മുംബൈ: കോവിഡിന്റെ രണ്ടാം ഘട്ടത്തിലും ഹോട്ട്‌സ്‌പോട്ടായി മാറിയ മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,833 പുതിയ കേസുകൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നലെ ഉണ്ടായത്്. 58 മരണവും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച സംസ്ഥാനത്ത് 23,179 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 30 ശതമാനം കൂടുതലാണിത്. കോവിഡിന്റെ പുതിയ വകഭേദമാണ് രോഗികളുടെ എണ്ണം കുതിച്ചുയരാൻ കാരണമെന്നാണ് നിഗമനം. മാർച്ച് ഒന്നിന്, മഹാരാഷ്ട്രയിൽ പോസിറ്റിവിറ്റി നിരക്ക് 11 ശതമാനമായിരുന്നു, ഇപ്പോഴത് 16 ശതമാനത്തിലധികമായി വർധിച്ചു. രാജ്യത്തെ സജീവമായ കോവിഡ് കേസുകളിൽ 60 ശതമാനവും മരണങ്ങളിൽ 45.4 ശതമാനവും മഹാരാഷ്ട്രയിലാണ്.