കൊല്ലം: കുതിരകളുടെ കരച്ചിൽ കേട്ടു നാട്ടുകാർ ലോറി തടഞ്ഞ് പരിശോധിച്ചപ്പോൾ ലോറിയിലുണ്ടായിരുന്ന നാലു കുതിരകളിൽ ഒരെണ്ണം ചത്ത നിലയിൽ. മറ്റുള്ളവയെ അവശനിലയിൽ കണ്ടെത്തി. മതിയായ സൗകര്യമൊരുക്കാതെ കൊടുംചൂടിൽ കെട്ടിയിട്ട് എത്തിച്ച കുതിരകളാണ് അവശ നിലയിലായത്. മൈസൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു കൊണ്ടുപോകുന്നതിനിടെയാണ് നാട്ടുകാർ ലോറി നിർത്തി പരിശോധിച്ചത്.

ഇന്നലെ രാവിലെ 11നു ചവറയിൽ എത്തിയപ്പോൾ കുതിരകളുടെ കരച്ചിൽ കേട്ടു നാട്ടുകാർ ലോറി തടയുകയായിരുന്നു. ഒരു കുതിര ലോറിയിൽ നിന്നു പുറത്തേക്കു വീഴാവുന്ന നിലയിലായിരുന്നു. വാഹനം നിർത്തിയ ഉടൻ ഡ്രൈവറും സഹായിയും കടന്നുകളഞ്ഞു. ഇതോടെ ദേശീയപാതയിൽ ഗതാഗതതടസ്സമായി. പിന്നീട് പൊലീസ് എത്തിയാണു ലോറി മാറ്റിയത്.

എന്നാൽ ലോറിയിലുണ്ടായിരുന്ന കുതിരകളെ നിയന്ത്രിക്കാൻ ആർക്കും കഴിയാതിരുന്നതോടെ പൊലീസും വലഞ്ഞു. കുതിരയെ പരിപാലിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഓച്ചിറ സ്വദേശി നൗഫൽ എത്തിയാണു കുതിരകളെ പുറത്തിറക്കിയത്. ഇവയുടെ ശരീരത്തിൽ മുറിവുകളുമുണ്ട്. ചത്ത കുതിരയെ കരുനാഗപ്പള്ളിയിൽ മറവു ചെയ്തു. മറ്റുള്ളവയെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.