ടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ, പ്രതീക്ഷിച്ചതിലും വേഗത്തിൽ മുന്നോട്ട് നീങ്ങുന്ന വാക്സിൻ പദ്ധതി; ഇത് രണ്ടും ഒരുമിച്ചപ്പോൾ കൊറോണ തോറ്റു തലകുനിക്കുന്ന കാഴ്‌ച്ചയാണ് ബ്രിട്ടനിൽ കാണുന്നത്. കോവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞുവരുന്നു എന്നുള്ളതിന്റെ സൂചനയാണ് ഇന്നലെയും ലഭിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ രേഖപ്പെടുത്തിയത്. മരണനിരക്കിൽ 32 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്.

ഒക്ടോബർ 12 ന് ശേഷം ഏറ്റവും കുറവ് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ ദിവസം കൂടിയായിരുന്നു ഇന്നലെ. അതേസമയം ഇന്നലത്തെ കണക്കുകൾ പ്രകാരം ബ്രിട്ടനിൽ ഇതുവരെ രണ്ടരക്കോടിയിലധികം പേർക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. ഇന്നലെ വാക്സിൻ എടുത്ത പ്രമുഖരിൽ ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമറും ഉൾപ്പെടുന്നു. 58 കാരനായ അദ്ദേഹം ഹോൾബോണിലാണ് ഇന്നലെ വാക്സിൻ എടുത്തത്.

വാക്സിൻ എടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനൊപ്പം കുറഞ്ഞുവരുന്ന രോഗവ്യാപനതോതും സൂചിപ്പിക്കുന്നത് ബ്രിട്ടീഷുകാർക്ക് ഈ വർഷത്തെ വേനൽ ആസ്വദിക്കാൻ കഴിയുമെന്നു തന്നെയാണെന്ന് പ്രൊഫസർ നീൽ ഫെർഗുസൺ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ തനിക്ക് 80 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞൂ. പ്രൊഫസർ ലോക്ക്ഡൗൺ എന്നറിയപ്പെടുന്ന അദ്ദേഹം പറഞ്ഞത്, വാക്സിൻ കാരണം നിയന്ത്രണങ്ങൾ വളരെ കുറച്ചു മാത്രമെ വേനൽക്കാലത്തുണ്ടാകാൻ ഇടയുള്ളു എന്നാണ്.

അതിനിടയിൽ നിലവിലെ ലോക്ക്ഡൗൺ നിയമങ്ങൾ ആറുമാസത്തേക്ക് കൂടി നീട്ടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അത് നടപ്പിലാക്കണമെങ്കിൽ മാർച്ച് 25 ന് മുൻപായി പാർലമെന്റ് അനുമതി നൽകണം. എന്നാൽ ഇപ്പോൾ ഭരണകക്ഷി അംഗങ്ങളിൽ നിന്നുപോലും ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് നേരിടുകയാണ് ബോറിസ് ജോൺസൺ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടണമെങ്കിൽ ആറു മാസത്തേക്ക് നീട്ടണം എന്നതിനാൽ, ഈസ്റ്ററിനു മുൻപുള്ള വോട്ടെടുപ്പിൽ അത് പാസ്സായാൽ സെപ്റ്റംബർ വരെ നിയന്ത്രണങ്ങൾ നീളൂം. നിലവിലെ പദ്ധതി അനുസരിച്ച് ജൂൺ മാസമാകുമ്പോഴേക്കും മിക്ക നിയന്ത്രണങ്ങളും പിൻവലിക്കപ്പെടേണ്ടതാണ്.

എന്നാൽ അതിനേക്കാൾ വലിയൊരു പ്രതിസന്ധി ബോറിസ് ജോൺസൺ നേരിടുന്നുണ്ട്. നിലവിലെ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയമങ്ങൾ മാർച്ച് 25 ന് മുൻപായി വീണ്ടും പാർലമെന്റിന്റെ അനുമതീ നേടേണ്ടതുണ്ട്. എന്നാൽ ടോറിയിലെ വിമതർ, ആ ബില്ലിനെ എതിർത്ത് വോട്ടുചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ടോറിയിലെ നിരവധി എം പിമാർ ലോക്ക്ഡൗൺ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന അഭിപ്രായക്കാരാണ്. അവർ ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള അനുമതിക്കെതിരെ വോട്ടുചെയ്യുമെന്നതും ഉറപ്പാണ്.

അശുഭാപ്തി വിശ്വാസം മുഴച്ചുനിൽക്കുന്ന ഒരു മാതൃക പിന്തുടർന്ന്, കാലഹരണപ്പെട്ട രീതികൾ പ്രകാരംനേരത്തേ പ്രഖ്യാപിച്ച തീയതികളിൽ ഉറച്ചു നിൽക്കുന്നത് മണ്ടത്തരമാണെന്നാണ് കൊറോണവൈറസ് റിക്കവറി ഗ്രൂപ്പ് ചെയർമാൻ മാർക്ക് ഹാർപ്പർ പറഞ്ഞത്. കുറഞ്ഞുവരുന്ന രോഗവ്യാപനവും വിജയകരമായി മുന്നോട്ട് പോകുന്ന വാക്സിൻ പദ്ധതിയുമൊക്കെ വിലയിരുത്തി ലോക്ക്ഡൗൺ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ സർക്കാർ ശാസ്ത്രത്തിൽ വിശ്വസിക്കുന്നില്ല എന്നതിന്റെ സൂചനയാണതെന്നും അദ്ദേഹം പറഞ്ഞു.