വാഷിങ്ടൺ: ബൈഡൻ- ഹാരിസ് ടീം ഇന്റീരിയൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത ന്യുമെക്സിക്കോയിൽ നിന്നുള്ള ഡമോക്രാറ്റിക് യുഎസ് കോൺഗ്രസ് അംഗം ഡബ് ഹാലൻഡിന്റെ നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു. മാർച്ച് 15 തിങ്കളാഴ്ച സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 51 സെനറ്റർമാർ അനുകൂലമായി വോട്ടു ചെയ്തപ്പോൾ 40 പേർ എതിർത്തു. അമേരിക്കയുടെ ചരിത്രത്തിൽ കാബിനറ്റ് സെക്രട്ടറിയായി നിയമിക്കപ്പെടുന്ന ആദ്യ നാറ്റീവ് അമേരിക്കൻ അംഗമാണ് ഹാലൻഡ്.

ഫോസിൽ ഫ്യുവലിനെകുറിച്ചു ഇവരുടെ പരാമർശനം റിപ്പബ്ലിക്കൻ അംഗങ്ങളുടെ ശക്തമായ വിമർശനത്തിന് വിധേയമായി 47 ഡമോക്രാറ്റിക് അംഗങ്ങളോടൊപ്പം റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിൻഡ്സി ഗ്രാം (സൗത്ത് കരോളിന), സൂസൻ കോളിൻസ് (മയിൻ), ഡാൻ സുള്ളിവാൻ, ലിസ മർക്വോസ്‌ക്കി എന്നിവർ ഹാലന്റിന് അനുകൂലമായി വോട്ടുചെയ്തു. റിപ്പബ്ലിക്കൻ അംഗങ്ങളുടെ പല ചോദ്യങ്ങളിൽ നിന്നും ഇവർ ഒഴിഞ്ഞു മാറി. നാറ്റീവ് അമേരിക്കൻസും, പരിസ്ഥിതി പ്രവർത്തകരും ഹാലന്റിനുവേണ്ടി സമ്മർദം ചെലുത്തിയിരുന്നു.

അരിസോണ സംസ്ഥാനത്തെ വിൻസ്ലോയിൽ 1960 ഡിസംബറിലായിരുന്നു ഇവരുടെ ജനനം. അമേരിക്കൻ മിലിട്ടറിയിൽ സേവനം അനുഷ്ഠിച്ചിരുന്ന മാതാവ് മേരി ടോയക്കൊപ്പം വിവിധ സ്ഥലങ്ങളിൽ താമസിക്കേണ്ടിവന്ന ഹാലന്റ് 13 പബ്ലിക്ക് സ്‌കൂളുകളിൽ പഠിക്കേണ്ട സാഹചര്യം ഉണ്ടായി. ന്യുമെക്സിക്കോയിൽ നിന്നാണ് ഇവർ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ന്യുമെക്സിക്കൊ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. ന്യുമെക്സിക്കൊ ലോ സ്‌കൂളിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. 2015 മുതൽ 17 വരെ ന്യുമെക്സിക്കൊ ഡമോക്രാറ്റിക് പാർട്ടി അധ്യക്ഷയായിരുന്നു.