ആലപ്പുഴ: കായംകുളത്ത് നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്ന പ്രതിഭയും അരിതയും കടുത്ത എതിരാളികളാണ്. മത്സരബുദ്ധിയിൽ രണ്്ട് പേരും പിന്നോട്ടല്ലെങ്കിലും രണ്ടുപേരും ഒരുമിച്ച ഒരു സന്ദർഭമുണ്ടായിരുന്നു, ഗോത്രവർഗ വേഷത്തിൽ. അന്ന് ഇരുവരും ഒരു പോലെ ധരിച്ച വേഷം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു വർഷം മുമ്പ് ഇരുവരും ഗോത്ര വർഗ വേഷമണിഞ്ഞ് പ്രത്യക്ഷപ്പെട്ടതാണ് ഇന്ന് ചൂടൻ ചർച്ചയായിരിക്കുന്നത്.

2019 ഡിസംബർ ഒൻപതിനു മാവേലിക്കരയിൽ നടന്ന 'ഗദ്ദിക-2019' വേദിയായിരുന്നു അത്. മേളയിലെ ഒരു സ്റ്റാളിൽ ഗോത്രവർഗങ്ങളുടെ വേഷങ്ങളണിയാൻ അവസരം ഒരുക്കിയിരുന്നു. വേഷമണിഞ്ഞു ഫോട്ടോയെടുക്കുന്നതിനു ചെറിയ തുക നൽകിയാൽ മതി. ഗോത്രവർഗസ്ത്രീകൾ അണിയിച്ചൊരുക്കും.

മേളയിൽ പങ്കെടുക്കാനെത്തിയ യു. പ്രതിഭ എംഎ‍ൽഎ. വിവാഹവേഷം അണിഞ്ഞു. ഫോട്ടോയുമെടുത്തു. പിന്നാലെ, ജില്ലാ പഞ്ചായത്തംഗമായിരുന്ന അരിതാ ബാബുവും അവിടെയെത്തി. അരിതയും ഇതാവർത്തിച്ചു. രണ്ടുപേരും ഒരുമിച്ചുനിന്നും ചിത്രങ്ങളെടുത്തു. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ജെ. രമാകാന്താണു രണ്ടുപേരുടെയും ചിത്രമെടുത്തത്. ഈ ചിത്രങ്ങൾ തിരഞ്ഞെടുപ്പുവേളയിൽ വൈറലാവുകയാണ്.