- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപേക്ഷിച്ചാൽ ഒരു മാസത്തിനകം വൈദ്യുതി കണക്ഷൻ നൽകണം; ഹൈക്കോടതി
കൊച്ചി: അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം വൈദ്യുതി കണക്ഷൻ നൽകണമെന്ന് ഹൈക്കോടതി. . വെള്ളവും വൈദ്യുതിയും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യമായ ഭാഗമാണെന്നും വൈദ്യുതി ഒരു മാസത്തിനകം ലഭ്യമാക്കാൻ കെഎസ്ഇബിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്നു ജസ്റ്റിസ് മുരളി പുരുഷോത്തമൻ വ്യക്തമാക്കി.
മലപ്പുറം കുറ്റിപ്പാല സ്വദേശി പി. സൈനുദ്ദീന് വൈദ്യുതി കണക്ഷൻ നൽകാനുള്ള ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിന്റെ ഉത്തരവു പാലിക്കാത്തതിനു ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പിഴ ശിക്ഷ വിധിച്ചതിനെതിരെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.എൻ. രവീന്ദ്രനാഥൻ, അസി. എൻജിനീയർ കെ. കീരൻ എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം.
300 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിലേക്ക് വൈദ്യുതി കണക്ഷനുവേണ്ടി 2013 മേയിലാണ് സൈനുദ്ദീൻ അപേക്ഷ നൽകിയത്. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതിനെതിരായ പരാതിയിൽ ഫോറം നൽകിയ ഉത്തരവ് പാലിച്ചില്ല. തുടർന്നു സൈനുദ്ദീൻ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനു നൽകിയ പരാതിയിൽ രവീന്ദ്രനാഥൻ 50,000 രൂപയും കീരൻ 25,000 രൂപയും പിഴയടയ്ക്കാൻ ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
വൈദ്യുതി നിയമത്തിലെ 43ാം വകുപ്പനുസരിച്ച് അപേക്ഷ ലഭിച്ചാൽ ഒരുമാസത്തിനകം കണക്ഷൻ നൽകണമെന്നാണ് വ്യവസ്ഥയെന്നു കോടതി ചൂണ്ടിക്കാട്ടി. റെഗുലേറ്ററി കമ്മിഷന്റെ നടപടിയിൽ ഇടപെടാൻ കാരണമില്ലെന്നു വ്യക്തമാക്കി ഹർജി തള്ളി. ഹർജി നിലനിൽക്കുന്നതിനിടെ, സൈനുദ്ദീനു വൈദ്യുതി കണക്ഷൻ നൽകിയെന്നു ബോർഡ് അറിയിച്ചിരുന്നു.