ടെഹ്‌റാൻ: ഭർത്താവിന്റെ മുന്നിലിട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നാല് പുരുഷന്മാരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കി. ഭർത്താവിന്റെ കയ്യും കാലും ബന്ധിച്ച ശേഷം അദ്ദേഹത്തിന്റെ കൺമുന്നിലിട്ടാണ് നാലംഗ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഭർത്തുവുമൊത്ത് പർവ്വതാരോഹണത്തിന് പോയപ്പോഴാണ് യുവതി കട്ടബലാത്സംഗത്തിന് ഇരയായത്.

ഭാര്യയും ഭർത്താവും ചേർന്ന് ഖൊറസാൻ റസാവി പ്രോവിൻസിലെ പർവ്വതം കയറുന്നതിനിടയിലാണ് നാലംഗ സംഘം ബലാത്സംഗത്തിന് ഇരയാക്കിയത്. നാലുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇറാൻ സുപ്രീം കോടതി നാലു പേർക്കും വധശിക്ഷ വിധിക്കുക ആയിരുന്നു. പ്രതികൾക്കായി പൊലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് നാലു പേരെയും തിങ്കളാഴ്ച തൂക്കി കൊന്നത്.

റുഹള്ള ജാവിദി റാദ്, മുഹമ്മദ് സയ്യ്ദി ഭഗ്‌സാങ്കി, മുഹമ്മദ് ഹൊസ്‌നി, മുഹമ്മദ് വദൻദൂസ്ത് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. യുവതിയെ കിഡ്‌നാപ്പ് ചെയ്തതിനും ബലാത്സംഗം ചെയ്തതിനും ഭർത്താവിനെ ഉപദ്രവിച്ചതിനും ചേർത്താണ് ശിക്ഷനടപ്പിലാക്കിയത്. ഖൊറോസാൻ റസാവിയിലെ ക്രിമിനൽ കോടതിയിൽ നിന്നും സുപ്രീം കോടതിയിലേക്ക് കേസ് മാറ്റുകയും കോടതി മരണം വരെ തൂക്കികൊല്ലാൻ വിധിക്കുകയും ആയിരുന്നു.

മഷാഹ് സെൻട്രൽ ജയിലിലാണ് നാലു പേരെയും തൂക്കിലേറ്റിയത്. ഇറാനിയൻ നിയമം അനുസരിച്ച് സ്ത്രീകൾക്കെതിരെയുള്ള കുറ്റങ്ങൾക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് സ്വീകരിക്കുന്നത്.