മേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, പുതിയ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ അസ്ട്രസെനെക്ക വാക്സിൻ തത്ക്കാലത്തെക്ക് നിർത്തിവയ്ക്കുകയാണ് അയർലൻഡ്. അതേസമയം രക്തം കട്ടപിടിക്കുന്നതിന് കാരണം വാക്സിനാണേന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന് ഐറിഷ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയിലെ ഡോ. ഫിൽ ബ്രിയാൻ പറയുന്നു.

വാക്സിനെ കുറിച്ചുള്ള പുനർപഠനത്തിൽ ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഒരു പ്രായക്കരിലും ഉണ്ടാകുന്നതായി കണ്ടെത്താനായില്ല എന്നാണ് അസ്ട്രസെനെക്ക പറയുന്നത്. അതേസമയം ഈ വാക്സിൻ എടുത്തതിനെ തുടർന്ന് ഒരു അദ്ധ്യാപിക മരണമടഞ്ഞ ഇറ്റലിയിലെ പീഡ്മോണ്ട് മേഖലയിലും വാക്സിൻ തത്ക്കാലത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, വാക്സിനാണ് ഇതിനു കാരണമെന്ന് തെളിഞ്ഞിട്ടില്ല എന്ന നിലപാടു തന്നെയാണ് യൂറോപ്യൻ മെഡിസിൻസ് ഏജവ്സിയും എടുക്കുന്നത്.

നോർവേയിൽ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായതായ വാർത്ത് നോർവീജിയൻ സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പാർശ്വഫലങ്ങളെകുറിച്ചും കൂടുതൽ അന്വേഷിക്കുമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വ്യക്തമാക്കിയിട്ടുണ്ട്. അസ്ട്രസെനെക്കയുടെ വാക്സിനാണ് ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റിയുട്ട് നിർമ്മിക്കുന്നത്.