കൊച്ചി: മഹാരാജാസിൽ സംഘടനാപ്രവർത്തനത്തിനു വിസമ്മതിച്ചതിന് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം മർദ്ദിച്ചതായും റാഗിങിന് വിധേയമാക്കിയതായും പരാതി. കോളേജിലെ ബിഎ മലയാളം ഒന്നാം സെമസ്റ്റർ വിദ്യാർത്ഥി മലപ്പുറം അരീക്കോട് സ്വദേശി റോബിൻസണാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായത്.

മർദനമേറ്റ വിദ്യാർത്ഥി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. റോബിൻസന്റെ പരാതിയിൽ മഹാരാജാസ് കോളജിലെ വിദ്യാർത്ഥികളായ എം.എസ്. അഖിൽ, ജിതിൻ ജോൺസൺ, അഖിൽ പുഷ്പൻ, നന്ദു, ആദർശ്, ജെറി, രാജു എന്നിവർക്കെതിരെ കേസെടുത്തതായി സെൻട്രൽ പൊലീസ് അറിയിച്ചു.

സ്‌കൂളിൽ എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന റോബിൻസൺ കോളജിലെത്തിയപ്പോൾ സംഘടനാ പ്രവർത്തനം നടത്തണമെന്നും പിരിവിനു പോകണമെന്നും എസ്എഫ്‌ഐ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ എൻസിസി പ്രവർത്തനമുള്ളതിനാൽ രാഷ്ട്രീയപ്രവർത്തനത്തിൽ നിന്നും ഒഴിവായി. കോളജ് ഹോസ്റ്റലിൽ പ്രവേശനം ലഭിക്കാത്തതിനാൽ നാട്ടുകാരനൊപ്പം മുളവുകാട്ടെ വാടകമുറിയിലാണു റോബിൻസൺ കഴിഞ്ഞിരുന്നത്.

ഹോസ്റ്റൽ മുറി ശരിയാക്കിത്തരാമെന്നു കോളജിലെ 2 സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് കഴിഞ്ഞ 12നു രാത്രി എട്ടോടെയാണു ഹോസ്റ്റലിലെത്തിയത്. എന്നാൽ ഇവിടെ എത്തിയതിന് പിന്നാലെ 86ാം നമ്പർ മുറിയിൽ എത്തിച്ച് മർദ്ദിക്കുക ആയിരുന്നു. മുറിയിൽ എസ്എഫ്‌ഐ നേതാക്കളടക്കം പതിനഞ്ചോളം പേരുണ്ടായിരുന്നു. മുറിയിലെത്തിയ റോബിൻസണോട് സംഘടനാപ്രവർത്തനത്തിനിറങ്ങണമെന്ന് എസ്എഫ്‌ഐ പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ചപ്പോൾ മർദിക്കുകയായിരുന്നു.

മുഖത്തും നടുവിനും കാൽമുട്ടിനുമൊക്കെ മർദനമേറ്റു. പിവിസി പൈപ്പ് കൊണ്ടു കുത്തുകയും പട്ടികക്കഷണം കൊണ്ടു മുട്ടിനു താഴെ തല്ലുകയും ചെയ്തു. ബോധം പോയപ്പോൾ തലവഴി വെള്ളമൊഴിച്ചു. മുണ്ടും ഷർട്ടും അഴിച്ചുമാറ്റി ദൃശ്യങ്ങൾ പകർത്തി. നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടു. മണിക്കൂറുകൾ നീണ്ട മർദനത്തിനൊടുവിൽ 12 മണിയോടെ മുറിയിൽ പൂട്ടിയിട്ടു. മൊബൈൽ ഫോൺ അവർ വാങ്ങിവച്ചിരുന്നു.പിറ്റേന്ന് 11 മണിയോടെയാണു 2 പേർ വന്നു മുറി തുറന്നു പുറത്തുവിട്ടതെന്നും റോബിൻസൺ പറയുന്നു.

സംഭവം പുറത്തു പറഞ്ഞാൽ തല്ലുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും കോളജ് വിദ്യാഭ്യാസം അവസാനിപ്പിക്കുമെന്നുമൊക്കെ എസ്എഫ്‌ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി. വാടക മുറിയിലെത്തിയ റോബിൻസൺ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. കോളജ് പ്രിൻസിപ്പലിനു പരാതി നൽകിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്നും യുജിസിക്കും പരാതി നൽകിയെന്നും റോബിൻസൺ അറിയിച്ചു. മർദനം കാരണം ഇടതു ചെവിക്കു കേൾവിക്കുറവുണ്ടെന്നും പറഞ്ഞു.

അതേസമയം, റോബിൻസണിനെതിരെ തങ്ങൾ നൽകിയ പരാതിയിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് ആരോപണമുന്നയിക്കുന്നതെന്ന് എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. റോബിൻസണിന്റെ പരാതി ആന്റി റാഗിങ് സെല്ലിനു കൈമാറിയതായി കോളജ് പ്രിൻസിപ്പൽ അറിയിച്ചു.