ഏറ്റുമാനൂർ: വാഹന ഇടപാടുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെ എന്നുറപ്പിച്ച് പൊലീസ്. ഏറ്റുമാനൂർ ചുണ്ടകാട്ടിൽ സതീശ് കുമാറി (തമ്പി 54)നെയാണ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണർകാട് ബൈപാസ് റോഡിൽ കെഎൻബി ജംക്ഷന് സമീപം പട്രോളിങ് പൊലീസുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാറിന്റെ സീറ്റ് പിന്നിലേക്ക് വലിച്ചുവച്ച നിലയിലായിരുന്നു. കാറിനുള്ളിൽ വിഷക്കുപ്പിയും കണ്ടെത്തി. വാഹന കച്ചവടവും സാമ്പത്തിക ഇടപാടുകളും നടത്തിവന്നിരുന്നയാളാണ് സതീശ് കുമാറെന്നു പൊലീസ് പറഞ്ഞു. നേരത്തെ സ്പിരിറ്റ് കടത്തു കേസിലും പ്രതിയായിട്ടുണ്ട്. ആത്മഹത്യയാണെന്ന് ഡിവൈഎസ്‌പി എം.അനിൽകുമാർ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷീല. മക്കൾ: ശ്രീജിത്ത്, അഭിജിത്ത്.