തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഒരു ലക്ഷത്തിനടുത്ത് വരുന്ന കുട്ടികളുടെ തിരിച്ചറിയൽ രേഖ സംശയാസ്പദമാണെന്ന കെറ്റ് കണ്ടെത്തലിൽ തുടർനടപടികളെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്. 91860 കുട്ടികളുടെ യുഐഡി സംശയാസ്പദമാണെന്ന് കൈറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 46147 കുട്ടികളുടെ യുഐഡി വ്യാജമാണെന്നും ഐടി മിഷന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ കൈറ്റിന്റെ റിപ്പോർട്ടിൽ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തുടർ നടപടികളെടുത്തിട്ടില്ല.

പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ വർധിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്ന വിവാദങ്ങൾക്കിടെയാണ് യുഐഡി പുനഃപരിശോധന നടത്തിയില്ലെന്ന വിവരം പുറത്തുവരുന്നത്. ഇക്കാര്യത്തിൽ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ജനുവരിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്തു നൽകിയിരുന്നു. വ്യാജമെന്നു കണ്ടെത്തിയ 46147 യുഐഡികളിൽ 15551 എണ്ണം സർക്കാർ സ്‌കൂളുകളിലും 23119 എണ്ണം എയ്ഡഡ് സ്‌കൂളുകളിലും 7477 എണ്ണം അൺഎയ്ഡഡ് സ്‌കൂളുകളിലുമാണ്. സംശയമുള്ള 91860 യുഐഡികളിൽ 33156 എണ്ണം സർക്കാർ സ്‌കൂളുകളിലും 47960 എണ്ണം എയ്ഡഡ് സ്‌കൂളുകളിലുമാണ്.

സർക്കാർ പരിശോധനയിലൂടെ വ്യാജക്കണക്ക് കണ്ടെത്തിയിട്ടും അക്കാര്യം പരിശോധിക്കാതെയാണ് 6.8 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ വർധിച്ചുവെന്നു സർക്കാർ അവകാശവാദമുന്നയിക്കുന്നതെന്നു സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർ ഖാൻ ആരോപിച്ചു. സർക്കാർ പുറത്തുവിട്ട 2020-21ലെ കുട്ടികളുടെ കണക്കിൽ എത്ര വ്യാജ യുഐഡി ഉണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ പുറത്തുവിടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.