മാനവികതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ് പാശ്ചാത്യ ലോകം എന്നാണ് പൊതുവേയുള്ള അനുമാനം. ലോകത്തെവിടെ മനുഷ്യാവകാശ ധ്വംസനമുണ്ടായാലും അതിനെതിരെ പ്രതികരണവുമായി ഇവർ എന്നും മുന്നിലെത്താറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിരവധി ധനസഹായങ്ങളും നൽകുന്നുണ്ട്. എന്നാൽ ഇതെല്ലാം ഉള്ളിലൊളിപ്പിച്ച കാട്ടാളത്തം പുറത്തുവരാതിരിക്കാനുള്ള അടവ് മാത്രമാണെന്നാണ് ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മനുഷ്യർ നിസ്സഹായരായി തെരുവിൽ മരിച്ചുവീഴുമ്പോൾ, മനസ്സിൽ മനുഷ്യത്വം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള ആർക്കും രാഷ്ട്രീയത്തിലെ വൃത്തികെട്ട കളികൾ കളിക്കാൻ കഴിയില്ല. അതും, മനുഷ്യ ജീവനുകൾ കൈയിലിട്ട് അമ്മാനമാടിക്കൊണ്ട്. എന്നാൽ, യൂറോപ്യൻ യൂണിയൻ ഇപ്പോൾ ചെയ്യുന്നത് അതാണെന്നാണ് ചില കണക്കുകൾ തെളിയിക്കുന്നത്. ബ്രിട്ടനിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നത് വാക്സിനെടുത്തവരിൽ രക്തം കട്ടപിടിക്കുന്ന സംഭവം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഫൈസറിന്റെ വാക്സിൻ എടുത്തവരിലാണെന്നാണ്.

യൂറോപ്പിൽ കോവിഡിന്റെ മൂന്നാം വരവ് ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരമൊരു അപകടഘട്ടത്തിലാണ് വാക്സിനേഷൻ പദ്ധതി പോലും താറുമാറുകുന്ന വിധത്തിൽ യൂറോപ്പിലെ പതിനാലു രാജ്യങ്ങളിൽ ഓക്സ്ഫോർഡ് അസ്ട്രാസെനെക വാക്സിൻ നിരോധിച്ചിരിക്കുന്നത്. ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്പെയിൻ തുടങ്ങിയ പ്രധാന രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.

മരുന്നുകൾക്ക് അനുമതി നൽകാൻ ഉത്തരവാദിത്തമുള്ള യൂറോപ്യൻ യൂണിയൻ മെഡിസിൻസ് ഏജൻസി പക്ഷെ ഈ നിരോധനത്തിനെ അനുകൂലിക്കുന്നില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്. അസ്ട്രസെനെകയുടെ വാക്സിൻ കടുത്ത പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു എന്നതിന് വേണ്ടത്ര തെളിവുകൾ ഒന്നുംതന്നെ ഇല്ല എന്നാണ് ഏജൻസി പറയുന്നത്. വളരെ കുറച്ചുപേർക്ക് മാത്രമാണ് രക്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. അതും, വാക്സിനുമായി ബന്ധമുണ്ടെന്നുള്ള കാര്യം ഇതുവരെ തെളിഞ്ഞട്ടില്ല. ഇത്തരം സാഹചര്യത്തിൽ അസ്ട്രസെനകയുടെ വാക്സിനുമായി മുന്നോട്ട് പോകണം എന്നാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി അസന്നിഗ്ദമായി പറഞ്ഞത്.

ലോകാരോഗ്യ സംഘടനയും ഈ വാക്സിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ഇന്ത്യയിലും ഇത് നിർമ്മിക്കുന്നുണ്ട്. മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ പദ്ധതിയിലൂടെ ഇന്ത്യയിൽ നിന്നും ലക്ഷക്കണക്കിന് ഡോസുകളാണ് വിവിധ ദരിദ്ര രാജ്യങ്ങളിലേക്ക് സൗജന്യമായി എത്തിച്ചത്. ഫെബ്രുവരി 28 വരെയുള്ള കണക്കനുസരിച്ച് 11.5 മില്ല്യൺ ആളുകൾ ഫൈസറിന്റെ വാക്സിൻ സ്വീകരിച്ചപ്പോൾ അവരിൽ 38 പേർക്കാണ് രക്തം കട്ടപിടിച്ച്ത്. അതേ സമയം അസ്ട്രസെനെകയുടെ വാക്സിൻ എടുത്ത 9.7 മില്ല്യൺ ആളുകളിൽ 30 പേർക്ക് മാത്രമാണ് ഇത്തരത്തിലുള്ള പാർശ്വഫലമുണ്ടായത്.

അതായത്, 3,67,000 വാക്സിനുകൾ നൽകുമ്പോൾ അതിൽ ഒരാൾക്ക് മാത്രമാണ് ഇത്തരത്തിലുള്ള പാർശ്വഫലം ഉണ്ടായിട്ടുള്ളത്. എന്നാൽ, അതുതന്നെ വാക്സിൻ മൂലമാണെന്ന് തെളിയിക്കാൻ ആയിട്ടില്ല. ഇനിയൊരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും, കോവിഡ് ലോകജനതക്ക് മുൻപിൽ ഉയർത്തുന്ന ഭീഷണിയുടെ 1 ലക്ഷം ഭാഗം പോലുമില്ല രക്തം കട്ടപിടിക്കുന്നതുകൊണ്ടുള്ള ഭീഷണി എന്നാണ് ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ വാക്സിനുമായി മുന്നോട്ടു പോകണമെന്ന അവരും ആവശ്യപ്പെടുന്നു.

എന്നാൽ, രാഷ്ട്രീയ നേതൃത്വം പിടിവാശി തുടരുകയാണ്. ബ്രെക്സിറ്റിൽ ബ്രിട്ടന്റെ നിബന്ധനകൾക്ക് വഴങ്ങേണ്ടിവന്നതിന്റെ പ്രതികാരം തീർക്കാം പാവപ്പെട്ട സാധാരണക്കാരുടെ ജീവനാണ് ഈ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്നത് എന്നാണ് പൊതുവെ ഉയരുന്ന വികാരം. മാത്രമല്ല, വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് നേരത്തേ അസ്ട്രസെനെകയുംയൂറോപ്യൻ യൂണിയനും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു.

ശാസ്ത്രലോകവും, ലോകാരോഗ്യ സംഘടനയും എന്തിനധികം, യൂറോപ്യൻ യൂണിയനിൽ മരുന്നുകൾക്ക് അംഗീകാരം നൽകേണ്ട ഏജൻസി വരെ ഓക്സ്ഫൊർഡ് വാക്സിൻ നൽകുന്നതിനെ അനുകൂലിക്കുമ്പോൾ ഭരണകൂടങ്ങൾ മാത്രമാണ് എതിരു നിൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്.